“തൗഹീദാണ് പ്രധാനം” എന്നതാണ് മുജാഹിദ് സമ്മേളനത്തിൻ്റെ പ്രമേയം. തൗഹീദിനെ വികലമാക്കലാണ് മുജാഹിദുകളുടെ പ്രധാന അജണ്ട എന്ന അർത്ഥത്തിൽ ഈ പ്രമേയം സലഫികൾക്ക് വളരെ അനിയോജ്യമാണ്. കള്ളനെ പിടികൂടാൻ നാട്ടുകാർ നാലുപാടും പായുമ്പോൾ തിരച്ചിൽ സംഘത്തിന് നേതൃത്വം നൽകുന്ന കള്ളന്മാരെ നാം എമ്പാടും കേട്ടിട്ടുണ്ട്. അത് പോലെയാണ് നമ്മുടെ നാട്ടിലെ മുജാഹിദ് പ്രസ്ഥാനം.
തൗഹീദിനെക്കുറിച്ച് വാതോരാതെ സംസാരിക്കും അതാണ് ഞങ്ങൾക്ക് പ്രധാനമെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയും. സുന്നികൾ തൗഹീദിനെ വികലമാക്കിയെന്ന് ഓരിയിട്ട് നടക്കും പക്ഷേ തൗഹീദിന് കടകവിരുദ്ധമായ ആദർശമാണ് അവർ ആശയമായി കൊണ്ട് നടക്കുന്നത് .
തൗഹീദിനെ സലഫികൾ മൂന്നായി വിഭജിച്ചിട്ടുണ്ട്.
1- തൗഹീദുറുബൂബിയ്യ:
2-തൗഹീദുൽ ഉലൂഹിയ്യ:
3- തോഹീദുൽ അസ്മാഇവസ്വിഫാത്ത്.
ഇങ്ങനെ ഒരു വിഭജനം പൂർവികർക്ക് പരിചയമില്ല. മാത്രവുമല്ല തൗഹീദ് വിഭജനത്തിലൂടെ അബൂ ജഹലുമാരെ വെള്ള പൂശുകയും ബഹുദൈവ വിശ്വാസത്തിന് ബലം നൽകുകയും ശിയാഇസം ഒളിച്ചു കടത്തുകയുമാണ് സലഫികൾ ചെയ്യുന്നത് !
ആരാധനക്കർഹൻ അല്ലാഹു മാത്രമാണന്ന വിശ്വാസത്തെയാണ് സലഫികൾ തൗഹീദുൽ ഉലൂഹിയ്യത്ത് എന്ന് വിളിക്കുന്നത്. ഈ തൗഹീദ് മക്കാ മുശ്രിക്കുകൾക്ക് അല്ലാത്തത് പോലെ സുന്നികൾക്കുമില്ല എന്നാണ് സലഫി സിദ്ധാന്തം
തൗഹീദുറുബൂബിയ്യ: അബൂ ജഹലിനെ വെള്ള പൂശാൻ വേണ്ടി കൊണ്ട് വന്ന തൗഹീദാണെങ്കിൽ ഇത് ലോക മുസ്ലിംകളെ മുശ്രിരിക്കാക്കാൻ സലഫികൾ കണ്ട് പിടിച്ച തൗഹീദാണ്. മഹാത്മാക്കളിൽ നിന്ന് അസാധാരണമായ മാർഗത്തിലൂടെ സഹായം തേടുന്ന മുസ്ലിം അല്ലാഹു അല്ലാത്തവരിൽ ദിവ്യത്വം കൽപിക്കുകയാണെന്നും അത് മൂലം അവർ ബഹുദൈവ വിശ്വാസികളായി എന്നുമാണ് സലഫികളുടെ കണ്ട് പിടുത്തം. അബൂ ജഹലിനേക്കാളും കടുത്ത മുശ്രിക്കുകളാണ് സുന്നികൾ എന്നാണ് മൗലവിമാർ പ്രചരിപ്പിക്കുന്നത് അബൂ ജഹൽ പാർടൈം മുശ്രിക്കാണെങ്കിൽ സുന്നികൾ ഫുൾടൈം മുശ്രിക്കാണെന്നാണ് ഒരു മൗലവി എഴുതിയത്.
