സ്വാലിഹീങ്ങളുടെ ഖബറുകൾക്ക് ചാരത്തോ അല്ലാതെയോ നിശ്ചിത മഹത്തുക്കളെ അനുസ്മരിക്കാൻ വേണ്ടി വർഷത്തിലൊരിക്കൽ ഒരുമിച്ചു കൂടുന്നതിനെ നമുക്ക് ആണ്ട്നേർച്ച, ഉറൂസ് മുബാറക്, തുടങ്ങിയ പേരുകൾ വിളിക്കാം. എല്ലാ വർഷവും നിശ്ചിത സമയം കണ്ടെത്തിഅതിനായി ജനങ്ങളെ ഒരുമിച്ചുകൂട്ടി കഴിയുന്നത്ര സൽക്കർമ്മങ്ങൾ വർദ്ധിപ്പിച്ചു, അനുസ്മരണ/ ആത്മീയ പ്രഭാഷണങ്ങൾ നടത്തി, പങ്കെടുക്കുന്നവർക്ക് ആത്മീയ ഉന്നമനം നൽകാനുതകുന്ന രീതിയിലാണ് ഇത്തരം പരിപാടികൾ ക്രമീകരിക്കാറുള്ളത്. ചിലയിടങ്ങളിൽ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ വേണ്ടി ഭക്ഷണം തയ്യാറാക്കുകയും അതിലേക്ക് കഴിവുള്ളവർ ആവശ്യമായത് സ്വദഖ ചെയ്യുകയും ചെയ്യാൻ നേർച്ചയാക്കുകയും ചെയ്യുന്ന രീതികൾ കാണാം.
ഇത്തരം സൽ പ്രവർത്തികൾ കൊണ്ട് വിശ്വാസികൾ അവരുടെ പാരത്രിക വിജയവും ആഗ്രഹസഫലീകരണവുമാണ് ലക്ഷ്യമാക്കാറുള്ളത്. അതിനെല്ലാം ഉതകുന്ന ഉത്തമ മജ്ലിസുകളാണ് അനുസ്മരണവേദികളെന്ന് അനുഭവം കൊണ്ടും മുൻഗാമികളിൽ നിന്ന് ലഭിച്ച അറിവ് കൊണ്ടുമാണ് വിശ്വാസികൾ ഇന്നും ആണ്ടു നേർച്ചകൾ സജീവമായി തന്നെ സംഘടിപ്പിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ആവശ്യപ്പെടാതെ തന്നെ സാധുജനങ്ങൾ വേണ്ടതെല്ലാം എത്തിക്കുന്നതും പതിനായിരങ്ങൾ സംബന്ധിക്കുന്നതുമായ നേർച്ചകൾ ഇന്നും സജീവമാണ് എല്ലായിടത്തും നടന്നുവരുന്നു.
മഹാത്മാക്കളുടെ മഖ്റകൾക്കുസമീപ്പം ഇത്തരം കാര്യങ്ങളിലേർപ്പെടുന്നത് പ്രമാണ ബലമുള്ളതാണോ എന്ന് നമുക്ക് പരിശോധിക്കാം.
സ്വഹീഹുൽ ബുഖാരിയിലെ ഒരധ്യായം തന്നെ കാണുക.
بَابُ مَوْعِظَةِ الْمُحَدِّثِ عِنْدَ الْقَبْرِ وَقُعُودِ أَصْحَابِهِ حَوْلَهُ (صحيح البخاري - ط السلطانية:2/96 — البخاري (ت ٢٥٦)
“ഖബറിന്റെ പരിസരത്തു വെച്ചുള്ള പ്രഭാഷണവും അതിനു വേണ്ടി ജനങ്ങൾ ഒരുമിച്ചു കൂടലും പറയുന്ന അധ്യായം”
ഈ അധ്യായത്തിൽ ഇമാം ബുഖാരി(റ) കൊണ്ടുവന്ന ഹദീസ് കാണാം.
عن على بن أبي طالب رضى الله عنه: كُنَّا فِي جَنَازَةٍ في بَقِيعِ الغَرْقَدِ فَأَتَانَا رَسُولُ اللَّهِ صَلَّى اللهُ عليه وسلَّم فَقَعَدَ وَقَعَدْنَا حَوْلَهُ ومِعهُ مِخْصَرَةً فَنَكَّسَ فَجَعَلَ يَنْكُتُ بِمِخْصَرَتِهِ ثُمَّ قَالَ: مَا مِنكُم من أَحَدٍ وما مِن نَفْسٍ مَنْفُوسَةٍ إِلَّا كُتِبَ مَكَانُهَا مِنَ الجَنَّةِ والنَّارِ حَوْلَهُ (صحيح البخاري: رح ١٣٦٢- ط السلطانية:2/96 — البخاري (ت ٢٥٦)
അലി(റ) പറയുന്നു: “ഞങ്ങൾ ജന്നതുൽ ബഖീഇൽ ഒരു ജനാസയിൽ ആയിരുന്നു. നബി(സ്വ) ഞങ്ങളിലേക്ക് കയറിവ ന്നു കൊണ്ട് ഞങ്ങളുടെ കൂടെ നബിയും ഇരുന്നു. അവിടുന്ന് തല താഴ്ത്തികൊണ്ട് വടി നിലത്തു കുത്തികൊണ്ട് പറഞ്ഞു: നിങ്ങളിൽ ഏതൊരാളുടെയും ശരീരവും നരകത്തിലോ സ്വർഗത്തിലോ ആണെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്....” (സ്വഹീഹുൽ ബുഖാരി:1362)
ഈ ഒരൊറ്റ ഹദീസിന് വേണ്ടി മാത്രം ഇമാം ബുഖാരി(റ) ഇത്ര കൃത്യമായി അധ്യായം നൽകുകയാണ്. പല സ്ഥലങ്ങളിലും മുത്ത് നബി (ﷺ) സ്വഹാബതിന് ദീൻ പറഞ്ഞുകൊടുത്തതുണ്ടായിട്ടും ഈയൊരുസംഭവത്തിന് മാത്രം ഇത്ര പ്രാധാന്യത്തോടെ തലക്കെട്ടു നൽകുകയും. റസൂൽ (ﷺ) പ്രഭാഷണം പറഞ്ഞുവെന്നല്ല, പറഞ്ഞത്. مَوْعِظَةِ الْمُحَدِّثِ പ്രാഭാഷകന്റെ പ്രഭാഷണം എന്നാണ് ഇതിലെ തലക്കെട്ട്. ചുറ്റും സ്വഹാബത് കേൾക്കാൻ കൂടിയിരുന്ന രംഗത്തേയും അടിവരയിടുന്നുണ്ട്. ഈ ഹദീസ് ഇമാം നവവി(റ) തന്റെ അദ്കാറിൽ ഉദ്ധരിച്ചു കൊണ്ട് പ്രഭാഷണം, മഹാത്മാക്കളുടെ അനുസ്മരണം, മദ്ഹ്, ഖുർആൻ തുടങ്ങിയവ ഖബറിനു സമീപ്പം സുന്നത്താണെന്ന് വ്യക്തമായി എഴുതിയത് അൽപ്പം മുമ്പ് നാം വായിച്ചു.
ഇനി ആണ്ടുനേർച്ചകളിലുള്ള ഓരോ കാര്യങ്ങളേയും നമുക്ക് പ്രാമാണികവും പൌരാണികവുമായ ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാനാകും. മഹാത്മാക്കളെ അനുസ്മരിക്കുന്നതിനെ കുറിച്ച് വിശദമായി നാം മുമ്പ് ചർച്ചക്കെടുത്തു. ഇനി ബാക്കിയുള്ള കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.
എല്ലാ വർഷവും!?
എല്ലാ വർഷവും മഹാത്മാക്കളെ സ്മരിക്കാൻ പ്രത്യേക പരിപാടി സംഘടിപ്പിക്കാമോ എന്ന് ബിദ്അതുകാർ ചോദിക്കാറുണ്ട്. അവർ സംഘടിപ്പിക്കുന്ന വാർഷികസമ്മേനങ്ങളും അതിൽ നടത്താറുള്ള പലവിധത്തിലുള്ള പരിപാടികൾക്ക് അവർ പ്രതിഫലം ആഗ്രഹിച്ചു തന്നെ പങ്കെടുക്കുകയും സ്വദഖകൾ ചെയ്യുകയും ചെയ്യുന്നതിന് ഒരു വിധത്തിലുള്ള പ്രമാണവും ചിന്തിക്കാറേയില്ല. സുന്നികൾനടത്തുന്ന സൽകർമ്മങ്ങൾക്കേ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ നേതാക്കൾ അവരെ അന്ധമായി വിശ്വസിക്കുന്ന അനുയായികളെ പഠിപ്പിച്ചിട്ടുള്ളൂ..
നമുക്ക് പ്രമാണങ്ങളിലേക്ക് വരാം. മുത്ത്നബി(സ) തന്നെ എല്ലാ വർഷവും മഹത്തുക്കളായ ഉഹ്ദ് ശുഹദാക്കളെ നിശ്ചിത സമയത്ത് സന്ദർശിക്കാറുണ്ടായിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.
