ഇമാമീങ്ങൾ വ്യക്തമാക്കുന്നു.
നബി തങ്ങളുടെ മാതാപിതാക്കൾ നരകത്തിലല്ല, സ്വർഗത്തിലാണ് എന്ന് അടിവരയിട്ട് പറയുന്നു മഹാന്മാർ:
ഇബ്‌നു ഹജർ(റ) അൽ മിനഹുൽ മക്കിയയിൽ പറയുന്നു:
كمَا طَابَتْ ذَاتُكَ بِمَا أُوتِيتَهُ مِنَ الْكَمَالِ الْأَعْلَى طَابَ نَسَبُكَ ، فَلَمْ يَكُنْ فِي أُمَّهَاتِكَ مِنْ لَدُنْ حَوَاءَ إِلَى أُمِّكَ آمِنَةَ، وَلَا فِي آبائِكَ مِنْ لَدُنْ آدَمَ إلى أبيك عبد اللَّهِ إِلَّا مَنْ هُوَ مُصْطَفَى مختار
ഔന്നിത്യവും പരിപൂർണ്ണതയും നൽകപ്പെടുക വഴി താങ്കൾ സംശുദ്ധരാണെന്ന പോലെ താങ്കളുടെ കുടുംബ പരമ്പരയും സംശുദ്ധമാണ്. ആദ്യ ഉമ്മ ഹവ്വാ ബീവി തൊട്ട് താങ്കളുടെ ഉമ്മ ആമിനാബീവിവരെയുള്ള ഉമ്മമാരിലും ആദംനബി മുതൽ താങ്കളുടെ പിതാവ് അബ്ദുല്ല വരെയുള്ള പിതാക്കന്മാരിലും സംശുദ്ധരും തിരഞ്ഞെടുക്കപ്പെട്ടവരും അല്ലാത്ത ആരുമില്ല.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസ് ഇതിന് സാക്ഷി നിൽക്കുന്നുണ്ട്.
حدثنا قتيبة بن سعيد حدثنا يعقوب بن عبد الرحمن عن عمرو عن سعيد المقبري عن أبي هريرة رضي الله عنه أن رسول الله الله ، قال : بُعثتُ من خير قرون بني آدم قرناً فقرناً حتى صد كنت من القرن الذي كنتُ منه. صحيح البخاري / ٣٥٥٧
നബി തങ്ങൾ പറയുന്നു: ആദം സന്തതികളുടെ നൂറ്റാണ്ടുകളിൽ വെച്ച് ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിക്കപ്പെട്ടു. അങ്ങനെ ഞാനിപ്പോഴുള്ള നൂറ്റാണ്ടിൽ ഞാനെത്തിപ്പെട്ടു.
ഈ ഹദീസ് വിശദീകരിച്ച് ഇമാം മുനാവി പറയുന്നു:
ആദം സന്തതികളുടെ ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിക്കപ്പെട്ടു എന്ന തിരുമേനിയുടെ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ തലമുറകളിലെയും ഉത്തമരിലൂടെ കടന്ന് വന്ന് ഞാൻ ജീവിക്കുന്ന നൂറ്റാണ്ടിൽ എത്തി എന്നാണ്. ഖർന് എന്ന പദത്തിന് രണ്ട് അർഥം ഉണ്ട്. ഒന്ന് നൂറ്റാണ്ട് എന്നും മറ്റൊന്ന് ഒരേ നൂറ്റാണ്ടിൽ പ്രായത്തിലും സ്ഥിതി ഗതികളിലും ഒരുമിച്ച് ജീവിക്കുന്ന ആളുകൾ എന്നും. ഇവിടെ രണ്ടാമത്തെ അർഥമാണ് ഉദ്ദേശ്യം. ഈ ഹദീസിലെ ഫാഇൻ്റെ ഉദ്ദേശ്യം അകന്ന പിതാമഹൻമാരിൽ നിന്നും അടുത്തതിലേക്കുള്ള ക്രമമാണ്. (ഫൈളുൽ ഖദീർ: 3/264)
അഥവാ അകന്ന പിതാക്കൻമാർക്ക് വരെ ശ്രേഷ്ടത ഉണ്ട് എന്ന് ചുരുക്കം. നബി തങ്ങൾ കടന്ന് വന്ന ഓരോരുത്തരും ഉത്തമൻമാരാണ് എന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാകും.
നബി തങ്ങൾ ഈ ഹദീസിൽ പ്രസ്താവിച്ച ഉത്തമർ കാഫിരീങ്ങളായിരിക്കില്ല എന്നുറപ്പാണല്ലോ. കാഫിരീങ്ങൾ ഒരിക്കലും ഉത്തമരാവുകയില്ല.
