Site-Logo
POST

തസ്വവ്വുഫ്: ആത്മീയതയിൽ ഉരുത്തിരിയുന്ന ഇരുളും വെളിച്ചവും

തൻസീഹ് റശാദി കൽപ്പകഞ്ചേരി

|

12 Nov 2025

feature image

ഇസ്‌ലാമിൻ്റെ ആത്മാവാണ് തസവ്വുഫ് (ആധ്യാത്മികത). തസവ്വുഫിനെ മാറ്റിവെച്ച് ഇസ്‌ലാമിനെ വായിക്കാൻ ശ്രമിക്കുന്നത് അപൂർണമായിരിക്കും. അത്തരം പ്രത്യയശാസ്ത്രക്കാർ എത്തിച്ചേരുന്നത് വരണ്ട ഇസ്‌ലാമിലേക്കാണ്.
എന്നാൽ ശരിയല്ലാത്ത മാർഗങ്ങളിലൂടെ ആധ്യാത്മികതയെ മനസ്സിലാക്കാൻ ശ്രമിച്ച് അബദ്ധത്തിലെത്തിയവരുമുണ്ട്.

ഇസ്‌ലാം ദീനിനെ അടിസ്ഥാനപരമായി നിർവചിക്കുകയും മതത്തിന്റെ അടിത്തറയായി വൈജ്ഞാനിക ലോകം ഗണിക്കുകയും ചെയ്യുന്ന ഹദീസുകളിൽ സുപ്രധാനമാണ് ഹദീസു ജീബ്‌രീൽ(അ). ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ എന്നീ ദീനിന്റെ മൂന്ന് തലങ്ങളിലൂന്നിയുള്ള, മുഹമ്മദ് നബിﷺയും ജിബ്‌രീലും(അ) തമ്മിലുള്ള സംഭാഷണമാണ് ഹദീസിന്റെ പശ്ചാത്തലം. ശഹാദത്ത് കലിമ, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ബാഹ്യമായ കർമങ്ങളെ ഇസ്‌ലാമായും അല്ലാഹു, മലാഇകത്ത്, വേദഗ്രന്ഥങ്ങൾ, അമ്പിയാക്കൾ, അന്ത്യദിനം, ഖദ്ർ-ഖളാഅ് എന്നിവയിലുള്ള ആന്തരിക വിശ്വാസങ്ങളെ ഈമാനായും ഇലാഹീ സാമീപ്യത്തിലൂന്നിയ സമർപ്പണങ്ങളെ ഇഹ്‌സാനായും വേർതിരിക്കുന്നതാണ് പ്രസ്തുത ഹദീസിന്റെ ഇതിവൃത്തം (സ്വഹീഹുൽ ബുഖാരി: 50, സ്വഹീഹ് മുസ്‌ലിം: 8).

ഒരേ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന ദീൻ, ശരീഅത്ത്, മില്ലത്ത് തുടങ്ങിയ പ്രയോഗങ്ങളുടെ ശരിയായ പൂർണത; ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ എന്നിവയുടെ സംസ്ഥാപനത്തിലൂടെയാണെന്നു സാരം. ഹദീസു ജിബ്‌രീലിൽ പരാമർശിക്കപ്പെട്ട ഈ മൂന്ന് കാര്യങ്ങളിൽ നിന്നാണ് യഥാക്രമം ഇൽമുൽ ഫിഖ്ഹ്, ഇൽമുൽ ഉസ്വൂൽ, ഇൽമുത്തസ്വവ്വുഫ് എന്നിവ പണ്ഡിതലോകം പിൽക്കാലത്ത് കടഞ്ഞെടുത്തത്

എന്താണ് തസവ്വുഫ്?