ഇമാം ത്വബ്റി(റ)(ഹി.310) ഉദ്ധരിക്കുന്ന ഹദീസ്:
حَدَّثَنَا الْمُثَنَّى، قَالَ: ثنا سُوَيْدٌ، قَالَ: أَخْبَرَنَا ابْنُ الْمُبَارَكِ، عَنْ إِبْرَاهِيمَ بْنِ مُحَمَّدٍ، عَنْ سَهْلِ بْنِ أَبِي صَالِحٍ، عَنْ مُحَمَّدِ بْنِ إِبْرَاهِيمَ، قَالَ: كَانَ النَّبِيُّ ﷺ يَأْتِي قُبُورَ الشُّهَدَاءِ عَلَى رَأْسِ كُلِّ حَوْلٍ فَيَقُولُ: «السَّلَامُ عَلَيْكُمْ بِمَا صَبَرْتُمْ، فَنِعْمَ عُقْبَى الدَّارِ»، وَأَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ ".) تفسير الطبري جامع البيان - ط هجر ١٣/٥١٣ — أبو جعفر ابن جرير الطبري (ت ٣١٠(
“എല്ലാ വർഷാരംഭത്തിലും നബി(സ) ശുഹദാക്കളുടെ ഖബറുകൾക്ക് സമീപ്പം പോവുകയും അവരോട് സലാംപറയുകയും ചെയ്യാറുണ്ടായിരുന്നു. അബൂബക്കർ(റ)വും ഉമർ(റ) വും ഉസ്മാൻ(റ)വും സമാനമായി ചെയ്തിരുന്നു. (തഫ്സീറു ത്വബ് രി/ഇമാം ത്വബ്രി:13/513)
നിരവധി ഇമാമീങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഹ്ദ് ശുഹദാഇന്റെ ഖബറിനു ചാരെയായിരുന്നു പോയിരുന്നതെന്ന് ഇമാം ഇബ്നു ശുബ്ബഃ(ഹി.262) റിപ്പോർട്ട് ചെയ്തത് കാണാം. മുആവിയാ(റ) ഹജ്ജ് കഴിഞ്ഞുവരുന്ന സമയത്തും ഇതുപോലെ സിയാറത് ചെയ്തിരുന്നുവെന്ന് ഈ കിതാബിലുണ്ട്.
قَالَ أَبُو غَسَّانَ: حَدَّثَنِي عَبْدُ الْعَزِيزِ بْنُ عِمْرَانَ، عَنْ مُوسَى بْنِ يَعْقُوبَ الزَّمْعِيِّ، عَنْ عَبَّادِ بْنِ أَبِي صَالِحٍ، " أَنَّ رَسُولَ اللَّهِ ﷺ كَانَ يَأْتِي قُبُورَ الشُّهَدَاءِ بِأُحُدٍ عَلَى رَأْسِ كُلِّ حَوْلٍ فَيَقُولُ: ﴿سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ﴾ [الرعد: ٢٤] قَالَ: وَجَاءَهَا أَبُو بَكْرٍ، ثُمَّ عُمَرُ، ثُمَّ عُثْمَانُ ﵃، فَلَمَّا قَدِمَ مُعَاوِيَةُ بْنُ أَبِي سُفْيَانَ حَاجًّا جَاءَهُمْ قَالَ: وَكَانَ النَّبِيُّ ﷺ إِذَا وَاجَهَ الشِّعْبَ قَالَ: «سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ أَجْرُ الْعَامِلِينَ») تاريخ المدينة لابن شبة ١/١٣٢ — ابن شبة (ت ٢٦٢)
കുറച്ചു കിതാബുകൾ കൂടി:
۞ النوادر والزيادات ١/٦٥٦ — ابن أبي زيد القيرواني (ت ٣٨٦) ۞ تفسير الثعلبي = الكشف والبيان عن تفسير القرآن ٥/٢٨٧ — الثعلبي (ت ٤٢٧) ۞ تفسير الزمخشري الكشاف ٢/٥٢٧ -الزمخشري (ت ٥٣٨) ۞ تفسير القرطبي = الجامع لأحكام القرآن ٩/٣١٢ — القرطبي، شمس الدين (ت ٦٧١) ۞ تفسير النيسابوري = غرائب القرآن ورغائب الفرقان ٤/١٥٥ - النيسابوري، نظام الدين القمي (ت ٨٥٠) ۞ فتوح الغيب في الكشف عن قناع الريب ٨/٥٠٨ — الطيبي (ت ٧٤٣) ۞ الدر المنثور في التفسير بالمأثور ٤/٦٤١ — الجلال السيوطي (ت ٩١١) ۞ حاشية ابن عابدين = رد المحتار ط الحلبي ٢/٢٤٢ — ابن عابدين (ت ١٢٥٢)
മുത്ത് നബി(ﷺ) മഹാത്മാക്കളായ ഉഹ്ദ് ശുഹദാക്കളെ കൃത്യമായ ഇടവേള നിശ്ചയിച്ചുകൊണ്ട് സിയാറത് ചെയ്യാറുണ്ടെന്നത് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. ഖുലഫാഉറാ ശിദുകളായ മൂന്ന് പേരും ഇതേ പാത തുടർന്നു. ഇക്കാലത്തും സമാനമായി വർഷം തോറും പ്രത്യേക മഹാത്മാക്കളെ ചാരെ ഒരുമിച്ചു കൂടുന്ന രീതിയാണ് ഇന്നത്തെ ഉറൂസ് മുബാറകിനും ഉള്ളത്.
ബദ്രീങ്ങളുടെ ആണ്ട്
ബദ്റും ബദ്റീങ്ങളും അനുസ്മരിച്ചു കൊണ്ട് സുന്നികൾ എല്ലാ വർർഷവും ബദ്ർയുദ്ധം നടന്ന ദിവസത്തിൽ ആണ്ട് നടത്തിവരാറുണ്ട്. സ്വഹാബത് തന്നെ വർഷാവർഷം ഈദി നത്തെ പ്രത്യേകം പരിഗണിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ കാണാനാകും. ഒരു സംഭവം കാണുക.
ഹിജ്റ 151 ൽ വഫാതായ ഇബ്‌നു ഇസ്ഹാഖ്(റ) വും ഇമാം ബൈഹഖി(റ) വും രേഖപ്പെടുത്തുന്നു.
نَا يونس ابن بُكَيْرٍ عَنْ قُرَّةَ بْنِ خَالِدٍ قَالَ سَأَلْتُ عَبْدَ الرَّحْمَنِ بْنَ الْقَاسِمِ عَنْ لَيْلَةِ الْقَدْرِ فَقَالَ «كَانَ زيد بن ثابت بعظم سَابِعَ عَشْرَةَ وَيَقُولُ هِيَ وَقْعَةُ بَدْرٍ (سيرة ابن اسحاق = السير والمغازي ١/١٣٠ — محمد بن إسحاق (ت ١٥١) ۞ دلائل النبوة للبيهقي ٣/١٢٧ — أبو بكر البيهقي (ت ٤٥٨ ۞ تاريخ الإسلام - ت بشار ١/٣٠ — شمس الدين الذهبي (ت ٧٤٨) ۞ سير أعلام النبلاء - ط الرسالة سيرة ١/٣٠٧ — شمس الدين الذهبي (ت ٧٤٨)
സ്വഹാബി പ്രമുഖനായ സൈദ്ബ്നു സാബിത്(റ) റമളാൻ പതിനേഴിന്റെ ദിവസത്തെ ആദരിക്കുമായിരുന്നു. അവിടുന്ന് പറയും ഈ ദിവസം ബദ്ർ നടന്ന ദിനമാണ്. (സീറതു ഇബ് നു ഇസ്ഹാഖ്:1/130)(ദലാഇലുന്നുബുവ്വ/ഇമാം ബൈഹഖി (റ):3/127)
ഇമാം ത്വബരി(റ)(ഹി.310) എഴുതുന്നു:
أَخْبَرَنِي أَبِي، عَنْ خَارِجَةَ بْنِ زَيْدٍ، عَنْ زَيْدِ بْنِ ثَابِتٍ، أَنَّهُ كَانَ يُحْيِي لَيْلَةَ سَبْعَ عَشْرَةَ مِنْ شَهْرِ رَمَضَانَ، وَإِنْ كَانَ لَيُصْبِحُ وَعَلَى وَجْهِهِ أَثَرُ السَّهَرِ، وَيَقُولُ: فَرَّقَ اللَّهُ فِي صَبِيحَتِهَا بَيْنَ الْحَقِّ وَالْبَاطِلِ، وَأَعَزَّ فِي صُبْحِهَا الإِسْلامَ، وَأَنْزَلَ فِيهَا الْقُرْآنَ، وَأَذَلَّ فِيهَا أَئِمَّةَ الْكُفْرِ.. (تاريخ الطبري = تاريخ الرسل والملوك، ٢/٤٢٠ — أبو جعفر ابن جرير الطبري (ت ٣١٠)
സൈദ് ബ്നു സാബിത്(റ) റമളാൻ 17 ന്റെ രാത്രികൾ ഹയാതാക്കുമായിരുന്നു. സുബ്ഹിയുടെ സമയം അദ്ദേഹത്തിന്റെ മുഖത്ത് അതിന്റെ അടയാളങ്ങൾ കാണാൻ സാധിക്കും. അവിടുന്ന് പറയും: “ഈ പ്രഭാതത്തിലാണ് അല്ലാഹു സത്യവും അസത്യവും വേർതിരിച്ചത്, ഇസ്‌ലാമിന് ഇസ്സത് ലഭിക്കുകയും കാഫിരീങ്ങളുടെ നേതാക്കളെ പരാജയപ്പെടുത്തിയതും. ഈ ദിനത്തിലാണ്”. (താരീഖുത്വബരി/ഇമാം ത്വബരി:2/420)
അന്നത്തെ സിയാറതുകളിൽ നബി(സ)യും സ്വഹാബതും വയള് നടത്തിയോ!?ഭക്ഷണം വിതരണം ചെയ്തോ!? എന്നിങ്ങ നെയുള്ള ചോദ്യങ്ങൾക്ക് ഇവിടെ അൽപ്പം പോലും പ്രസക്തിയില്ല. ഇത് എല്ലാ വർഷവും നബി(സ) നോമ്പനുഷ്ഠിച്ചുവെന്ന് പറയുമ്പോൾ എല്ലാ വർഷവും എല്ലാ ദിവസവും അവിടുന്ന് അത്താഴം കഴിച്ചോ!? കാരക്ക കൊണ്ടായിരുന്നോ നോമ്പ് തുറന്നത്!? എന്നിങ്ങനെ ചോദിക്കുന്നതിനു സമാനമാണ്. നബി (സ) മഹത്തുക്കളുടെ ഖബറുകൾ വർഷം തോറും സന്ദർഷിച്ചുവെന്നതിനാണ് ആദ്യം നൽകിയ തെളിവ്. വർഷം തോറും വരുന്ന ബദ്ർ ദിനത്തെ പരിഗണിച്ചു, മഹത്വമായി കണ്ടുവെന്നതാണ് മറ്റൊന്ന്. മഹാത്മാക്കളെ സ്മരിക്കാനും അതിന്റെ പേരിൽ ഭക്ഷണം നൽകാനും വേറെ തെളിവുകളുണ്ട്.