അസാധാരണത്വം ദിവ്യത്വം ആണെന്നാണ് സലഫികളുടെ വാദം. അസാധാരണമായ കാര്യങ്ങൾ ചെയ്യലും അദൃശ്യമറിയലുമെല്ലാം മഹത്തുക്കൾക്ക് സംഭവിച്ചപ്പോൾ തന്നെ അതൊന്നും ദിവ്യത്വമല്ലന്ന് മനസ്സിലായി കാരണം ദിവ്യത്വം അല്ലാഹുവിന്റെ വിശേഷണമാണ്, അല്ലാഹുവിന്റെ വിശേഷണം സൃഷ്ടികളിൽ ഉണ്ടാകൽ അസംഭവ്യവുമാണ്. ഇതെല്ലാം ദിവ്യത്വമാണെന്ന് പറയുന്നവർ അമ്പിയാക്കളും ഔലിയാക്കളുമെല്ലാം ദിവ്യത്വമുള്ളവരാണെന്ന് പറയേണ്ടി വരും. ഇത് അവതാര വാദത്തിനും ബഹു ദൈവ വിശ്വാസത്തിനും ശക്തി പകരുന്നതാണ്. അല്ലാഹു അർശിൽ ഇരിക്കുകയാണ് എന്നും എല്ലാ രാത്രികളിലും ഒന്നാനാകാശത്തിലേക്ക് ഇറങ്ങി വരുമെന്നും വിശ്വസിക്കുന്നവർക്ക് അല്ലാഹുവിന്റെ വിശേഷണം ഒരാളിൽ അവതരിക്കുമെന്ന് വിശ്വാസിക്കുന്നതിന് തടസ്സമുണ്ടാകില്ല. പക്ഷെ അത് മുസ്‌ലിംകൾക്ക് വിശ്വസിക്കാൻ പറ്റില്ല.
സലഫികളുടെ ഈ പിഴച്ച വാദം ശിയാ ആശയമാണ്
ഇമാം റാസി ( റ) പറയുന്നു
فان جمعا من قدماء الروافض لما رأوا أن عليا قلع باب خيبر وكان ذلك على خلاف المعتاد قالوا أن الاله حل في بدنه وأنه هو الاه (رازي نوح 23)
അലി(റ) ഖൈബറിന്റെ കവാടം ഒറ്റക്ക് പറിച്ചെടുത്തു. അത് ഒരു അസാധരണ പ്രവർത്തിയായപ്പോൾ, "അല്ലാഹു അലി(റ)ന്റെ ശരീരത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും അലി (റ) ഇലാഹാണെന്നും പുരാതന ഷിയാകളിൽ ഒരു വിഭാഗം, പറഞ്ഞു.(റാസി)
സലഫി വാദം ദജ്ജാലിസവുമാണ്
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു
يأتي الدَّجَّالُ وهو مُحرَّمٌ عليه أنْ يدخُلَ أنقابَ المدينةِ فيخرُجُ إليه رجُلٌ وهو خيرُ النَّاسِ يومَئذٍ - أو مِن خيرِهم - فيقولُ : أشهَدُ أنَّكَ الدَّجَّالُ الَّذي حدَّثنا رسولُ اللهِ صلَّى اللهُ عليه وسلَّم حديثَه فيقولُ الدَّجَّالُ : أرأَيْتُم إنْ قتَلْتُ هذا ثمَّ أحيَيْتُه أتشُكُّونَ في الأمرِ ؟ فيقولونَ : لا فيُسلَّطُ عليه فيقتُلُه ثمَّ يُحييه فيقولُ حينَ يَحْيا : واللهِ ما كُنْتُ بأشَدَّ بصيرةً فيك منِّي الآنَ فيُريدُ قَتْلَه الثَّانيةَ فلا يُسلَّطُ عليه) صحيح البخاري 1882)
