Site-Logo
POST

ഈദ് ഗാഹും പെരുന്നാളും

ഉവൈസ് അദനി വെട്ടുപാറ

|

29 Mar 2025

feature image

പെരുന്നാൾ നിസ്കരിക്കേണ്ടത് എവിടെയായിരിക്കണം ? മൈതാനിയിലോ.... മസ്ജിദിലോ....? 

ഇസ്ലാമിക കർമ്മ ശാസ്ത്രം കൃത്യമായി അത് നമ്മെ പഠിപ്പിക്കുന്നുണ്ട്.

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇമാം നവവി പറയുന്നു: 

وفعلها بالمسجد أفضل 

പെരുന്നാൾ നിസ്കാരം പള്ളിയിൽ നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ടം. (മിൻഹാജുത്വാലിബീൻ / ഇമാം നവവി)

ഇമാം നവവി ശ്രേഷ്ടമെന്ന് പറഞ്ഞ പള്ളി തന്നെ മുസ്ലിമീങ്ങൾ കാലങ്ങളായി പെരുന്നാൾ നിസ്കാരത്തിന് വേണ്ടി തിരഞ്ഞെടുത്ത് പുണ്യം നേടുന്നു. എന്നാൽ ചില അൽപജ്ഞാനികൾ ഇമാം നവവി അടക്കമുള്ള പൂർവ സൂരികളായ പണ്ഡിതർ തീർപ്പുകൽപിച്ചതിനെ ഇജ്തിഹാദ് ചമഞ്ഞ് വലിച്ചെറിഞ്ഞ് പെരുന്നാൾ നിസ്കാരത്തിന് മൈതാനം തിരെഞ്ഞെടുക്കാറുണ്ട്. തിരുനബി (സ്വ) പെരുന്നാൾ നമസ്കാരത്തിന് മരുഭൂമിയിലേക്ക് പോയിരുന്നു എന്നതാണിവരുടെ ന്യായം. തിരുനബി (സ്വ) മൈതാനിയിലേക്ക് പോയതിന്റെ കാരണം പരിശോധിച്ചാലോ ഇവരുടെ ന്യായം നിരർത്ഥകമാണെന്നും ബോധ്യപ്പെടും. 

നബി ﷺ യും സ്വഹാബത്തും പെരുന്നാൾ നിസ്കാരത്തിന്  മൈതാനിയിലേക്ക് പോയത് പള്ളിയിലെ അസൗകര്യം പരിഗണിച്ച് കൊണ്ടാണെന്ന് ഇമാം ശാഫിഈ (റ) അടക്കമുള്ള നിരവധി പണ്ഡിതർ രേഖപെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നു ഹജർ അൽ ഹൈതമി തുഹ്ഫതുൽ മുഹ്താജിലും (3/ 48, 49) ഇമാം റംലി നിഹായത്തുൽ മുഹ്താജിലും (2/ 394) ഇമാം ഖതീബുശ്ശിർബീനി മുഗ്നിൽ മുഹ്താജിലും (1/ 591) പള്ളിയുടെ വിശാലത കുറവാണ് തിരുനബിയും സ്വഹാബത്തും മൈതാനി തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. 

وَرُدَّ بِأَنَّهُ ﷺ إنَّمَا خَرَجَ إلَيْهَا لِصِغَرِ مَسْجِدِهِ(تحفة٣/٤٧)

وَلَوْ ضَاقَتْ الْمَسَاجِدُ، وَلَا عُذْرَ كُرِهَ فِعْلُهَا فِيهَا لِلتَّشْوِيشِ بِالزِّحَامِ وَخَرَجَ إلَى الصَّحْرَاءِ (نهاية٢/٣٩٧)

بِالْمَسْجِدِ) عِنْدَ اتِّسَاعِهِ كَالْمَسْجِدِ الْحَرَامِ (أَفْضَلُ) لِشَرَفِ الْمَسْجِدِ عَلَى غَيْرِهِ(مغني. ٥/٣٩١)

വിശാലമായ പള്ളിയും സൗകര്യങ്ങളുമുള്ള ഈ കാലഘട്ടത്തിൽ ഫുട്ബോൾ ഗ്രൗണ്ടിലേക്കും നാൽകാലികൾ മേയുന്ന മൈതാനങ്ങളിലേക്കും പോകുന്നത് എന്തിന് വേണ്ടിയാണ്. ? 