ഭക്ഷണം നൽകാമോ!?
ഭക്ഷണം നൽകുന്നത് പൊതുവെ പുണ്യമുള്ള കാര്യമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകൾ പറയേണ്ടതി ല്ലാത്ത വിധം അറിയപ്പെട്ടതാണ്. മഹാത്മാക്കളെ സ്മരിച്ചുകെണ്ടും മരണപ്പെട്ടവരുടെ പേരിലും ഭക്ഷണം നൽകുന്നത് ഇസ്ലാം പ്രേത്സാഹിപ്പിച്ചിട്ടുണ്ട്. മുത്ത് നബി(സ)യുടെ ചാരെ ഉമ്മ മരണപ്പെട്ടെന്ന വിഷമവുമായി വന്ന സ്വഹാബിക്ക് ഉമ്മയുടെ പേരിൽ സ്വദഖ ചെയ്താൽ ആപ്രതിഫലം ഉമ്മക്ക് ലഭിക്കുമെന്ന് പറഞ്ഞ ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ തന്നെ കാണാം. സഅദ്(റ) തന്റെ ഉമ്മക്ക് വേണ്ടി ഒറുകിണർ തന്നെ കുഴിച്ചു നൽകിയ ചരിത്രം ശേഷം വരുന്നുണ്ട്.
മഹാത്മാക്കളെ സ്മരിച്ചു കൊണ്ട് ഭക്ഷണം തയ്യാറാക്കാം എന്നതിനുള്ള വ്യക്തമായ ഹദീസാണ് ഖദീജാ(റ) വിനെ കുറിച്ചുള്ള ബുഖാരിയിലെ ഹീസ്. അതൊന്ന് കൂടെ നോക്കാം
٣٨١٨ - حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ: حَدَّثَنَا أَبِي: حَدَّثَنَا حَفْصٌ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ قَالَتْ: «مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ ﷺ مَا غِرْتُ عَلَى خَدِيجَةَ، وَمَا رَأَيْتُهَا، وَلَكِنْ كَانَ النَّبِيُّ ﷺ يُكْثِرُ ذِكْرَهَا، وَرُبَّمَا ذَبَحَ الشَّاةَ، ثُمَّ يُقَطِّعُهَا أَعْضَاءً، ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ، فَرُبَّمَا قُلْتُ لَهُ: كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ، فَيَقُولُ: إِنَّهَا كَانَتْ، وَكَانَتْ، وَكَانَ لِي مِنْهَا وَلَدٌ) صحيح البخاري: ٣٨١٨ - ط السلطانية ٥/٣٨ - البخاري (ت ٢٥٦(
ആഇശാ(റ) പറയുന്നു: “എനിക്ക് ഖദീജാ(റ)യോട് ഈർശ്യത തോന്നിയതു പോലെ നബി(സ)യുടെ ഭാര്യമാരിൽ ഒരാളോടും തോന്നിയിട്ടുണ്ടാ വില്ല. അവിടുന്ന്(സ) ഖദീജാ(റ)യെ സ്മരിക്കുന്നത് വല്ലാതെ വർദ്ധിപ്പിക്കുമായിരുന്നു. ചിലപ്പോൾ ആടിനെ വരെ അറുക്കും. അത് കഷ്ണങ്ങളാക്കി ഖദീജാ(റ)വിന്റെ കൂട്ടുകാരിലേക്ക് കൊടുത്തയക്കും. ചിലപ്പോൾ നബി(സ)യോട് ഞാൻ പറയും. ഈ ദുൻയാവിൽ ഖദീജാ(റ) അല്ലാതെ മറ്റാരുമില്ലാത്തതു പോലുണ്ടിത്! അവിടുന്ന് വീണ്ടും പറയും. ഖദീജാ(റ) അങ്ങനെയായിരുന്നു, ഇങ്ങനെയായിരുന്നു, അവരിൽ നിന്നെനിക്ക് ഒരു കുഞ്ഞുമു ണ്ടായിരുന്നു (സ്വഹീഹുൽ ബുഖാരി:3818)
മഹാന്മാരെ സ്മരിച്ചു കൊണ്ട് അവരെ ഇഷ്ടപ്പെടുന്ന മുഅ്മിനീങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഇതിലും വലിയ ഒരു തെളിവ് ആവശ്യമില്ല. നബി (സ) യെപിൻപറ്റണമെന്ന് നിരന്തരം പറഞ്ഞുനടക്കുന്ന ബിദ്അതുകാർ അവിടുന്ന് ചെയ്ത ഈ പ്രവർത്തനത്തിന് ശക്തമായി എതിർക്കുന്നവരാണെന്നകാര്യം അറിയാത്തവരുണ്ടാകില്ല.
മഖാമിലേക്ക് നേർച്ച
പുണ്യകർമ്മമായ കാര്യങ്ങളെ ചെയ്യുമെന്ന ദൃഢനിശ്ചയം നടത്തി പ്രഖ്യാപിച്ചുക്കൊണ്ട് നിർബ്ബന്ധമാക്കുന്നതാണ് ഇസ്ലാമിൽ നേർച്ച കൊണ്ടർത്ഥമാക്കുന്നത്. നിർബന്ധമല്ലാത്ത പുണ്യകർമ്മമായ കാര്യങ്ങൾ മാത്രമേ നേർച്ചയാക്കാൻ സാധി ക്കുകയുള്ളൂ.. നേർച്ചയാക്കുന്നതോടുകൂടെ ആകാര്യം നിർബ്ബന്ധമായി തീർന്നു. എന്തെങ്കിലും ഉദ്ദേശ്യം നിറവേറാൻ വേണ്ടി നിശ്ചിത നന്മ ചെയ്യുന്നതു പോലെ നേർച്ച ചെയ്യാലും അനുവ ദനീയമാണ്.നിരവധി ഹദീസുകൾ നേർച്ചയുമായി ബന്ധപ്പെട്ടത് കാണാനാകും.
ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്യുന്നു:
- ٣٣١٤ فَقَالَ: يَا رَسُولَ اللَّهِ، إِنِّي نَذَرْتُ إِنْ وُلِدَ لِي وَلَدٌ ذَكَرٌ أَنْ أَنْحَرَ عَلَى رَأْسِ بُوَانَةَ فِي عَقَبَةٍ مِنَ الثَّنَايَا عِدَّةً مِنَ الْغَنَمِ، قَالَ: لَا أَعْلَمُ إِلَّا أَنَّهَا قَالَتْ: خَمْسِينَ، فَقَالَ رَسُولُ اللَّهِ ﷺ: «هَلْ بِهَا مِنَ الأَوْثَانِ شَيْءٌ؟» قَالَ: لَا، قَالَ: «فَأَوْفِ بِمَا نَذَرْتَ بِهِ لِلَّهِ قَالَتْ: فَجَمَعَهَا فَجَعَلَ يَذْبَحُهَا، فَانْفَلَتَتْ مِنْهَا شَاةٌ، فَطَلَبَهَا وَهُوَ يَقُولُ: «اللَّهُمَّ أَوْفِ عَنِّي نَذْرِي فَظَفِرَهَا فَذَبَحَهَا»،(سنن أبي داود: ر ح: 3314 - أبو داود (ت ٢٧٥(
മൈമൂന(റ) മുത്ത് നബി(സ) യോട് വന്നു ചേദിച്ചു. നബിയേ.. എനിക്കൊരു ആൺകുഞ്ഞ് പ്രസവിച്ചാൽ നിശ്ചിത സ്ഥലത്ത് വെച്ചുകൊണ്ട് ഒത്തിരി ആടുകളെ അറുക്കുവാൻ നേർച്ചയാക്കിയിട്ടുണ്ട്.-50 എണ്ണമാണെന്നാണ് പറഞത്- നബി(സ) ചോദിച്ചു. അവിടെ വല്ല ബിംബവുമുണ്ടോ!? ഇല്ലെന്ന് മറുപടി നൽകി. എന്നാൽ നീ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുക. അവൾ അറുക്കാനൊരുങ്ങിയപ്പോൾ ഒരുആട് ഓടിപ്പോയി. എന്റെ നേർച്ചപൂർത്തിയാകണം റബ്ബേ എന്ന് ദുആ ചെയ്തപ്പോൾ തിരിച്ചുകിട്ടി.(സുനനു അബൂദാവൂദ്:3314)
മറ്റൊരു സംഭവം കാണുക:
٣٣١٣ –حَدَّثَنَا دَاوُدُ بْنُ رُشَيْدٍ، حَدَّثَنَا شُعَيْبُ بْنُ إِسْحَاقَ، عَنِ الْأَوْزَاعِيِّ، عَنْ يَحْيَى بْنِ أَبِي كَثِيرٍ قَالَ: حَدَّثَنِي أَبُو قِلَابَةَ، قَالَ: حَدَّثَنِي ثَابِتُ بْنُ الضَّحَّاكِ، قَالَ: نَذَرَ رَجُلٌ عَلَى عَهْدِ رَسُولِ اللَّهِ ﷺ أَنْ يَنْحَرَ إِبِلًا بِبُوَانَةَ فَأَتَى النَّبِيَّ ﷺ، فَقَالَ: إِنِّي نَذَرْتُ أَنْ أَنْحَرَ إِبِلًا بِبُوَانَةَ، فَقَالَ النَّبِيُّ ﷺ: «هَلْ كَانَ فِيهَا وَثَنٌ مِنْ أَوْثَانِ الْجَاهِلِيَّةِ يُعْبَدُ؟» قَالُوا: لَا، قَالَ: «هَلْ كَانَ فِيهَا عِيدٌ مِنْ أَعْيَادِهِمْ؟»، قَالُوا: لَا، قَالَ رَسُولُ اللَّهِ ﷺ: «أَوْفِ بِنَذْرِكَ، فَإِنَّهُ لَا وَفَاءَ لِنَذْرٍ فِي مَعْصِيَةِ اللَّهِ، وَلَا فِيمَا لَا يَمْلِكُ ابْنُ آدَمَ» )سنن أبي داود - ت محيي الدين عبد الحميد ٣/٢٣٨ — أبو داود (ت ٢٧٥ (حكم الألباني: صحيح] (المعجم الكبير للطبراني ٢/٧٥ — الطبراني (ت ٣٦٠) (السنن الصغير للبيهقي ٤/١٢٠ — أبو بكر البيهقي (ت ٤٥٨)
നബി(സ) യുടെ കാലത്ത് ഒരാൾ ബുവാനയിൽ വെച്ചുകൊണ്ട് ഒട്ടകത്തെ അറുത്തു നൽകാൻ നേർച്ചയാക്കി, അതിനെ കുറിച്ചു ചോദിക്കാൻ മുത്ത്നബി(സ)യുടെ ചാരെയെത്തി. നബി(സ) ചോദിച്ചു. “അവിടെ ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവുമുണ്ടോ!?” ഇല്ലെന്ന് പറഞ്ഞപ്പോൾ “അവിടെ അവരുടെ വല്ല ആഘോഷവുമുണ്ടോ!?” ഇല്ലെന്ന് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു.“എങ്കിൽ നീ നേർച്ചയാക്കിയത് വീട്ടാം. തെറ്റായ കാര്യങ്ങളിലോ ഒരാൾക്കും ഉടമസ്ഥതയില്ലാത്തതിലോ നേർച്ചയാക്കിയത് വീട്ടാൻ പാടുള്ളതല്ല.” (അബൂ ദാവൂദ്:3313)
ചുരുക്കത്തിൽ നേർച്ചയാക്കുന്നത് -അത് ആവശ്യങ്ങൾ നിറവേറാൻ വേണ്ടിയാണെങ്കിലും ഇസ്ലാമിന്റെ തുടക്കകാലഘ ട്ടത്തിലേയുള്ള കാര്യമാണ്. പുണ്യകർമ്മമായ/ പ്രതിഫലാർഹമായ കാര്യങ്ങളേ നേർച്ചയാക്കാൻ സാധിക്കുകയുള്ളൂ. അതിൽ മറ്റു ആരാധ്യവസ്തുക്കൾക്ക് വേണ്ടിയുള്ള നേർച്ചയാണ് വിരോധിക്കപ്പെട്ടത്. അതിനാലാണ് അങ്ങനെ തന്നെ നബി(സ) അന്വേശിച്ചത്.
മഹാത്മാക്കളുടെ മഖാമുകൾ പരിപാലിക്കലും അവിടെ വരുന്നവർക്ക് സിയാറതിന് അവസരം നൽകലും പുണ്യകർമ്മമാണെന്ന് ശാഫിഈ മദ്ഹബിലെ ശൈഖാനി എന്നറിയപ്പെടുന്ന ഇമാം നവവി(റ)വും ഇമാം റാഫിഈ(റ) ഒരേ സ്വരത്തിൽ പറഞ്ഞത് നാം വായിച്ചു. സ്വാഭാവികമായി മറ്റുവിഷയങ്ങളിലേക്ക് നേർച്ചയാക്കുന്നതു പോലെ തന്നെ ഈ പരിപാലനങ്ങ ൾക്കാവശ്യമായ ചിലവുകളിലേക്ക് നേർച്ചയാക്കുന്ന സംബ്രദായം എല്ലാ മഖാമുകളിലും പഴയകാലം മുതലേ കാണപ്പെടുന്ന കാര്യമാണ്. സമാനമായി തന്നെ മഹാത്മാക്കളെ അനുസ്മരിക്കുകയെന്ന വളരെ പുണ്യമേറിയ സദസ്സുകളിൽ പങ്കെടുക്കുന്നവർക്കും നേർച്ചയാക്കുന്നത് സാധാരണയാണ്.
മഹാത്മാക്കളുടെ മഖാമുകൾക്കോ സ്മരണകൾക്കോ യാതൊരു സ്ഥാനവും വിശ്വസിക്കാത്ത ബിദ്അതുകാർ ആകെയു ള്ള പിടിവള്ളിയായി നേർച്ച ചെയ്യുന്നവർ പറയുന്ന ‘ഇത് ഇന്ന മഹാനുള്ള നേർച്ചയാണ്’ തുടങ്ങിയപ്രയോഗങ്ങളെ വളച്ചൊടിച്ചുകൊണ്ട് സുന്നികളെ ശിർക്കാരോപിക്കാറുണ്ട്. ഒരു യത്തീമിന്റെ വീടുനിർമ്മാണത്തിന് നേർച്ചയാക്കുന്നവൻ ‘ഈ പണം ആ യതീമിനുള്ള നേർച്ചയാണെ’ന്ന് പറഞ്ഞാൽ അതല്ലാഹുവല്ലാത്തവർക്കുള്ള നേർച്ചയാകുമോ!? ഇല്ല. ഇതേരൂപമാണ് മഹത്തുക്കളുടെ പേരിൽ നടക്കുന്ന അനുസ്മരണ സദസ്സിന്റെ ചി ലവിലേക്ക് നേർച്ചയാക്കുന്നതു കൊണ്ടും മുഅ്മിനീങ്ങൾ ല ക്ഷ്യമാക്കുന്നത്. സഅ്ദ്(റ) തന്റെ മരണപ്പെട്ട ഉമ്മയുടെ പേരി ൽ വെള്ളം ഇതേ ശൈലിയിലാണ്.