ദജ്ജാൽ മദീനയുടെ പരിസരത്ത് വരും, മദീനയിൽ പ്രവേശിക്കുന്നത് അവന് വിലക്കിയിട്ടുണ്ട്. അപ്പോൾ ഒരു മനുഷ്യൻ അവന്റെ അടുക്കൽ വരും, അവൻ ആ ദിവസം ജനങ്ങളിൽ ഏറ്റവും ഉത്തമനായിരിക്കും - അല്ലെങ്കിൽ അവരിൽ ഏറ്റവും മികച്ചവരിൽ ഒരാളായിരിക്കും - എന്നിട്ട് ആ മനുഷ്യൻ അവനോട് പറയും: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളോട് പറഞ്ഞ ദജ്ജാൽ തന്നെയാണ് നീ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അന്നേരം ദജ്ജാൽ അവൻ്റെ ആളുകളോട് ചോദിക്കും: , ഞാൻ ഈ മനുഷ്യനെ കൊന്ന് വീണ്ടും ജീവിപ്പിച്ചാൽ, നിങ്ങൾക്ക് എൻ്റെ കാര്യത്തിൽ (ഞാൻ ദൈവമാണെന്നതിൽ) എന്തെങ്കിലും സംശയമുണ്ടാകുമൊ? അവർ പറയും: ഇല്ല. അങ്ങനെ അവന് അയാളുടെ മേൽ അധികാരം നൽകപ്പെടുകയും അദ്ധഹത്തെ കൊല്ലുകയും പിന്നീട് അദ്ദേഹത്തെ ജീവിപ്പിക്കുകയും ചെയ്യും. ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ അയാൾ പറയും: അല്ലാഹുവാണ് സത്യം, "നീ ദജ്ജാലാണെന്ന് ഇപ്പോൾ എനിക്ക് കൂടുതൽ ബോധ്യപ്പെട്ടു. അപ്പൊൾ അവൻ രണ്ടാമതും അദ്ധേഹത്തെ വധിക്കാൻ തുനിയും, പക്ഷേ അവന് അതിന് കഴിയില്ല (ബുഖാരി)
മരിച്ചവരെ ജീവിപ്പിക്കുക എന്നത് ഒരു അസാധാരണമായ സംഭവമാണ് എന്നതിൽ സംശയമൊന്നുമില്ല. അസാധാരണത്വം ദിവ്യത്വമാണെന്ന് പറയുന്ന സലഫികൾ ദജ്ജലിൻ്റെ പുറകെ കൂടേണ്ടി വരില്ലെ?. താൻ ദൈവമാണ് എന്ന വാദത്തെ ദജ്ജാൽ സമർഥിക്കാൻ ശ്രമിക്കുന്നതും ഈ അസാധാരണത്വം ചൂണ്ടിക്കാട്ടിയാണ്.! അവസാനം സലഫികൾ ദജ്ജാലാണെന്ന് കൊടി പിടിക്കേണ്ടി വരും
ദജ്ജാൽ ഖവാരിജുകളിൽ നിന്നാണ് ഉടലെടുക്കുക എന്ന് നബി ﷺ പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കണം. ഒരു ഹദീസിൽ ഇങ്ങനെ കാണാം
يَنْشَأُ نَشْئٌ يقرؤون القُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ، كُلَّمَا خَرَجَ قَرْنٌ قُطِعَ». قال ابن عُمَرَ: سمعت رَسُولَ اللَّهِ صلى الله عليه وسلم يقول: «كُلَّمَا خَرَجَ قَرْنٌ قُطِعَ أَكْثَرَ من عِشْرِينَ مَرَّةً حتى يَخْرُجَ في عِرَاضِهِمْ الدَّجَّالُ».
ഖുർആൻ പാരായണം ചെയ്യുന്ന ഒരു വിഭാഗം ഉടലെടുക്കും, പക്ഷേ അത് അവരുടെ തൊണ്ട കുഴികൾ വിട്ട് കടക്കില്ല. ഒരോ തലമുറ ഉദയം ചെയ്യുമ്പോഴെല്ലാം അത് ഛേദിക്കപ്പെടും. ”ഇബ്നു ഉമർ (റ)പറഞ്ഞു: "ഇരുപതിലധികം തവണ അവർ ഇല്ലാതെയാകും, അവസാനം ദജ്ജാൽ അവരിൽ നിന്നാണ് ഉടലെടുക്കുക" എന്ന് അല്ലാഹുവിന്റെ ദൂതൻ പറയുന്നത് ഞാൻ കേട്ടു.
യഥാർഥത്തിൽ സലഫികൾ തൗഹീദല്ല പഠിപ്പിക്കുന്നത് മറിച്ച് തൗഹീദിന്റെ മറവിൽ ദജ്ജലിൻ്റെയും ശിയാക്കൾ അടക്കമുള്ള പഴയ കാല അവാന്തര വിഭാഗങ്ങളുടെയും പിഴച്ച വാദങ്ങൾ പ്രചരിപ്പിക്കുകയാണ്.