ആധ്യാത്മികത ഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ വ്യത്യസ്തങ്ങളായ നിർവചനങ്ങളിലെത്താനാകുമെങ്കിലും താത്വികമായി എല്ലാം എത്തിച്ചേരുന്നത് ഒരേ അർത്ഥതലത്തിലേക്കാണ്. ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി(റ) നിര്‍വചിക്കുന്നു: ശാശ്വതവിജയം കൈവരിക്കുന്നതിനുവേണ്ടി, ആത്മസംസ്‌കരണത്തിന്റെയും, വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ നിര്‍മിതിയുടെയും സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനുള്ള വിജ്ഞാനമാണ് തസ്വവ്വുഫ്. ശൈഖ് അഹ്മദ് സര്‍റൂഖ്(റ) അതിനെ നിര്‍വചിച്ചുകൊണ്ട് എഴുതുന്നതിങ്ങനെയാണ്: ഹൃദയങ്ങളെ സംസ്‌കരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നൊക്കെ അവയെ മാറ്റി ഏകാഗ്രമാക്കലിനെ ലക്ഷ്യം വെക്കുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ്. കര്‍മങ്ങള്‍ നന്നാക്കുന്നതിനും അവയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിനും വിധിവിലക്കുകളിലെ ദൈവികയുക്തി പ്രകടമാക്കുന്നതിനുമുള്ള വിജ്ഞാനമാണ് ഫിഖ്ഹ് (ഖവാഇദു തസവ്വുഫ്). രണ്ടായിരത്തിലധികം നിർവചനങ്ങൾ, വ്യാഖ്യാനങ്ങൾ ഈ പദത്തിന് നമുക്ക് കാണാൻ കഴിയും.

വിവിധ നിര്‍വചനങ്ങള്‍ ഉദ്ധരിച്ചുകഴിഞ്ഞ ശേഷം ശൈഖ് സര്‍റൂഖ്(റ) അവയുടെ സംക്ഷിപ്തം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: "രണ്ടായിരത്തോളം രീതിയില്‍ തസ്വവ്വുഫ് വിവരിക്കപ്പെടുകയും നിര്‍വചന വിധേയമാവുകയും ചെയ്തിട്ടുണ്ട്. അവയുടെയൊക്കെ ആകെത്തുക,
صدق التوجه الى الله 
അല്ലാഹുവിനെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ളതാണ് ഈ വിജ്ഞാനശാഖ എന്നത്രേ. നിര്‍വചനങ്ങള്‍ അതിന്റെ ഭിന്നമായ അവതരണരീതികളാണെന്നുമാത്രം."

തസവ്വുഫിനെ മൂന്നായി തരം തിരിക്കാം

ഇസ്‌ലാം മനുഷ്യരെ മൂന്നായി തരംതിരിക്കുന്നുണ്ട്. ആ മൂന്ന് വിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തസവ്വുഫും മൂന്നായി തിരിയുന്നത്. ഈഖാളുൽ ഇമം അല്ലാമ ഇബ്നു അജീബ(റ) പറയുന്നത് കാണാം.
عوام،خواص،خواص الخواص
"പൊതുജനം, പ്രത്യേകക്കാർ, പ്രത്യേകക്കാരില്‍ പ്രത്യേകക്കാര്‍. ഇവർക്കോരോരുത്തർക്കും അവരുടേതായ ആധ്യാത്മികതയുണ്ട്.
പൊതുജനം: അല്ലാഹുവിനെ വിശ്വസിക്കേണ്ടത് പോലെ വിശ്വസിക്കുകയും, അവൻ പഠിപ്പിച്ച ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നവർ. ഇതിനെ ശരീഅത്ത് എന്ന് പറയാം.
പ്രത്യേകക്കാർ: ഒന്നാമത്തെ വിഭാഗത്തിന്റെ നിബന്ധനകളെല്ലാം ഒത്തതിനു ശേഷം അതിലും ശ്രേഷ്ഠമായ സ്ഥാനങ്ങളിലേക്ക് സഞ്ചരിക്കുന്നവർ. ഇതിന് ത്വരീഖത്ത് എന്ന് പറയും. ഇവരെക്കുറിച്ച് ഔലിയാക്കളെന്നും.
പ്രത്യേകക്കാരില്‍ പ്രത്യേകക്കാർ: ആ ആത്മീയ സഞ്ചാരത്തിലൂടെ യഥാർത്ഥ ലക്ഷ്യത്തിലെത്തിച്ചേർന്നവർ. ഇതിനെക്കുറിച്ച് ഹഖീകത്ത് എന്ന് പറയും.
ഇവരാണ് ഉന്നത ശ്രേണിയർ."