ഇമാം അബൂദാവൂദ്(റ) റിപ്പോർട്ട് ചെയ്യുന്ന സ്വഹീഹായ ഹദീസ് കാണുക:
١٦٨١عَنْ سَعْدِ بْنِ عُبَادَةَ أَنَّهُ قَالَ: يَا رَسُولَ اللهِ، إِنَّ أُمَّ سَعْدٍ مَاتَتْ فَأَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: الْمَاءُ ، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْدٍ(سنن أبي داود:١٦٨١) (النسائي: ٣٦٦٦) (ابن ماجه :٣٦٨٤)، (وأحمد: ٢٣٨٤٥)
മരണപ്പെട്ട തന്റെ ഉമ്മക്കു വേണ്ടി ഏത് സ്വദഖയാണ് ഉത്തമമെന്ന് സഅ്ദ്(റ) മുത്ത്നബി(സ)യോട് ചേദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു, “വെള്ളം നൽകലാണ്” സഅ്ദ്(റ) ഒരു കിണർ കുഴിച്ചുകൊണ്ട് പറഞ്ഞു. “ഇത് സഅ്ദിന്റെ ഉമ്മക്കുള്ള കിണറാണ്.”(അബൂദാവൂദ്:1681)
ഇവിടെ പ്രയോഗിച്ച പ്രയോഗം “മരണപ്പെട്ട ഉമ്മു സഅ്ദിനുള്ളതാണ്” എങ്കിൽ പോലും അത് കൊണ്ടുദ്ദേശിച്ചത് അവർക്ക് വേണ്ടി ഹദിയ ചെയ്തതാണ് എന്നാണ്. ഇതാണ് ബദ്രീങ്ങൾക്കുള്ള ആട്/കോഴി തുടങ്ങിയവ നേർച്ചയാക്കുമ്പോഴും ഉപയോഗിക്കുന്ന പദം കൊണ്ടും ഉദ്ദേശിക്കപ്പെടുന്നത്. അതായത് പേരിൽ നടത്തുന്ന സദസ്സിന്റെയോ സിയാഖതിന് വരുന്ന മഖ്ബറയുടെയോ ചിലവിലേക്കുള്ള പണമാണ് ലക്ഷ്യം. അതിനു പുറമെ, ഈ ഹദീസിലുള്ളതു പോലെ മറ്റൊരു ആത്മീയമായ ലക്ഷ്യവും ആവാം.
മുത്ത് നബി(സ)യുടെ കാലത്തേയുള്ള ഈ പ്രയോഗം കത്യമായി ഫുഖഹാക്കൾ മനസ്സിലാക്കിയിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട മൂന്ന് ഗ്രന്ഥങ്ങളും എഴുതുന്നു:
لَوْ نَذَرَ لِوَلِيِّ مَيِّتٍ بِمَالٍ فَإِنْ قَصَدَ أَنَّهُ يَمْلِكُهُ لَغَا وَإِنْ أَطْلَقَ فَإِنْ كَانَ عَلَى قَبْرِهِ مَا يَحْتَاجُ لِلصَّرْفِ فِي مَصَالِحِهِ صُرِفَ لَهَا وَإِلَّا فَإِنْ كَانَ عِنْدَهُ قَوْمٌ اُعْتِيدَ قَصْدُهُمْ بِالنَّذْرِ لِلْوَلِيِّ صُرِفَ لَهُمْ(تحفة المحتاج في شرح المنهاج ٦/٣١٦ — ابن حجر الهيتمي (ت ٩٧٤) (نهاية المحتاج إلى شرح المنهاج ٥/٤٢٥ — الرملي، شمس الدين (ت ١٠٠٤) (فتح المعين بشرح قرة العين ١/٣٩٩ — زين الدين المعبري (ت ٩٨٧)
“മരണപ്പെട്ടുപോയ ഒരു വലിയ്യിന് വേണ്ടി നേർച്ചയാക്കുകയാണെങ്കിൽ ആ നേർച്ച കൊണ്ട് അവന്റെ ഉദ്ദേശം ആ നേർച്ച വസ്തു മരണപ്പെട്ട വലിയ്യ് ഉടമയാക്കും എന്നാണെങ്കിൽ ആ നേർച്ച പാഴായിപ്പോകും! ഇനി നിരുപാധികം (ഒരു മേഖലയും കരുതാതെ) ഒരു വലിയ്യിന് നേർച്ചയാക്കുമ്പോൾ സാധാരണ നിലക്ക് അദ്ദേഹത്തിന്റെ ഖബറിന് കീഴിലുള്ള നല്ല പ്രവർത്തനങ്ങൾക്കാണ് നേർച്ച മുതൽ ഉപയോഗിക്കാറുള്ളതെങ്കിൽ അതിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്. ഇനി നിരുപാധിക നേർച്ചകൊണ്ട് ഖബറിന് പരസരത്തുള്ളവരെയാണ് ലക്ഷ്യമാക്കാറുള്ളതെങ്കിൽ അവർക്കാണ് നൽകേണ്ടത്.” (തുഹ്ഫ:6/ 316) (നിഹായ:5/425) (ഫത്ഹുൽ മുഈൻ:399)
നേർച്ച ശരിയാവണമെന്നുണ്ടെങ്കിൽ തന്നെ അത് പുണ്യകർമ്മമായിരിക്കണമെന്ന് നാം മുമ്പ് വ്യക്തമാക്കിയിരുന്നു. സു ന്നത്തായ കാര്യത്തെ ഏറ്റെടുത്ത് നിർബ്ബന്ധമാക്കുന്നതാണ് നേർച്ചയെന്നത് കൊണ്ട് തന്നെ ഇത്തരം മഖാമുകളിലേക്കും അതിനുകീഴിലുള്ള സംരംബങ്ങൾക്കും നേർച്ചയാക്കുന്നത് പുണ്യകർമ്മമാണ്. ഇത്തരം നേർച്ചകളിൽ പങ്കാളിയാകുന്നതിന് വലിയ ഫലമുണ്ടായതു കാരണവുമാണ് ഇത്തരം പരിപാടികളിലേക്ക് എല്ലാ വർഷവും പലവിധത്തിലുള്ള ലക്ഷ്യ സാഫല്യങ്ങൾക്കു വേണ്ടി ജനങ്ങൾ നേർച്ച നൽകുന്നതും. ചില ലക്ഷ്യങ്ങൾക്ക് ഇതുപോലുള്ള ചിലപ്രത്യേക സ്ഥലങ്ങളിലേക്ക് ഭക്ഷണം മുതലായവ നൽകാൻ നേർച്ചയാക്കുന്ന ശൈലിയും അതുകാരണം പെട്ടൊന്ന് തന്നെ റബ്ബ് ആ ആവശ്യം നിറവേറ്റി നൽകുന്ന സംഭവങ്ങളും സ്ഥലങ്ങളുമുണ്ട്. അതെല്ലാം ജനങ്ങൾ പരീക്ഷിച്ചറിഞ്ഞ ചില സബബുകളും യാഥാർത്ഥ്യങ്ങളുമാണ്. ബിദ്അതുകാരുടെ നേതാവായ ഇബനു തൈമിയ്യ പോലും ഇതു പോലുള്ള അനുഭവം കൊണ്ട് സ്ഥിരപ്പെട്ട ചില പ്രത്യേക ആയതുകളും ദിക്റുകളും ചില രോഗങ്ങൾ സുഖപ്പെടാനും മറ്റും നിർദ്ദേശിക്കുന്നുണ്ട്. അതെല്ലാം പ്രമാണത്തിൽ ഉണ്ടായാലേ ശരിയാവുകയുള്ളൂവെന്നത് ഇബ്നു തൈമിയ്യക്ക് പോലും ഇല്ലാത്ത ആദർശമാണ്. മറിച്ച് ഇത്തരം ദിക്ർ/ ആയതുകൾ ചെല്ലിയപ്പോൾ പതിവായി നിശ്ചിത ഗുണങ്ങൾ ലഭിച്ചു/ലഭിച്ചു കൊണ്ടിരിക്കുന്നു എന്ന അനുഭവങ്ങൾ മാത്രമാണ് അത് ചെയ്യാനുള്ള പ്രേരണ. അത് ദീൻ വിലക്കുന്നതുമല്ല.
ചരിത്രത്തിലും നേർച്ചകൾ നടക്കുന്ന ഖബറിടങ്ങളും ചില ഖബറുകളിലേക്ക് നേർച്ചയാക്കിയാൽ കിട്ടുന്ന ഫലങ്ങളും കാണാനാകും. ഹിജ്റ 342ൽ വഫാതായ ഖാളി അബുൽ ഖാസിമു തനൂഖി(റ) പറഞ്ഞ വലിയൊരു ചരിത്രം ഖതീബുൽ ബഗ്ദാദി(റ)(ഹി.463) ഉദ്ധരിക്കുന്നതിൽ നിന്ന്.