ഫത്ഹുൽബാരിയും ദുർവ്യാഖ്യാനങ്ങളും 

ഇമാമീങ്ങളുടെ ഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനിക്കുക എന്ന സ്ഥിരം പല്ലവി 'മൈതാന നിസ്കാരം' സ്ഥിരപെടുത്താൻ വേണ്ടിയും ഇവർ ചെയ്യാറുണ്ട്. ഇമാം ഇബ്നു ഹജർ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയാണിവർ കൂട്ടുപിടിക്കുന്നത്. ഫത്ഹുൽ ബാരിയിലെ (2/ 450) ചില ഭാഗങ്ങൾ മറച്ച് വെച്ച് ദുർവ്യാഖ്യാനം നടത്തി സോഷ്യൽ മീഡിയകളിൽ  മൗലവിമാർ പ്രത്യക്ഷപെടാറുണ്ട്. 

എന്താണ് ഇമാം അസ്ഖലാനി പറഞ്ഞത്..? 

ഇമാം ശാഫിഈ (റ) വിന്റെ വിശ്വ പ്രസിദ്ധമായ 'കിതാബുൽ ഉമ്മി'ലെ ചില ഭാഗങ്ങൾ എടുത്തുദ്ധരിക്കുകയാണ് ഇമാം അസ്ഖലാനി. 

"ഇമാം ശാഫിഈ (റ) തന്റെ കിതാബുൽ ഉമ്മിൽ പറയുന്നു: മഴ പോലോത്ത പ്രത്യേക തടസ്സങ്ങൾ ഇല്ലെങ്കിൽ തിരുനബിയും സ്വഹാബത്തും ശേഷമുളളവരും പെരുന്നാൾ നിസ്കാരത്തിന് വേണ്ടി മദീനയിലെ മുസ്വല്ലയിലേക്ക് പോകാറുണ്ടായിരുന്നു. മറ്റു നാടുകളിലെ ജനങ്ങളും ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു." ഇത് വരെയാണ് മൗലവിമാർ സാധാരണ വായിക്കാറുള്ളത്, ബാക്കി ഭാഗം മനപൂർവ്വം മൂടി വെക്കുകയാണ് പതിവ്. വായിച്ചാൽ തങ്ങളുടെ  വാദങ്ങൾ ചീട്ടു കൊട്ടാരം കണക്കെ പൊളിഞ്ഞ് വീഴുമെന്നിവർക്കറിയാം. നമുക്ക് ആ ഭാഗങ്ങളൊന്ന് വിശകലനം ചെയ്യാം. 

"മക്കയിലുള്ള ആളുകൾ മൈതാനങ്ങളിലേക്ക് പെരുന്നാൾ നമസ്കാരത്തിന് വേണ്ടി പോകാറില്ല. കാരണം മക്കക്കാരെ ഉൾകൊള്ളാൻ മാത്രം വിശാലമായ പളളി മക്കയിലുണ്ട്. ഇനി ഒരു നാട്ടിൽ മുഴുവൻ ജനങ്ങളെയും ഉൾകൊള്ളുന്ന രൂപത്തിൽ  പള്ളി നിർമിക്കപെട്ടാൽ പ്രസ്തുത പള്ളി ഉപേക്ഷിച്ച്  മൈതാനങ്ങളിലേക്ക് അവർ പോകണം എന്നെനിക്ക് അഭിപ്രായമില്ല.

ശേഷം ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി  പറയുന്നു, അതും ഈ കൂട്ടർ മറച്ചുവെക്കുകയാണ് പതിവ്.

"ചുരുക്കത്തിൽ  ജനങ്ങൾക്ക് ഒരുമിച്ച് കൂടാനുള്ള സൗകര്യം ഉണ്ടായിരിക്കുക എന്നതാണ് പെരുന്നാൾ നിസ്കാരത്തിൽ സ്ഥല നിർണയത്തിലെ മാനദണ്ഡം.  ജനങ്ങൾക്കെല്ലാം ഒരുമിച്ചു കൂടാൻ വിശാലമായ പള്ളി ഉണ്ടങ്കിൽ പള്ളി തന്നെയാണ് മുന്തിക്കപെടേണ്ടത്. " 

وَقَالَ الشَّافِعِيُّ فِي الْأُمِّ بَلَغَنَا أَنَّ رَسُولَ اللَّهِ ﷺ كَانَ يَخْرُجُ فِي الْعِيدَيْنِ إِلَى الْمُصَلَّى بِالْمَدِينَةِ وَكَذَا مَنْ بَعْدَهُ إِلَّا مِنْ عُذْرِ مَطَرٍ وَنَحْوِهِ وَكَذَلِكَ عَامَّةُ أَهْلِ الْبُلْدَانِ إِلَّا أَهْلَ مَكَّةَ ثُمَّ أَشَارَ إِلَى أَنَّ سَبَبَ ذَلِكَ سَعَةُ الْمَسْجِدِ وَضِيقُ أَطْرَافِ مَكَّةَ قَالَ فَلَوْ عُمِّرَ بَلَدٌ فَكَانَ مَسْجِدُ أَهْلِهِ يَسَعُهُمْ فِي الْأَعْيَادِ لَمْ أَرَ أَنْ يَخْرُجُوا مِنْهُ فَإِنْ كَانَ لَا يَسَعُهُمْ كُرِهَتِ الصَّلَاةُ فِيهِ وَلَا إِعَادَةَ وَمُقْتَضَى هَذَا أَنَّ الْعِلَّةَ تَدُورُ عَلَى الضِّيقِ وَالسَّعَةِ لَا لِذَاتِ الْخُرُوجِ إِلَى الصَّحْرَاءِ لِأَنَّ الْمَطْلُوبَ حُصُولُ عُمُومِ الِاجْتِمَاعِ فَإِذَا حَصَلَ فِي الْمَسْجِدِ مَعَ أفضليته كَانَ أولى (فتح الباري ٢/٤٥٠)