ഇവിടെ ഓരോരുത്തരും പാലിക്കേണ്ട തസവ്വുഫുണ്ട്. ഒന്നാമത്തെ വിഭാഗമടക്കം എല്ലാവർക്കും ഉണ്ടാകേണ്ടത് നിർബന്ധമായ തസവ്വുഫാണ്. ഓരോ മുസ്‌ലിമും ജീവിതത്തിൽ പ്രായോഗികമായി കൊണ്ടുവരേണ്ടത്. പൂർണാർത്ഥത്തിൽ ശരീഅത്ത് നിയമങ്ങൾ അനുസരിച്ചു ജീവിക്കുക എന്നതാണ് ആ നിർബന്ധമായ തസവ്വുഫ് (ഈഖാളുൽ ഇമം). സൂറതുൽ മാഇദ തൊന്നൂറ്റി മൂന്നാമത്തെ ആയത്തിൽ ഈ വിഭാഗങ്ങളിക്കുള്ള സൂചന കാണാം.

ശരീഅത്ത് എന്നാൽ, ബുദ്ധിയുള്ള മനുഷ്യരെ അവരുടെ നല്ല തെരഞ്ഞെടുപ്പുകൾ മുഖേന നന്മയിലേക്ക് നയിക്കുന്ന ഒരു ദൈവീക സംവിധാനമാണ് (തുഹ്ഫ). ഇസ്‌ലാം മുന്നോട്ട് വെക്കുന്ന നിയമസംഹിത, ജീവിത രീതിശാസ്ത്രം എന്നെല്ലാം ഇതിനെ നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പൂർണ്ണമായി പാലിക്കുക എന്നതാണ് നിർബന്ധമായ തസവ്വുഫ്. അത് എല്ലാ വിഭാഗങ്ങൾക്കും ബാധ്യതയാണ്. ആർക്കും ഒരു ഇളവുമില്ലതാനും.

രണ്ടാമത്തേത് ത്വരീഖത്ത്. ഉന്നതമായ സ്ഥാനങ്ങളിലേക്ക് കയറലും, അതിനുള്ള കടമ്പകൾ കടക്കലുമടക്കമുള്ള അല്ലാഹുവിന്റെ വഴിയിൽ പ്രവേശിച്ചവർക്കുള്ള പ്രത്യേകമായ മാർഗം
(തഅ്രീഫാത് 61). ഇവരാണ് സാലിക്കീങ്ങൾ. ഇവർക്ക് ത്വരീഖത്തിലേക്ക് കടക്കാനുള്ള കടമ്പകൾ ഓരോന്നോരോന്നായി ഇമാം ഗസ്സാലിയുടെ മിൻഹാജുൽ ആബിദീൻ, കിത്താബുൽ അദ്കിയാഅ് പോലോത്ത ഗ്രന്ഥങ്ങളിൽ എണ്ണി പറയുന്നത് കാണാം. ഈ കടമ്പകൾ എല്ലാം മറികടക്കുമ്പോഴാണ് ഹഖീഖത് എന്ന ഉന്നതസ്ഥാനത്ത് എത്തുന്നത്.

ആരാണ് ഔലിയാക്കൾ?

ഔലിയാഅ് എന്നത് വലിയ്യ് എന്ന അറബി പദത്തിന്റെ ബഹുവചനമാണ്. മലയാളത്തില്‍ പൊതുവെ ഇത് ഏകവചനമായി ഉപയോഗിച്ചു കാണുന്നു. വലിയ്യ് എന്നതിന് മഹാന്മാര്‍ നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്:

العارف بالله تعالى وصفاته حسبما يمكن ، المواظب على الطاعات ، المجتنب عن المعاصي ، المعرض عن الانهماك في الشهوات واللذات

”കഴിവിന്റെ പരമാവധി അല്ലാഹുവിനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അറിയുന്ന, സൽകര്‍മങ്ങള്‍ നിത്യമായി ചെയ്യുന്ന, പാപങ്ങളില്‍നിന്ന് വെടിഞ്ഞുനില്‍ക്കുന്ന, സുഖാഢംബരങ്ങളിലും ശരീരേച്ഛകളിലും മുഴുകുന്നതില്‍നിന്നും തിരിഞ്ഞു കളയുന്ന വ്യക്തിയാണ് വലിയ്യ്” (ശറഹുല്‍ അഖാഇദ്, നിബ്‌റാസ് സഹിതം: 295, ജംഉല്‍ ജവാമി: 2/420).