حَدَّثَنِي الْقَاضِي أَبُو القاسم عَلِيّ بْن المحسن التنوخي، قَالَ: حَدَّثَنِي أَبِي، قَالَ: كنت جالسا بحضرة عضد الدولة..... فوقع طرفه على البناء الذي على قبر النذور، فقال لي: ما هذا البناء؟ فقلت: هذا مشهد النذور، ولم أقل قبر لعلمي بطيرته من دون هذا، فاستحسن اللفظة، وَقَالَ: قد علمت أنه قبر النذور، وإنما أردت شرح أمره. فقلت: هذا يقال: إنه قبر عبيد الله بْن مُحَمَّد بْن عُمَر بْن عَلِيّ بْن الحسين بْن عَلِيّ بْن أَبِي طالب....... وإنما شهر بقبر النذور لأنه ما يكاد ينذر له نذر إلا صح، وبلغ الناذر ما يريد ولزمه الوفاء بالنذر، وأنا أحد من نذر له مرارا لا أحصيها كثرة، نذورا على أمور متعذرة، فبلغتها ولزمني النذر فوفيت به. (تاريخ بغداد ت بشار ١/،٤٤٧،٤٤٦ — الخطيب البغدادي (ت ٤٦٣)
ഇബ്നു ഖാസിം(റ) തന്റെ ഉപ്പ പറഞ്ഞതായി പറയുന്നു. ഞാൻ നേർച്ച ഖബർ എന്നറിയപ്പെടുന്ന ഒരു ഖബറിന് ചാരെയിരിക്കുമ്പോൾ ഒരാൾ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇത് നേർച്ച ഖബർ എന്ന പേരിലറിയപ്പെടുന്ന ഖബറാണ്. ഉബൈദുല്ലാഹ്(റ) എന്ന മഹാന്റെ ഖബറാണെന്ന് പറയപ്പെടുന്നു. നേർച്ച ഖബറെന്ന് ഇത് അറിയപ്പെടാൻ കാരണം ഈ ഖബറിന് വേണ്ടി എന്തുദ്ധേശത്തിൽ നേർച്ചയാക്കിയാലും അത് നിറവേറുക തന്നെ ചെയ്യും. ഞാൻ അത് പലപ്രാവശ്യം പരീക്ഷിച്ചറിഞ്ഞയാളാണ്...(താരീഖു ബഗ്ദാദ്/ ഇമാം ഖത്വീബുൽ ബഗ്ദാദി(റ):1/446,447)
അല്ലാഹുവല്ലാത്തവർക്ക് അറവ്
മഹാത്മാക്കൾക്കുവേണ്ടിയുള്ള നേർച്ചകൊണ്ട് എന്താണർത്ഥമാക്കാറുള്ളതെന്ന് കൃത്യമായി വിശദീകരിച്ചു. പ്രത്യേക ലക്ഷ്യ സാഫല്യത്തിനു വേണ്ടിയാണെങ്കിൽ പോലും നേർച്ച ശരിയാകുമെന്ന് മുകളിൽ നൽകിയ ഹദീസിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതുതന്നെയാണ് നേർച്ചകളിലേക്ക് വേണ്ടി അറുക്കുന്ന വിശ്വാസികൾക്കും ഉദ്ധേശ്യമുള്ളത്. ഒരു മഹാത്മാവിന്റെ മഖാമിൽ വരുന്നവർക്ക് ഭക്ഷിക്കാൻ വേണ്ടി അറവു നടത്തുന്നതിനെ ആ മഹാനുവേണ്ടിയുള്ള അറവാണെന്നു പറഞ്ഞു ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഒരു കുട്ടിയുടെ പേരിൽ ഹഖീഖത് അറുക്കുന്നതും ഇവരുടെ ഭാഷയിൽ അല്ലാഹുവല്ലാത്തവരുടെ പേരിലും അല്ലാഹുവല്ലാത്തവർക്കുവേണ്ടിയുമുള്ള അറിവും ശിർക്കുമായിത്തീരും. കാരണം ഇവർക്ക് വാക്കുകളിൽ പിടിച്ചെങ്കിലും സുന്നികളെ മുഷ്രികാക്കുക എന്ന ലക്ഷ്യമേ ബാക്കിയുള്ളൂ..
ഇതിനായി ഇവർ പല ഇബറതുകളും തെറ്റുദ്ധരിപ്പിക്കാറുണ്ട്. ഇമാംറാസി(റ) പറഞ്ഞതും ഇമാം ഇബ്നുഹജറുൽ ഹൈതമി(റ) തന്റെ സവാജിറിൽ രേഖപ്പെടുത്തിയതുമായ ഇബാറത് ഇവർ ഇതിനായി അർത്ഥം തന്നെ മാറ്റി വെക്കാറുണ്ട്. അത് കാണുക
قَالَ الْعُلَمَاءُ: لَوْ أَنَّ مُسْلِمًا ذَبَحَ ذَبِيحَةً، وَقَصَدَ بِذَبْحِهَا التَّقَرُّبَ إِلَى غَيْرِ اللَّهِ صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ، )تفسير الرازي = مفاتيح الغيب ٥/١٩٢ — الفخر الرازي (ت ٦٠٦(
ഉലമാക്കൾ പറഞ്ഞിട്ടുണ്ട്: “ഒരു മുസ്ലിം ഒരു മൃഗത്തെ അറുക്കുമ്പോൾ അതുകൊണ്ടവൻ അല്ലാഹുവല്ലാത്തവരുടെ സാ മീപ്യമാണ് ഉദ്ദേശിച്ചതെങ്കിൽ അവൻ ഇസ്ലാമിൽ നിന്ന് തന്നെ പുറത്തുപോകും. അവൻ അറുത്തത് മുർതദ്ദ് അറുത്തതിന്റെ വിധിയുമാണ്.”(തഫ്സീറു റാസി/ഇമാം റാസി:5/192)
ഇവിടെ التَّقَرُّبَ എന്ന പദത്തിന് സാമീപ്യം എന്ന വെറും ഡിക്ഷണറി അർത്ഥമാണിവർ നൽകിയിരിക്കുന്നത്. التَّقَرُّبَ എന്ന പദത്തിന് ആരാധന/ ഇബാദത് എന്ന അർത്ഥമാണ് നേർച്ചയുടെ ബാബിൽ തന്നെ സകല ഫുഖഹാക്കളും നൽകിയിട്ടുള്ളത്.
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) തന്നെ بِالْتِزَامِ الْقُرْبَةِ ഒരു ‘ആരാധനയെ’ നിർബ്ബന്ധമാക്കുക,ഫത്ഹുൽ മുഈനിൽ التزام مكلف قربة لم تتعين വ്യക്തിപരമായി നിർബന്ധമില്ലാത്ത ഒരു ‘ആരാധന’യെ നിർബന്ധമാക്കുക എന്നിങ്ങനെയാണ് നേർച്ചയെ കുറിച്ച് പരിചപ്പെടുത്തിയത്. അവിടെയെല്ലാം الْقُرْبَةِ എന്ന പദത്തിനർത്ഥം ‘ആരാധന’ എന്നതാണ്. ഈ الْقُرْبَةِ അല്ലാഹു അല്ലാത്തവർക്ക് വേണ്ടി നിർവ്വഹിക്കലാണ് التَّقَرُّبَ إِلَى غَيْرِ اللَّهِ എന്നതു കൊണ്ട് അർത്ഥമാക്കുന്നതെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ അൽപ്പമെങ്കിലും പരിചയമുള്ളവർക്ക് മനസ്സിലാക്കാനാകും.
ഇമാം നവവി(റ) വിന്റെ ശറഹു മുസ്ലിമിലെ സമാനമായ പ്രയോഗം എടുത്തുകൊണ്ടും ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കാറുണ്ട്. അവിടുന്ന് തന്റെ പ്രധാന കർമ്മശാസ്ത്ര ഗ്രന്ഥമായ റൗള യിൽ കൃത്യമായി വിവരിക്കുന്നു.