തൗഹീദിന്റെ മറവിൽ ജൂതായിസം പ്രചരിപ്പിക്കുന്നു
ഖുർആനിലും ഹദീസിലും ബാഹ്യാർത്ഥം ഒരിക്കലും ഉദ്ദേശിക്കാൻ പാടില്ലാത്ത തിരു വചനങ്ങളുണ്ട് അതിന് മുതശാബിഹാത്ത് എന്നാണ് പറയുക.
അല്ലാഹുവിന് തടിയും രൂപവും അവയവങ്ങളുമൊക്കെയുണ്ടെന്ന് പറഞ്ഞ് അവനെ സൃഷ്ടികളോട് സാമ്യപ്പെടുത്തിയ പഴയ കാല പിഴച്ച കക്ഷികൾ തങ്ങളുടെ വികല ആശയങ്ങൾക്ക് ഇത്തരം വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. അത് തന്നെയാണ് സലഫികളും ചെയ്യുന്നത്. ഇത്തരം വചനങ്ങളുടെ ബാഹ്യാർത്ഥത്തിൽ തന്നെ ഉൾകൊള്ളണമെന്നാണ് സലഫികൾ പറയുന്നത്. ഇത് മുസ്ലിം ഉമ്മത്തിന്റെ ഐക്യ കണ്ഠേനയുള്ള നിലപാടിനെതിരാണ്.
ഇബ്നു ഹജർ അൽ ഹൈതമി (റ) പറയുന്നു:
لاخلاف بين السلف والخلف في أنه لابد من التأويل الإجمالي في النصوص الموهمة.. من توفيق سلفها وخلفها إلى صرف تلك النصوص عن ظواهرها (الفتاوى الحد يثية١٤٩)
(ബാഹ്യാർത്ഥം) തെറ്റിദ്ധാരണക്ക് സാദ്ധ്യതയുള്ള പദങ്ങളെ പൊതുവായ രീതിയിൽ വ്യാഖ്യാനിക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യത്തിൽ മുൻഗാമികൾക്കും പിൻഗാമികൾക്കും ഇടയിൽ അഭിപ്രായവ്യത്യാസമില്ല... ഉമ്മതിലെ മുൻഗാമികളും പിൻഗാമികളും ആ പദങ്ങളെ അവയുടെ പ്രത്യക്ഷമായ അർത്ഥങ്ങളിൽ നിന്ന് മാറ്റണമെന്നതിൽ ഏകോപിച്ചിട്ടുണ്ട്.(ഫതാവാ)
തൗഹീദുൽ അസ്മാഇവസ്വിഫാത്ത് എന്ന ഓമനപ്പേരിൽ മുതശാബിഹായ തിരു വചനങ്ങളിൽ അല്ലാഹുവിനെ സംബന്ധിച്ച് വന്ന പ്രയോഗങ്ങളെ പ്രത്യക്ഷാർത്ഥത്തിൽ അവതരിപ്പിച്ച് അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തുന്ന ജൂതായിസമാണ് സലഫികൾ പ്രചരിപ്പിക്കുന്നത്. തൗഹീദിന്റെ പേരിൽ
ഈ വിശ്വാസ വൈകല്യങ്ങളെ ഇസ്‌ലാമിനകത്തേക്ക് ആദ്യമായി കടത്തി കൂട്ടിയ പിഴച്ച കക്ഷികളാണ് റാഫിളത്ത്
ഇമാം അസ്ഖലാനി (റ) പറയുന്നു:
ورأس المشبهة مقاتل بن سليمان ومن تبعه من الرافضة والكرامية فإنهم بالغوا في ذلك حتى شبهوا الله تعالى بخلقه تعالى الله سبحانه عن أقوالهم علوا كبيرا(فتح الباري)
അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യമാക്കി പിഴച്ച് പോയ കക്ഷികളുടെ തുടക്കം മുഖാത്തിൽ ബിൻ സുലൈമാനും അദ്ദേഹത്തെ പിന്തുടർന്ന റാഫിളത്തും കറാമിയ്യത്തുമാണ്, കാരണം അവർ അല്ലാഹുവിനെ സൃഷ്ടികളോട് ഉപമിച്ചവരാണ്. അല്ലാഹു അവർ പറയുന്നതിൽ നിന്ന് എത്രയോ അകലെയാണ് (ഫത്ഹുൽ ബാരി)