തസവ്വുഫിൽ ശരീഅത്ത് നിർബന്ധം

തസവ്വുഫിന്റെ ഓരോ ഘട്ടങ്ങളിലും ശരീഅത്ത് നിയമങ്ങൾ കൈവിടാതെ സൂക്ഷിക്കൽ നിർബന്ധമാണെന്നത് മുകളിൽ പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.
എങ്കിലും പലരും ഇസ്ലാമിനെയും സൂഫിസത്തെയും ചൂഷണം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഔലിയാക്കൾക്ക് ശരീഅത്ത് നിയമം ബാധകമല്ലെന്നത്. ആധ്യാത്മിക ഗ്രന്ഥങ്ങൾ മുഴുക്കെ ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ കാണാനാകും.

അല്ലാമാ ഇബ്‌നു അജീബ(റ) ഈഖാളുൽ ഹിമമിൽ പറഞ്ഞതു പ്രകാരം, ബാഹ്യമായ കർമങ്ങളെ ക്രമീകരിക്കുന്ന ശരീഅത്തും ആന്തരികമായ ആത്മീയ ഗുണങ്ങളെ ക്രമീകരിക്കുന്ന ത്വരീഖത്തും തമ്മിലുള്ള ബന്ധം, ഭാഷാപഠനത്തിൽ വ്യാകരണ ശാസ്ത്രവും (ഇൽമുന്നഹ്‌വ്) അലങ്കാര ശാസ്ത്രവും (ഇൽമുൽ മആനീ) തമ്മിലുള്ള പാരസ്പര്യം പോലെ സുദൃഢമാണ്. അഥവാ ഇൽമുന്നഹ്‌വ് ഇല്ലാതെ ഇൽമുൽ മആനീ ഉണ്ടാവില്ല. ഇതുപോലെ ശരീഅത്തില്ലാതെ ത്വരീഖത്തും ഉണ്ടാകില്ല (ഇമാം സുയൂത്വി(റ)-തഅ്‌യീദുൽ ഹഖീഖത്തിൽ അലിയ്യ: 21, ഇമാം ശഅ്‌റാനി(റ)-ലവാഖിഹുൽ അൻവാരിൽ ഖുദ്‌സിയ്യ). ഇമാം ശഅ്‌റാനി(റ) എഴുതി: ത്വരീഖത്തിൽ പ്രവേശിക്കുന്നവന് വഴിതെറ്റാതിരിക്കണമെങ്കിൽ ശരീഅത്തിൽ നിന്ന് അനുനിമിഷം പോലും വ്യതിചലിക്കാതെ മുജ്തഹിദുകളും അവരെ അനുഗമിച്ച ഇമാമുകളും സ്വീകരിച്ച മാർഗം പൂർണമായി അംഗീകരിക്കലും അല്ലാത്തവ തള്ളിക്കളയലും അനിവാര്യമാണ് (ലത്വാഇഫുൽ മിനൻ: 88). ഇത്തരത്തിൽ ശരീഅത്ത്, ത്വരീഖത്ത് എന്നിവ പരസ്പര പൂരകങ്ങളാണെന്നും ശരീഅത്തില്ലാതെയുള്ള ത്വരീഖത്ത് അംഗീകൃതമല്ലെന്നും ഇമാമുകൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് (നോക്കുക: അൽഅജ്‌വിബതുൽ മർളിയ്യ: 155, ഈഖാളുൽ ഹിമം: 31, മസ്‌ലകുൽ അത്ഖിയാഅ്: 13).