وَاعْلَمْ أَنَّ الذَّبْحَ لِلْمَعْبُودِ وَبِاسْمِهِ، نَازِلٌ مُنْزِلَةِ السُّجُودِ لَهُ، وَكُلُّ وَاحِدٍ مِنْهُمَا نَوْعٌ مِنْ أَنْوَاعِ التَّعْظِيمِ وَالْعِبَادَةِ الْمَخْصُوصَةِ بِاللَّهِ تَعَالَى الَّذِي هُوَ الْمُسْتَحِقُّ لِلْعِبَادَةِ، فَمَنْ ذَبَحَ لِغَيْرِهِ مِنْ حَيَوَانٍ أَوْ جَمَادٍ كَالصَّنَمِ عَلَى وَجْهِ التَّعْظِيمِ وَالْعِبَادَةِ، لَمْ تَحِلَّ ذَبِيحَتُهُ، وَكَانَ فِعْلُهُ كُفْرًا، كَمَنْ سَجَدَ لِغَيْرِهِ سَجْدَةَ عِبَادَةٍ، وَكَذَا لَوْ ذَبَحَ لَهُ وَلِغَيْرِهِ عَلَى هَذَا الْوَجْهِ، فَأَمَّا إِذَا ذَبَحَ لِغَيْرِهِ لَا عَلَى هَذَا الْوَجْهِ، بِأَنْ ضَحَّى أَوْ ذَبَحَ لِلْكَعْبَةِ تَعْظِيمًا لَهَا لِأَنَّهَا بَيْتُ اللَّهِ تَعَالَى، أَوِ الرَّسُولِ لِأَنَّهُ رَسُولُ اللَّهِ ﷺ، فَهَذَا لَا يَجُوزُ أَنْ يَمْنَعَ حِلَّ الذَّبِيحَةِ، وَإِلَى هَذَا الْمَعْنَى، يَرْجِعُ قَوْلُ الْقَائِلِ: أَهْدَيْتُ لِلْحَرَمِ، أَوْ لِلْكَعْبَةِ، وَمِنْ هَذَا الْقَبِيلِ، الذَّبْحُ عِنْدَ اسْتِقْبَالِ السُّلْطَانِ، فَإِنْهُ اسْتِبْشَارٌ بِقُدُومِهِ، نَازِلٌ مَنْزِلَةَ ذَبْحِ الْعَقِيقَةِ لِوِلَادَةِ الْمَوْلُودِ، وَمِثْلُ هَذَا لَا يُوجِبُ الْكُفْرَ، ) روضة الطالبين وعمدة المفتين ٣/٢٠٦ — النووي (ت ٦٧٦)
“ആരാധിക്കപ്പെടുന്ന വസ്തുവിനോ അതിന്റെ പേരിലോ ഉള്ള നേർച്ച അവക്കുവേണ്ടി സുജൂദ്ചെയ്യുന്നത് പോലെയാണ്. അത് രണ്ടും അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ആദരവും ആരാധനയും മറ്റുള്ളതിന് നൽകുന്ന ഗണത്തിൽപെടും.അതിനാൽ ആരെങ്കിലും അല്ലാഹുവല്ലാത്ത ഒരു ജീവിക്കോ ബിംബത്തെ പോലുള്ള ജീവനില്ലാത്തതിനോ ആരാധനയോ ഇപ്പറഞ്ഞ ആദരവോ ആയ നിലക്ക് അറുത്താൽ ആ അറുക്കപ്പെട്ടത് അനുവദനീയമല്ല. അവന്റെ പ്രവർത്തി കുഫ്റായിത്തീരും. ഇനി, ഈരൂപത്തിലല്ലാതെ അല്ലാഹുവിന്റെ ഭവനമാണെന്ന ആദരവ് കൽപ്പിച്ചുകൊണ്ട് കഅ്ബക്കു വേണ്ടിയോ, അല്ലെങ്കിൽ അല്ലാഹുവിന്റെ റസൂലാണെന്ന ആദരവ് കൽപ്പിച്ചു കൊ ണ്ട് മുത്ത്നബി(സ)ക്ക് വേണ്ടിയോ അറവ് നടത്തിയാൽ അത് അത് അനുവദനീയമാകുന്നതിന് തടസ്സമാവുകയില്ല. ഈ അർത്ഥത്തിലാണ് ‘ഹറമിന് ഞാൻ അറുത്തുകൊടുത്തു, കഅ്ബക്കുവേണ്ടി ഞാൻ അറുത്തുനൽകി’ തുടങ്ങിയ പ്രയോഗങ്ങൾ. ഇതുപോലെയാണ് രാജാവ് വരുമ്പോൾ അതിന്റെ സന്തോഷത്തിനു വേണ്ടിയുള്ള അറവുകളും. ഇതല്ലാം കുട്ടികളുടെ പേരി ൽ ഹഖീഖത് അറുത്തുകൊടുക്കുന്നതിന്റെ സ്ഥാനത്താണ്. ഇതുപോലുള്ളതൊന്നും കുഫ്റാവുകയില്ല. (റൗളതു ത്വാലിബീ ൻ/ഇമാം നവവി(റ):3/206)
ഒപ്പം ഇമാം നവവി(റ) എഴുതുന്നു:
وَوَقَعَتْ مُنَازَعَةٌ بَيْنَ جَمَاعَةٍ مِمَّنْ لَقِينَاهُمْ مِنْ فُقَهَاءِ قَزْوِينَ فِي أَنَّ مَنْ ذَبَحَ بِاسْمِ اللَّهِ وَاسْمِ رَسُولِ اللَّهِ ﷺ، هَلْ تَحِلُّ ذَبِيحَتُهُ؟ وَهَلْ يَكْفُرُ بِذَلِكَ؟ وَأَفْضَتْ تِلْكَ الْمُنَازَعَةُ إِلَى فِتْنَةٍ، وَالصَّوَابُ مَا بَيَّنَاهُ )روضة الطالبين وعمدة المفتين ٣/٢٠٦ — النووي (ت ٦٧٦)
ഇകാലത്ത് ഖസവീനിലുള്ള ഫുഖഹാക്കൾക്കിടയിൽ അല്ലാഹുവിന്റെ പേരിൽ അറുത്തത്, നബി(സ)യുടെ പേരിൽ അറുത്തത് എന്ന വിഷയത്തെ ചൊല്ലി തർക്കങ്ങളുണ്ടായി. നബി (സ)യുടെ പേരിലറുത്തത് കഴിക്കാമോ!? അതുകൊണ്ടൊരാൾ കാഫിറാകുമോ!? എന്ന ഈ തർക്കം ഒരുപാട് ഫിത്നക്ക് കാരണമായി. ഇതിലെ ശരിയായ വശം ഞാൻ ഈ മുകളിൽ വിശ ദീകരിച്ചതാണ്. (റൗളതു ത്വാലിബീൻ/ഇമാം നവവി(റ):3/206)
വളരെ കൃത്യമായിട്ടാണ് ഇമാം നവവി(റ) ഇവിടെ രണ്ടുതരം ആദരുവകളെയും അടിവരയിട്ട് പഠിപ്പിച്ചത്. ഒന്ന് അല്ലാഹുവിന് മാത്രം പ്രത്യേകമായ ആരാധനയുടെ പരിധിയിൽ വരുന്ന ആദരവാണ്. റസൂലിന് റസൂലിന്റെ സ്ഥാനവും കഅ്ബക്ക് കഅ്ബയുടെ സ്ഥാനവും നൽകിക്കൊണ്ടുള്ള ആദരവ് ഇസ്ലാം അംഗീകരിക്കുന്ന ആദരവാണ്. ആ ആദരവ് അറവിന്റെ സമയത്തുപോലും കുഴപ്പമില്ലെന്ന് വ്യക്തമാക്കി പഠിപ്പിച്ചു.
നേർച്ചയിലെ അനാചാരങ്ങൾ
ഇക്കാലത്ത് ഏതു നല്ലകാര്യത്തെകുറിച്ചു പറയുമ്പോഴും പ്രത്യേകമായി ചർച്ചക്കെടുക്കേണ്ട കാര്യമാണ് അനാചാരങ്ങൾ. വിവാഹം എത്രമാത്രം പവിത്രമായ ആചാരമാണെങ്കിലും പല സ്ഥലങ്ങളിലും നടക്കുന്ന ധൂർത്തുകളും അനാചാരങ്ങളും പ്രത്യേകം എതിർക്കപ്പെടേണ്ടതുതന്നെയാണ്. ഇതുപോലെയാണ് മഖ്ബറകളിലെ നേർച്ചയുടെ സദസ്സും. പരിശുദ്ധ ഖുർആനും പ്രഭാഷണവും മറ്റു നല്ല കാര്യങ്ങളും നടക്കുന്ന നേർച്ചകളെ ഒന്നടങ്കം എതിർക്കുന്ന ബിദ്തുകാർക്ക് യഥാർത്തിൽ അതിലെ അനാചാരങ്ങളെ മാത്രം എതിർക്കാൻ അവകാശമില്ല. കാരണം, അവിടെ ഖുർആൻ ഓതുന്നതും, പ്രഭാഷണം നടത്തുന്നതും സിയാറതിന്റെ കേന്ദ്രമാക്കുന്നതും എല്ലാം ഇവർക്ക് ആന, വാദ്യമേളങ്ങൾ പോലുള്ള അനാചാരമാണ്. അല്ലെങ്കിൽ ഇവർ അവിടെ നടക്കുന്ന നല്ല കാര്യങ്ങളെ എതിർക്കാനാണ് ആദ്യം തുനിയേണ്ടത്. കാരണം അതല്ലാത്ത തിന്മകളെ എതിർക്കാൻ സുന്നികൾ തന്നെ എക്കാലത്തും മുൻപന്തിയിലുണ്ടായിട്ടുണ്ട്.
മഹാത്മാക്കളെ സ്മരിക്കുന്നിടത്ത് റഹ്മത് ഇറങ്ങുമെന്ന് വിശദമായി നാം പറഞ്ഞിരുന്നു. അതുതന്നെ ബറകതിന്റെ കേന്ദ്രമായ അവരുടെ ഖബറുകൾക്ക് സമീപ്പമാകുമ്പോൾ അതിന്റെ മഹത്വം ചെറുതല്ല. അതിനെല്ലാം പുറമെമഖാമുകൾ പൂർണ്ണ അദബുകൾ പാലിച്ചു ബഹുമാനിക്കപ്പെടേണ്ടകേന്ദ്രങ്ങളാണ്. അവിടെ എന്തെല്ലാമാണ് നടക്കേണ്ടതെന്ന് വരെ മുൻഗാമികളായ അഇമ്മത് പഠിപ്പിച്ചുതന്നത് വിശദമായി മുമ്പ് ചർച്ച ചെയ്തു. ഈ സ്ഥാനത്ത് കടുത്ത തിന്മകളും കൂത്താട്ടവും നടത്തുന്നത് കൂടുതൽ ഗൗരവമേറിയ തെറ്റാണ്. മഹത്വം കൽപ്പിക്കേണ്ടിടത്ത് തോന്നിവാസങ്ങൾ ചെയ്യുന്നതും ഒരു മഹത്വവു മില്ലാത്തിടത്ത് തോന്നിവാസങ്ങൾ ചെയ്യുന്നതും വലിയവ്യത്യാസമുണ്ടല്ലോ. അങ്ങാടിയിൽ ആനയെ കൊണ്ടുവന്നു നൃത്തം ചെയ്യുന്നതും മഖാമുകൾ, പള്ളികൾപോലുള്ള ആദരവ് കൽപ്പിക്കേണ്ടയിടങ്ങളിൽ നൃത്തം ചെയ്യുന്നതും ഒരുപോലെയല്ല.