ഇമാം ഇസ്ഫറായിനി(റ) പറയുന്നു:
واعلم أن جميع اليهود في أصول التوحيد فريقان:
فريق منهم المشبهة وهم الأصل في التشبيه وكل من قال قولا في دولة الإسلام بشيء من التشبيه فقد نسخ على منوالهم. وأخذ مقالة من مقالهم الروافض وغيرهم. ولهذا قال النبي ﷺ: "الروافض يهود هذه الأمة" لأنهم أخذوا التشبيه من اليهود.(التبصير)
ഏകദൈവ വിശ്വാസത്തിന്റെ തത്വങ്ങളിൽ ജൂതന്മാർ രണ്ട് വിഭാഗമാണ്: അവരിൽ ഒരു വിഭാഗം അല്ലാഹുവിനെ ഘസൃഷ്ടികളോട് തുലനം ചെയ്യുന്നവരാണ്, അവരാണ് മുശബ്ബിഹത്തിൻ്റെ ഉത്ഭവം. ഇസ്ലാമിക വൃത്തത്തിൽ നിന്ന് ആരെങ്കിലും തശ്ബീഹ് വാദം കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് ജുതന്മാരുടെ ഫാക്ടറിയിൽ നിന്ന് കൊണ്ട് വന്നതാണ് ഈ വിഷയത്തിൽ ജൂതരുടെ അഭിപ്രായങ്ങളിൽ നിന്ന് ആശയങ്ങൾ സ്വീകരിച്ചവരാണ് ശിയാക്കളും മറ്റുള്ളവരും,. അതുകൊണ്ടാണ് പ്രവാചകൻ (സ) പറഞ്ഞത്: "റാഫിളുകൾ ഈ സമുദായത്തിലെ ജൂതന്മാരാണ്", കാരണം അവർ ജൂതന്മാരിൽ നിന്നാണ് ഈ പിഴച്ച ആശയം സ്വീകരിച്ചത് (അത്തബ്സ്വീർ)
ശിയാക്കളെ പോലെ ഈ വികലമായ ആശയങ്ങൾ തൗഹീദുൽ അസ്മാഇവസ്വിഫാത്ത് എന്ന ഓമനപ്പേരിൽ അല്ലാഹുവിനെ സംബന്ധിച്ച് നമുക്കിടയിൽ പ്രചരിപ്പിക്കുന്നവരാണ് വഹാബികളും. അതിന് നിരവധി രേഖകൾ നമുക്ക് കാണിക്കാൻ സാധിക്കും.
സലഫികൾ അള്ളാഹുവിനെ സംബന്ധിച്ച് വെച്ച് പുലർത്തുന്ന ഏതാനും പിഴച്ച വിശ്വാസങ്ങൾ നമുക്ക് പരിചയപ്പെടാം
1 -അല്ലാഹുവിന് ഭാഗമുണ്ട്.
അല്ലാഹുവിന് സ്ഥലവും ഭാഗവും ഉണ്ടെന്നാണ് സലഫികൾ പറയുന്നത്
ഉമർ മൗലവി എഴുതുന്നു
അല്ലാഹു മുകൾ ഭാഗത്താകുന്നു
( ഫാതിഹയുടെ തീരത്ത് -127)
അല്ലാഹുവിന്റെ ഇരു കൈകളും ( ഇരു ഭാഗവും) വലതു ഭാഗമാണ് (അൽമനാർ 2004 ഡിസംബർ)
ഇത് തൗഹീദിനെതിരാണ്. സൂറത്തുൽ ഇഖ്ലാസിൻ്റെ തഫ്സിറിൽ ഇമാം റാസി (റ) പറയുന്നു:
فالأحد يستحيل أن يكون متحيزا وإذ لم يكن متحيزا لم يكن في شيئ من الأحياز والجهات
അല്ലാഹു അഹദ് ആണ് എന്നത് അവൻ ഒരു സ്ഥലത്താവുക എന്നതിനെ അസംഭവ്യമാക്കുന്നു. അവൻ ഒരു സഥലത്തല്ലെങ്കിൽ അവൻ ഒരു ഭാഗത്തോ ഒരു ദിശയിലൊ ആണെന്ന് പറയാൻ പറ്റില്ല.