വിശാലമായ പള്ളികളുള്ള നമുടെ നാട്ടിൽ നിസ്കാരത്തിന് വേണ്ടി  ഗ്രൗണ്ടിലേക്ക് പോകുന്നതാണ് ശ്രേഷ്ടമെന്ന അഭിപ്രായം ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിക്കുമില്ല. 

സ്ത്രീകളെ തെരുവിലിറക്കണോ!? 

സ്ത്രീകൾക്ക് നിസ്കാരങ്ങൾക്ക് വീടാണുത്തമമെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടും നമ്മുടെ നാട്ടിലെ ചില മൗലവിമാർ പ്രസംഗിച്ചും ലേഖനങ്ങളെഴുതിയും സ്ത്രീകളെ പള്ളിയിലേക്കും ഈദ് ഗാഹിലേക്കും ക്ഷണിച്ചു കൊണ്ട് പോകുന്നുണ്ട്. സ്വകാര്യ റൂമാണ് സ്ത്രീകൾക്ക് ഉത്തമമെന്ന് തിരുനബി പറഞ്ഞിട്ടും പുണ്യത്തിന് പള്ളിയിലേക്ക് പോകുന്നത് വിരോധാഭാസം തന്നെയാണ്. 

സ്ത്രീകളെ ഈദ് ഗാഹിലേക്ക് കൊണ്ട് പോകാൻ മൗലവിമാർ ഏറെ ദുരുപയോഗം ചെയ്യുന്നതാണ് ഉമ്മു അത്വിയ്യയിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസ്. പ്രസ്തുത ഹദീസിനെ സംബന്ധിച്ചുള്ള പൂർവസൂരികളായ ഇമാമീങ്ങളുടെ വിശദീകരണത്തിലൂടെ നമുക്കൊന്ന്  കടന്ന് പോകാം. 

ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ഉമ്മു അത്വിയ്യ എന്നവർ പറയുന്നു: പെരുന്നാൾ സംഗമത്തിന് പുറപ്പെടാൻ ഞങ്ങൾ കൽപിക്കപെട്ടിരുന്നു. അങ്ങനെ ഞങ്ങളിലുള്ള ആർത്തവകാരികളും  അടിമകളും പെരുന്നാൾ സംഗമത്തിന് പുറപെട്ടിരുന്നു. ആർത്തവകാരികൾ നിസ്കാരത്തിന്റെ സമയത്ത് മാറി നിൽക്കുകയാണ് ചെയ്തിരുന്നത്.

(സ്വഹീഹുൽ ബുഖാരി: 981, സ്വഹീഹു മുസ്ലിം: 890) 

عَنْ أُمِّ عَطِيَّةَ قَالَتْ:

أُمِرْنَا أَنْ نُخْرِجَ الْحُيَّضَ يَوْمَ الْعِيدَيْنِ، وذوات الخدور، فيشهدان جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلُ الْحُيَّضُ عَنْ مُصَلَّاهُنَّ (صحيح البخاري:٣٤٤)

عَنْ أُمِّ عَطِيَّةَ  قَالَتْ: «أَمَرَنَا - تَعْنِي النَّبِيَّ ﷺ أَنْ نُخْرِجَ فِي الْعِيدَيْنِ الْعَوَاتِقَ، وَذَوَاتِ الْخُدُورِ. وَأَمَرَ الْحُيَّضَ أَنْ يَعْتَزِلْنَ مُصَلَّى الْمُسْلِمِينَ » (صحيح مسلم ٨٩٠)