പക്ഷെ, മഖാമുകൾക്ക് ഒരുമഹത്വവുമില്ല, അത് ശിർക്കിന്റെ കേന്ദ്രങ്ങളും ബിംബങ്ങളെ പോലെയുള്ളതുമാണെന്ന് പറയുന്ന ബിദ്അതുകാർ എന്തിനാണ് ഈ തോന്നിവാസങ്ങളെ എതിർക്കുന്നതെന്ന് ചിന്തിക്കുന്നതിൽ കാര്യമുണ്ട്. അങ്ങാടിയിലും അമ്പലത്തിലും കൂത്താട്ടങ്ങൾ നടക്കുന്നതിനെ എതിർക്കത്ത ഇവർ അതിലേറെ മലീമസമായ മഖാമുകൾക്ക് ചാരെയാകുമ്പോൾ മാത്രം എതിർക്കുന്നതിൽ രണ്ട് സാധ്യതകളേ കാണാനാകൂ... ഒന്നുകിൽ സുന്നികളെ ചീത്തവിളിക്കാനുള്ള അവസരം എന്ന നിലക്ക് ഈ തിന്മകൾ അവരുടെ ആദർശ മാണെന്ന് വരുത്തിത്തീർത്തുകയാണ്. മറ്റൊരു സാധ്യത മഖാമുകൾ ഒരിക്കലും വേണ്ടാത്തരങ്ങൾ അരങ്ങേറേണ്ട സ്ഥലങ്ങളല്ല, അത് ആദരിക്കപ്പെടേണ്ട സ്ഥലമാണെന്ന ഒരു മാനസിക ബോധം ഉള്ളതു കൊണ്ടായിരിക്കും. അതൊരിക്കലും കടുത്ത ബിദ്അതുകാരിൽ നിന്നുണ്ടാകില്ലെന്നും ഉറപ്പാണ്.
ഇത് ഇങ്ങനെതന്നെ ആവർത്തിച്ചു പറയുന്നത് സുന്നികൾ എതിർക്കുന്നതും ബിദ്അതുകാർ എതിർക്കുന്നതും അടിസ്ഥാനപരമായി തന്നെ രണ്ട് ലക്ഷ്യങ്ങളെ മുൻനിർത്തിയാണെന്ന് മനസ്സിലാക്കുവാനാണ്. സുന്നികളുടേത് ആദരിക്കപ്പെടേണ്ടത് സ്ഥലങ്ങൾ തോന്നിവാസങ്ങളുടെ കേന്ദ്രമായി മാറുമ്പോൾ ഏതു ഈമാനുള്ള സുന്നിയുടെയും ഹൃദയം വേദനിക്കും. ബിദ്അതുകാർ ഈ അർത്ഥത്തിലേയല്ല ഇതിനെ എതിർക്കുന്നതെന്ന് മനസ്സിലാക്കാനാണ്. ഇത്തരം പേക്കുത്തുകൾ സ്കൂളുകളിലും അങ്ങാടിയിലും മറ്റുക്ലബ്ബുകളിലും നടക്കുമ്പോൾ വിശ്വാസികൾ എതിർക്കുന്നത് തിന്മയാണെന്ന കാരണം കൊണ്ട് മാത്രമാണ്. അനാദരവുണ്ടായതു കാരണമല്ല. അത് ഇവിടെ ചർച്ച ചെയ്യേണ്ടതുമില്ല. മഖാമുകൾക്ക് ചാരെയായതുകൊണ്ടുള്ള എതിർപ്പാണ് ഇവിടുത്തെ ചർച്ച.
സുന്നികൾക്കും ഉലമാക്കൾക്കും സ്വാധീനമുള്ളിടത്തൊന്നും നേർച്ചകളിൽ അനിസ്ലാമികമായകാര്യങ്ങൾ കാണാനാകില്ല. എല്ലാം തൊട്ടുമുമ്പ് വിവരിച്ച പുണ്യകർമ്മങ്ങളുടെ സദസ്സാണ് നടക്കാറുള്ളത്. പുറമെ, സ്വാധീനമില്ലാത്തിടത്തും ശക്തമായി ഇതിനെതിരെ ശബ്ദിച്ചിട്ടുള്ളതും സുന്നികൾ തന്നെയാണ്. കാരണം മഹാത്മാക്കളുടെ മഖാമുകൾ പേക്കൂത്തുകൾ കൊണ്ട് വികൃതമാക്കുന്നതിൽ സുന്നികൾക്കേ പ്രയാസം നേരിടുകയുള്ളൂ.. ബിദ്അതുകാർ ശബ്ദിക്കുന്നത് ഇത്തരം പേക്കൂത്തുകൾക്കെതിരെയല്ല. മറിച്ച്, ഇതിനെല്ലാം പിന്നിൽ സുന്നികളാണെന്ന് ആരോപിച്ചു കൊണ്ട് ശക്തമായി ഇവയെ എതിർക്കുന്ന സുന്നികളെ ചീത്തവിളിക്കാനാണ് അവസരം ഉപയോഗിച്ചിട്ടുള്ളത്. അതിന് വേണ്ടി ഈതോന്നിവാസങ്ങൾ സുന്നത്ത് ജമാഅതിന്റെ ഉലമാക്കൾ കൽപ്പിച്ചതു കൊണ്ടും പ്രോത്സാഹിപ്പിച്ചതു കൊണ്ടുമാണെന്ന് പച്ചക്കള്ളം പറഞ്ഞു വീഡിയോകൾ ചെയ്യലാണ് പതിവ്.
ഇത്തരം നേർച്ചപ്പൂരങ്ങൾക്കു പിന്നിൽ മുഴുവനും അമുസ്മീങ്ങളും ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്തവരുമാണെന്ന് ഇതിന്റെ കമ്മറ്റികൾ ശ്രദ്ധിച്ചാൽതന്നെ ഏതൊരാൾക്കും ബോധ്യമാകും. മിക്കതും രാഷ്ട്രീയ താത്പര്യങ്ങൾക്കോ കച്ചവട താത്പര്യങ്ങൾക്കോ വേണ്ടിയുണ്ടാക്കുന്ന പൂരങ്ങളാണ്. വഹാബീ രാഷ്ട്രീയ നേതാക്കൾ പോലും സുന്നികളുടെ ഇടപെടലുകൾ കൊണ്ട് നിർത്തിവെപ്പിച്ച നേർച്ചപ്പൂരങ്ങൾ പുനരാരംഭിക്കാൻ മുൻകൈയ്യെടുക്കുമെന്ന് പറഞ്ഞ വാർത്തകൾ നാം വായിച്ച താണ്. ഇതെല്ലാം അറിഞ്ഞിട്ടും സുന്നികളുടെ ഇതിന്റെ പേരിൽ തെറിവിളിക്കണമെങ്കിൽ ആദ്യം സുന്നികളുടെ നേതൃത്വത്തിലാണ് ഇതെല്ലാം അരങ്ങേറുന്നതന്ന് ആരോപിക്കണം. മുസ്ലിം സമുദായത്തിലുള്ള വിവാഹങ്ങളിലെ ആർബാഡങ്ങൾക്ക് കാരണം ഇസ്ലാമിലെ വിവാഹം എന്നൊരു ആചാരമാണെന്ന് പറയുന്നതിനുതുല്യമാണിത്.
ചുരുക്കത്തിൽ ആനയും അമ്പാരിയും വാദ്യമേളകളും കൂത്താട്ടങ്ങളും നടക്കുന്ന നേർച്ചയുടെ പേരിലുള്ള തോന്നിവാസങ്ങൾക്കൊന്നും സുന്നത് ജമാഅതിന്റെ ഉലമാക്കൾ ഒരു നിലക്കും ഉത്തരവാദിയല്ല. മറ്റു മതസ്ഥരാണ് പലയിടങ്ങളിലും അൃഇതിന്റെ കമ്മറ്റികളിൽ പോലും കാണപ്പെടുന്നത്. കഴിയുന്നത്ര ഇത്തരം തോന്നിവാസങ്ങൾ അവസാനിപ്പിക്കാൻ സുന്നീ ഉലമാക്കൾ ഇടപെടുകയും സ്വാധീനമുള്ളിടത്ത് നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.