ശൈഖും ത്വരീഖത്തും

ദീനിന്റെ മൂന്നിലൊരു ഭാഗമായ ഇഹ്‌സാനിന് (തസവ്വുഫ്) മൂന്ന് മർത്തബകളാണുള്ളതെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. സാധാരണക്കാരടക്കം എല്ലാവർക്കും നിർബന്ധമായിട്ടുള്ളത് ആദ്യ മർത്തബയാണ്. ഇതോടു കൂടി പൂർണമാകുന്ന ദീനിന്, സവിശേഷമായ പരിപൂർണത കൈവരിക്കുന്ന ഘട്ടങ്ങളാണ് തുടർന്നുള്ള രണ്ട് മർത്തബകൾ. അടിസ്ഥാനപരമായ ഇഹ്‌സാൻ പൂർത്തീകരിച്ച് ഉന്നത പദവികളിൽ പ്രയാണമാരംഭിച്ച സാലികീങ്ങൾക്ക് ത്വരീഖത്ത് ബുദ്ധിപരമായ അനിവാര്യതയാണ്. അല്ലാമാ ശാലിയാത്തി(റ) വിശദീകരിക്കുന്നു: ശൈഖിനെ തേടൽ ശർഇയ്യായ നിർബന്ധ കടമയല്ല. മറിച്ച്, ബുദ്ധിപരമായ അനിവാര്യതയാണ്. ദാഹിച്ച് വലഞ്ഞവന് ജീവജലം കിട്ടിയില്ലെങ്കിൽ മൃതിയടയുമെന്നതിനാൽ വെള്ളം തേടൽ ബുദ്ധിപരമായ അനിവാര്യതയാവുന്നത് പോലെയാണിതും. അല്ലാഹുവിനെ ആരാധിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സൃഷ്ടിക്കപ്പെട്ട അടിമകൾക്ക് പ്രാഥമികമായ നിർബന്ധ ബാധ്യത ആത്മാർത്ഥമായ ആരാധനയാണ്. എന്നാൽ അതിന് തടസ്സമാവുന്നവ തരണം ചെയ്യാൻ പരിപൂർണനായൊരു ശൈഖിലേക്ക് ആവശ്യമെങ്കിൽ അവരെ അന്വേഷിക്കലും നിർബന്ധമാകും. നിർബന്ധ കൽപ്പനകളും നിരോധനകളും പഠിപ്പിച്ചുതരുന്ന ശൈഖുത്തഅ്‌ലീമിനെ അന്വേഷിക്കൽ മാത്രമാണ് ഏതൊരു വ്യക്തിയോടും മതം നിഷ്‌കർഷിക്കുന്നത് (അല്ലാമാ ശാലിയാത്തി(റ) - അൽഫതാവൽ അസ്ഹരിയ്യ: 53).

തസവ്വുഫും പണ്ഡിതന്മാരുടെ വിമർശനങ്ങളും

എല്ലാ വിഷയങ്ങളിലുമെന്നപോലെ സൂഫിസത്തിലും വ്യാജന്മാരുടെ കടന്നുകയറ്റമുണ്ടായി. ഈ സമയം സത്യവും അസത്യവും വേർതിരിച്ച് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സ്വാഭാവികമായും പണ്ഡിതന്മാർക്കാണല്ലോ.
അത്തരത്തിലുള്ള പല വ്യാജ ശൈഖന്മാരുടെയും അടയാളങ്ങളെ പൂർവിക പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇമാം ഇബ്നുൽ ഹാജിന്റെ അൽ മദ്ഖലിലും
ഇമാം ശഅറാനിയുടെ മിലലുൽ കുബറയിലും ഇതിന്റെ വിശദീകരണങ്ങൾ കാണാം. അല്ലാമ ഇബ്നു അജീബ ഈഖാളുൽ ഹിമമിൽ പറയുന്നത് കാണാം: മതനിയമങ്ങൾ കൃത്യമായി നടപ്പിലാക്കുക എന്ന ഉത്തരവാദിത്വം പണ്ഡിതന്മാർക്കായതുകൊണ്ട് തന്നെ പണ്ഡിതർക്ക് സൂഫികളെ വിമർശിക്കാം, പക്ഷേ സൂഫികൾക്ക് തിരിച്ച് വിമർശിക്കാനാവകാശമില്ല. മതനിയമത്തിന്റെ വിഷയത്തിൽ ഫിഖ്ഹാണ് പരിഗണിക്കേണ്ടത്.
ഇത്തരത്തിൽ തീർത്തും സത്യസന്ധമായ കാരണങ്ങളാൽ പല തസ്വവ്വുഫ്/ത്വരീഖത്ത് പ്രകടനങ്ങളെയും പണ്ഡിതർ വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇത് അവർ തസ്വവ്വുഫ്, ത്വരീഖത്തുകൾക്ക് തീർത്തും എതിരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ഉത്സാഹിച്ചത്.