ഫുട്ബോൾ ഗ്രൗണ്ടുകളിലും കന്നുകാലികൾ മേയുന്ന മൈതാനങ്ങളിലും നടക്കുന്ന ഈദുഗാഹുകളിലേക്ക് ഈ ഹദീസ് ഓതിയാണ് മൗലവിമാർ സ്ത്രീകളെ കൊണ്ടുപോകുന്നത്. എന്നാൽ ഇമാം നവവി അടക്കമുള്ള വലിയ മുഹദ്ദിസുകൾ ഈ ഹദീസ് വിശദീകരിച്ചു പറയുന്നത്: ഈ കാലഘട്ടത്തിൽ സ്ത്രീകൾ പെരുന്നാൾ നിസ്കാരത്തിന് മൈതാനങ്ങളിലേക്ക് പുറപ്പെടേണ്ടതില്ല എന്നാണ്. കാരണം സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ച കാലഘട്ടമാണിത്. സ്വഹാബി വനിതകൾ പോയിരുന്ന സമയത്ത് ഇങ്ങനെയുള്ള ഭീഷണികളൊന്നുമില്ലായിരുന്നു. (ശർഹ് മുസ്ലിം 6/ 176, ഇർഷാദുസ്സാരി 2/ 220) 

وأجابوا عن إِخْرَاجِ ذَوَاتِ الْخُدُورِ وَالْمُخَبَّأَةِ بِأَنَّ الْمَفْسَدَةَ فِي ذَلِكَ الزَّمَنِ كَانَتْ مَأْمُونَةً بِخِلَافِ الْيَوْمَ وَلِهَذَا صَحَّ عَنْ عَائِشَةَ رضي الله عنها لَوْ رَأَى رَسُولُ اللَّهِ ﷺ مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ (شرح مسلم: ٦/١٧٨)

واستحباب خروجهن مطلقًا إنما كان في ذلك الزمن حيث كان الأمن من فسادهن.(إرشاد الساري:٢/٢٢٠)

ഇമാം ഇബ്നു ഹജറിനിൽ അസ്ഖലാനി ഈ ഹദീസ് വിശദീകരിക്കുന്നു: സ്ത്രീകൾക്കും അവളെ കൊണ്ട് മറ്റുള്ളവർക്കും ഫിത്നക്ക് സാധ്യത ഇല്ലാത്തപോയും ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും വഴികളിലും പുരുഷൻമാരുമായി കൂടി കലരുന്ന രീതിയിൽ തിരക്കുകൾ

ഇല്ലാത്ത സാഹചര്യത്തിലും മാത്രമേ പ്രസ്തുത ഹദീസ് ബാധകമാവുകയുള്ളൂ. (ഫത്ഹുൽ ബാരി 2/ 471) 

يُخَصَّ ذَلِكَ بِمَنْ يُؤْمَنُ عَلَيْهَا وَبِهَا الْفِتْنَةُ وَلَا يَتَرَتَّبُ عَلَى حُضُورِهَا مَحْذُورٌ وَلَا تُزَاحِمُ الرِّجَالَ فِي الطُّرُقِ وَلَا فِي الْمَجَامِعِ (فتح الباري: ٢/٤٧١)

ഇമാം ഇബ്നു ഹജർ അൽഹൈതമി തുഹ്ഫത്തുൽ മുഹ്താജിൽ (2/ 471) 

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പറയുന്നു: നിരുപാധികം സ്ത്രീകൾ പുറപ്പെടണം എന്നറിയിക്കുന്ന ഹദീസുകളെല്ലാം ഫിത്നകളില്ലാത്ത ആ കാലഘട്ടത്തിൽ  മാത്രം ക്ലിപ്തമാകുന്നതാണ്. 

وَمَا اقْتَضَاهُ ظَوَاهِرُ الْأَخْبَارِ الصَّحِيحَةِ مِنْ خُرُوجِ الْمَرْأَةِ مُطْلَقًا مَخْصُوصٌ خِلَافًا لِكَثِيرِينَ أَخَذُوا بِإِطْلَاقِهِ بِذَلِكَ الزَّمَنِ الصَّالِحِ كَمَا أَشَارَتْ لِذَلِكَ عَائِشَةُ ﵂ بِقَوْلِهَا لَوْ عَلِمَ النَّبِيُّ ﷺ مَا أَحْدَثَ النِّسَاءُ بَعْدَهُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إسْرَائِيلَ.(تحفة: ٣/٤٠)

ചുരുക്കത്തിൽ സ്ത്രീകളെ ഈദ്ഗാഹുകളിലേക്ക് കൊണ്ടുപോകുന്നതിന് ഉദ്ധരിക്കുന്ന തെളിവുകളെല്ലാം ഇസ്ലാമിന്റെ ആദ്യ കാലത്തേക്ക് മാത്രം ബാധകമാണെന്ന് ഇമാമീങ്ങൾ പറഞ്ഞതും ഇവർ പറയുന്നത് ദുർവ്യാഖ്യനങ്ങൾ മാത്രമാണ് എന്നതും വ്യക്തമാണ്.

 

 

Related Posts