ഇമാം റാസി (റ) പറയുന്നു:
والحق أن العلو بالجهة على الله تعالى محال ، (تفسير الرازي)
മുഗൾ ഭാഗത്താവുക എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അസംഭവ്യമാണ് എന്നതാണ് സത്യം (റാസി)
അല്ലാഹുവിന് സ്ഥലം ഭാഗം മുതലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണെന്ന് മുജാഹിദുകൾ തന്നെ എഴുതിയതാണ് (അൽ മനാർ 1952 ജനുവരി)
2- അല്ലാഹു ആകാശത്തിൽ.
ഉമർ മൗലവി എഴുതുന്നു
യഥാർഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു
(ഫാതിഹയുടെ തീരത്ത് അ126)
അൽമനാർ എഴുതുന്നത് ഇങ്ങനെയാണ് "അല്ലാഹു ആകാശത്താണെന്നുള്ളതിന് വിശുദ്ധ ഖുർആനിൽ ഒരുപാട് ആയതുകൾ കാണാൻ കഴിയും (അൽമനാർ 2005 ഏപ്രിൽ)
അല്ലാഹുവിനെ സംബന്ധിച്ച് ആകാശത്തിലാണെന്ന സങ്കൽപം വെച്ച് പുലർത്തിയവർ ഫിർഔനും മക്കാ മുശ്രിക്കുകളുമാണ്.
ഇമാം റാസി ( റ) പറയുന്നു
فعلمنا ان وصف الاله بالخلاقية وعدم وصفه بالمكان والجهة دين موسى وسائر الأنبياء وجميع وصفه تعالى بكونه فى السماء دين فرعون واخوانه من الكفرة (رازي) أعراف 54
അല്ലാഹുവിനെ ഒരു സ്ഥലത്തിലേക്കൊ ദിശയിലേക്കൊ ചേർത്തി വിശേഷിപ്പിക്കാതെരിക്കൽ മൂസാ നബി (അ)യുടെയും മറ്റ് എല്ലാ പ്രവാചകന്മാരുടെയും മതമാണെന്നും, അവൻ ആകാശത്തിലാണെന്ന് വിശേഷണം നൽകൽ ഫിർഔനിന്റെയും അവിശ്വാസികളിലെ അവന്റെ സഹോദരന്മാരുടെയും മതമാണെന്നും നമ്മൾ മനസ്സിലാക്കി. (റാസി)
ഇമാം റാസി (റ) തന്നെ പറയുന്നു
فظهر أن تعريف ذات الله بكونه في السماء دين فرعون وتعريفه بالخلاقية والموجودية دين موسى ، فمن قال بالأول كان على دين فرعون ، ومن قال بالثاني كان على دين موسى( تفسير الرازي اية ٣٦ غافر)
അല്ലാഹുവിന്റെ സത്ത അകാശത്തിലാണെന്ന് പരിചയപ്പെടുത്തുന്നത് ഫാർഔനിന്റെ മതമാണെന്നും, അവൻ യഥാർഥത്തിൽ ഉള്ളവനും സൃഷ്ടി കർമത്തിന് കഴിവുള്ളവനുമാണെന്ന് പരിചയപ്പെടുത്തലാണ് മൂസാ(അ)യുടെ മതമെന്നും വ്യക്തമായി. ആദ്യത്തെ വാദം പറയുന്നയാൾ ഫിർഔനിന്റെ മതത്തെ പിന്തുടരുന്നവനും രണ്ടാമത്തെ വാദക്കാരൻ മൂസാ(അ)യുടെ മതത്തെ പിന്തുടരുന്നവനുമാണ്.(റാസി)
ഇമാം റാസി (റ) പറയുന്നു
كانت العرب مقرين بوجود الاله لكنهم كانوا يعتقدون أنه في السماء (تفسير الرازي)
അറബികൾ ഒരു ഇലാഹുണ്ടെന്ന് അംഗീകരിച്ചിരുന്നു, പക്ഷേ അവൻ ആകാശത്തിലാണെന്നാണ് അവർ വിശ്വസിച്ചിരുന്നത് (റാസി).
അല്ലാഹു ആകാശത്തിലാണെന്ന് പ്രത്യക്ഷാർത്ഥം വരുന്ന വചനങ്ങളെല്ലാം മുതശാബിഹാത്താണ് അവയെ വ്യാഖ്യാനിക്കണം എന്നതിൽ മുസ്ലിം ലോകത്തിന് തർക്കമില്ല.