മുറബ്ബിയായ ശൈഖിനെ ലഭിച്ചില്ലെങ്കിൽ ഏറ്റവും സംശുദ്ധമായ ജീവിതവും, സുഹ്ദും (പരിത്യാഗം), കർമശാസ്ത്ര പാഠങ്ങളും ശരിയായ പാതയിലേക്ക് വഴികാണിക്കുമെന്ന് ഇമാമുമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇൽമ് (വിജ്ഞാനം) കൊണ്ട് പൂർണമായ ആന്തരിക ശുദ്ധി കൈവരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർത്ഥിക്ക് ശൈഖായി അവന്റെ ഇൽമ് തന്നെ മതിയാകുമെന്നും, ആത്മീയ വിശുദ്ധി പൂർണമായിട്ടില്ലെങ്കിൽ മുർശിദായ ഒരു ശൈഖിനെ തേടണമെന്നും ഇമാം ശഅ്‌റാനി(റ) അൽ അൻവാറുൽ ഖുദ്സിയ്യയിൽ പറഞ്ഞിട്ടുണ്ട്.

ഇമാം മാലിക്ക് (റ) പറയുന്നത് കാണാം:
ഒരാൾ തസവ്വുഫ് സ്വീകരിക്കുകയും ഫിഖ്ഹ് പ്രാക്ടീസ് ചെയ്യാതിരിക്കുകയും ചെയ്താൽ മതഭ്രഷ്ടനായി മാറും.
ഒരാൾ ഫിഖ്ഹ് സ്വീകരിക്കുകയും തസവ്വുഫിലേക്ക് കടക്കാതിരിക്കുകയും ചെയ്താൽ അവൻ ഫാസികായി (തെമ്മാടി) മാറും. ഇവിടെ ഫിഖ്ഹിനൊപ്പം തസ്വവ്വുഫ് കൂടെ വേണമെന്ന് പറഞ്ഞത് മുകളിൽ സൂചിപ്പിച്ച നിർബന്ധമായ ഭാഗത്തെ കുറിച്ചാണ്. ഫിഖ്ഹും അങ്ങനെ തന്നെ. ഫിഖ്ഹിൻ്റെ എല്ലാ നിയമങ്ങളും പഠിക്കൽ നിർബന്ധമുള്ള കാര്യമല്ലല്ലോ.

തസവ്വുഫിന്റെ അഹ് ലുകാരെ കുറിച്ച് വിശദമായ അവതരണം ശൈഖ് ജീലാനിയുടെ സിറുൽ അസ്റാറിൽ കാണാം. അതിൽ പന്ത്രണ്ട് വിഭാഗങ്ങളെ എണ്ണുകയും,സത്യവും മിഥ്യയും വേർതിരിക്കുകയും ചെയ്യുന്നുണ്ട്.
ശരീഅത്ത് നിയമങ്ങൾ പാലിക്കാത്ത പല വിഭാഗങ്ങളെയും അതിൽ പരിചയപ്പെടുത്തുന്നുമുണ്ട്.

ചുരുക്കത്തിൽ തസവ്വുഫ് എന്നത് ഇസ്ലാമിൻ്റെ ശരിയായ പരിപൂർണ്ണതയാണ്. ഇന്നോ ഇന്നലെയോ ഇസ്ലാമിൽ കടന്നുകൂടിയ ഒന്നല്ല. എന്നാൽ അവയെ മനസ്സിലാക്കുന്നിടത്തും വ്യാഖ്യാനിക്കുന്നിടത്തും പലർക്കും സ്കലിതങ്ങൾ സംഭവിച്ചു. ഒരു ഭാഗത്ത് തസവ്വുഫിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ മറുഭാഗത്ത് ഒരു വിഭാഗം അതിനെ ചൂഷണം ചെയ്യുന്നു. രണ്ടിനും ഇടയിൽനിന്ന് സത്യത്തെയും അസത്യത്തെയും വേർതിരിച്ച് കാണിക്കുക എന്നത് പണ്ഡിത ബാധ്യതയാണല്ലോ. അതാണ് എക്കാലത്തും അഹ്ലുസ്സുന്നയുടെ പണ്ഡിതർ നിർവഹിച്ചിട്ടുള്ളത്. അവയെ കൃത്യമായി മനസ്സിലാക്കി ശരിയെ തിരഞ്ഞെടുക്കുകയെന്നതാണ് ഇസ്ലാമിക വശം.

Related Posts