{ ءَأَمِنتُم مَّن فِی ٱلسَّمَاۤءِ أَن یَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِیَ تَمُورُ }
എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം റാസി (റ)പറയുന്നു
واعلم أن المشبهة احتجوا على إثبات المكان لله تعالى بقوله: * (أأمنتم من في السماء) *، والجواب عنه أن هذه الآية لا يمكن إجراؤها على ظاهرها باتفاق المسلمين
അല്ലാഹുവിന് ഒരു സ്ഥലമുണ്ടെന്നതിന് മുശബ്ബിഹത്ത് ഈ ആയത്ത് തെളിവായി കൊണ്ട് വന്നിട്ടുണ്ട്. അതിനുള്ള ഉത്തരം, ഈ വാക്യത്തെ അതിന്റെ ബാഹ്യാർത്ഥത്തിൽ മനസ്സിലാക്കരുതെന്നത് മുസ്ലിംകളുടെ ഏകകണ്ഠമായ അഭിപ്രായമാണ് എന്നതാണ് (റാസി)
അല്ലാഹുവിന് സൃഷ്ടി വിശേഷണങ്ങൾ വിശ്വസിച്ച് ശിർക്ക് ചെയ്ത ഫറോവമാരുടെയും അബൂ ജഹലുമാരുടെയും ശിയാക്കളുടെയും പാതയിൽ ആരാണെന്ന് വ്യക്തമായി.
അബ്ദുൽ മാലിക് സലഫിയെ സംബന്ധിച്ച് പി കെ മൊയ്തീൻ സുല്ലമി എഴുതുന്നുത് കാണുക
"ചുരുക്കിപ്പറഞ്ഞാൽ സ്വിഫാത്തുകളെ സന്ദർഭമനുസരിച്ച് വ്യാഖ്യാനിച്ച സലഫുകളുടെ മാർഗം വിട്ട് അല്ലാഹുവിന്റെ കൈയും കാലും മൂക്കും കണ്ണും മുഖവും ചിരിയും പറഞ്ഞ് അല്ലാഹുവിനെ കേവലം ഒരു മനുഷ്യനാക്കിയിരിക്കുകയാണ് ഇയാൾ (സലഫികൾ ജൽപനങ്ങളും വസ്തുതകളും പേജ് -3)
തങ്ങളുടെ ഈ തൗഹീദ് വിരുദ്ധ ആശയങ്ങളെ മറച്ച് പിടിക്കാനാണ് സലഫികൾ സുന്നികളിൽ ശിർക്കാരൊപിക്കുന്നത്. യഥാർഥത്തിൽ സലഫികൾ അല്ലാഹുനെ കുറിച്ചുള്ള അജ്ഞതയിലേക്കും അവിശ്വാസത്തിലേക്കുമാണ് ആളുകളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്.
ഇമാം അസ്ഖലാനി (റ) ഉദ്ധരിക്കുന്നു
قال حذاق المتكلمين : ما عرف الله من شبهه بخلقه أو أضاف إليه اليد أو أضاف إليه الولد فمعبودهم الذي عبدوه ليس هو الله وإن سموه به
(فتح الباري)
അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തിയവരും, അവനിലേക്ക് കയ്യിനെയൊ, സന്താനത്തേയൊ ചേർത്തിയവരും അവനെ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അവർ ആരാധിക്കുന്ന അവരുടെ ആരാധ്യൻ അല്ലാഹുവല്ല, അവർ ആ പേരിൽ അവനെ വിളിച്ചാലും ശരി. (ഫത്ഹുൽ ബാരി)
അല്ലാഹു ഒരു സ്ഥലത്ത് ഇരിക്കുകയാണെന്ന തെറ്റായ ധാരണയാണ് ജനങ്ങളെ വിഗ്രഹാരാധനയിലേക്ക് വരെ എത്തിക്കുന്നത് എന്ന് പല പണ്ഡിതന്മാരും നിരീക്ഷിച്ചിട്ടുണ്ട്.
ഇമാം റാസി (റ) ഉദ്ധരിക്കുന്നു
هذه المقالة إنما تولدت من مذهب القائلين بأن الله جسم وفي مكان ، وذلك لأنهم قالوا : إن الله نور هو أعظم الأنوار ، والملائكة الذين هم حافون حول العرش الذي هو مكانه ، هم أنوار صغيرة بالنسبة إلى ذلك النور الأعظم ، فالذين اعتقدوا هذا المذهب اتخذوا صنما هو أعظم الأصنام على صورة إلههم الذي اعتقدوه ، واتخذوا أصناما متفاوتة ، بالكبر والصغر والشرف والخسة على صورة الملائكة المقربين ، واشتغلوا بعبادة تلك الأصنام على اعتقاد أنهم يعبدون الإله والملائكة ، فدين عبادة الأوثان إنما ظهر من اعتقاد التجسيم
(تفسير اية٢٢ نوح الرازي)
അല്ലാഹു ഒരു തടിയാണെന്നും അവന് ഒരു സ്ഥലമുണ്ടെന്നും പറയുന്നവരുടെ സിദ്ധാന്തത്തിൽ നിന്നാണ് വിഗ്രഹാരാധന ഉത്ഭവിച്ചത്, കാരണം വിഗ്രഹാരാധന നടത്തുന്നവർ പറയുന്നത്: " അല്ലാഹു പ്രകാശങ്ങളിൽ ഏറ്റവും വലിയ ഒരു പ്രകാശമാണ്, അല്ലാഹുവിന്റെ ഇരിപ്പിടമാകുന്ന സിംഹാസനത്തെ ചുറ്റിപ്പറ്റിയുള്ള മാലാഖമാർ, ആ ഏറ്റവും വലിയ പ്രകാശവുമായി ചേർത്തി നോക്കുമ്പോൾ ചെറിയ പ്രകാശങ്ങളാണ്. അങ്ങനെ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചവർ, തങ്ങളുടെ ആരാധ്യൻ്റെ പ്രതിച്ഛായയിൽ, ഏറ്റവും വലിയ വിഗ്രഹമായ ഒരു വിഗ്രഹത്തെ ഉണ്ടാക്കി. വലിപ്പത്തിലും, ചെറുതിലും, ബഹുമാനത്തിലും, വ്യത്യസ്ത പുലർത്തുന്ന മാലാഖമാരുടെ രൂപത്തിൽ അവർ വേറെ കുറെ വിഗ്രഹങ്ങളെയും ഉണ്ടാക്കി. ഒരു ഇലാഹിനെയും കുറെ മലക്കുകളെയും ആരാധിക്കുന്നുവെന്ന വിശ്വാസത്തിൽ അവർ ആ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ മുഴുകി. അതുകൊണ്ടാണ് വിഗ്രഹാരാധകരുടെ മതം ഉയർന്നുവന്നത് അല്ലാഹുവിന് തടിയുണ്ട് എന്ന വിശ്വാസത്തിൽ നിന്നാണെന്ന് പറയുന്നത്.
തൗഹീദുൽ അസ്മാഇവസ്വിഫാത്തിൻ്റെ മറവിൽ സലഫികൾ തൗഹീദിന് കടഘ വിരുദ്ധമായ തശ്ബീഹ് വാദമാണ് പ്രചരിപ്പിക്കുന്നത്. തശ്ബീഹ് വാദമാണങ്കിലൊ ബഹു ദൈവ വിശ്വാസത്തിന് ബലം നൽകുന്നതുമാണ്.
ചുരുക്കത്തിൽ സലഫികൾ തൗഹീദിന്റെ പേരിൽ കൊണ്ട് വന്നിട്ടുള്ള വാദമുഖങ്ങളെല്ലാം ഇസ്‌ലാം വിരുദ്ധമാണ്. എന്ന് മാത്രമല്ല അബൂ ജഹലുമാരെ വെള്ള പൂശുന്നതും ദജ്ജാലിസത്താലേക്ക് ആളുകളെ വഴി നടത്തുന്നതും ഫിർഔനിൻ്റെ ആശയങ്ങൾക്കും ബഹുദൈവ വിശ്വാസത്തിനും ബലം നൽകുന്നതുമാണ്.
പ്രത്യക്ഷത്തിൽ തൗഹീദ് പറയുകയും അതിലൂടെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആട്ടിൻ തോലണിഞ്ഞ ചെന്നായകളാണ്.
ബിദ്അത്ത്കാരുടെ ശറിൽ നിന്ന് അല്ലാഹു മുസ്ലിം ഉമ്മത്തിനെ രക്ഷപ്പെടുത്തട്ടെ....