ഇമാം റാസി(റ) എഴുതുന്നു.
നബി തങ്ങളുടെ ഉപ്പാപ്പമാരിൽ ഒറ്റ ഒരാളും മുശ്രികല്ല. (തഫ്‌സീറു റാസി)
ഇനി ഉമ്മയെ കുറിച്ച് ഇമാം ഇബ്നു സഅ്ദ്(റ)(ഹി.230) അവിടുത്തെ ത്വബഖാതിൽ എഴുതുന്നു.
قَالَ: أَخْبَرَنَا هِشَامُ بْنُ مُحَمَّدِ بْنِ السَّائِبِ الْكَلْبِيُّ عَنْ أَبِيهِ قَالَ: كَتَبْتُ لِلنَّبِيِّ عَلَيْهِ الصَّلاةُ وَالسَّلامُ. خَمْسَمِائَةِ أُمٍّ فَمَا وَجَدْتُ فِيهِنَّ سِفَاحًا وَلا شَيْئًا مِمَّا كَانَ مِنْ أَمْرِ الْجَاهِلِيَّةِ. [الطبقات الكبرى ط العلمية 1/ 50]
നബി തങ്ങളുടെ 500 ഉമ്മമാരെ ഞാൻ എഴുതി വെച്ചിട്ടുണ്ട്. അവരിൽ വ്യഭിചാരമോ ജാഹിലിയ്യാ സംസ്‌കാരമോ (അഥവാ ബഹുദൈവാരാധന, കള്ള്, പെൺ മക്കളെ കുഴിച്ച് മൂടുക) ഉണ്ടായിരുന്നില്ല. (ത്വബഖാത്ത് അൽ കുബ്റ:3/60)
ഇമാം സുയൂതി അവിടുത്തെ അൽ ഹാവി ലിൽ ഫതാവാ എന്ന ഗ്രന്ഥത്തിൽ പറയുന്നു:
നരകത്തിൽ ഏറ്റവും ലളിതമായ ശിക്ഷലഭിക്കു ന്നയാൾ അബൂത്വാലിബാണെന്ന് പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. നബിയുടെ മാതാപിതാക്കൾ നരകത്തിലല്ലെന്ന് കാണിക്കുന്ന ഒരു തെളിവാണ്. കാരണം അവർ നരകത്തിലാണെങ്കിൽ അബൂത്വാലിബിനേക്കാൾ ലളിതമായ ശിക്ഷ ലഭിക്കേണ്ടത് അവർക്കാണല്ലോ. കാരണം നബിയോട് കൂടുതൽ അടുപ്പമുള്ളവർ അവരാണ്. മാത്രമല്ല നബി പ്രവാചകരായി വന്നപ്പോൾ അവർ ജീവിച്ചിരിക്കുകയോ അവർക്കു മുമ്പിൽ നബി ഇസ്ലാം അവതരിപ്പിക്കുകയോ ചെയ്യാത്തതു കൊണ്ട് അബൂത്വാലിബിനേക്കാൾ കാരണം ബോധിപ്പിക്കാനുള്ളതും അവർക്കാണ്.
ഇബ്നു അബ്ബാസിൽ നിന്നും ഇബ്നു മർദവൈഹി ഉദ്ധരിക്കു ഹദീസിൽ:
ആദം നബി സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കൾ എവിടെയായിരുന്നു എന്ന് ഞാൻ ചോദിച്ചു: അപ്പോൾ നബി(സ) അണപ്പല്ലുകൾ വെളിവാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു: "അന്ന് ഞാൻ ആദം നബിയുടെ മുതുകില് ഉണ്ടായിരുന്നു. എൻ്റെ പിതാവ് നൂഹ് നബിയുടെ മുതുകിലായിരിക്കെ ഞാൻ കപ്പലിൽ കയറി, എൻ്റെ പിതാവ് ഇബിറാഹീം നബിയുടെ മുതുകിലായിരിക്കെ എന്നെ തീയിൽ എറിയപ്പെട്ടു. ശുദ്ധമായ എന്നല്ല സംശുദ്ധമായ മുതുകുകളിൽ നിന്ന് സംശുദ്ധമായ ഗർഭാശയങ്ങളിലേക്ക് സംശുദ്ധനായ നിലയിൽ അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. രണ്ട് ഗോത്രങ്ങളായി പിരിയുമ്പോൾ ഉത്തമമായ ഗോത്രത്തിൽ അല്ലാഹു എന്നെ ആക്കി. (അദ്ദുർറൂൽ മൻസൂർ 7/419)
ഇവിടെയും സംശുദ്ധമായ എന്ന പ്രയോഗം അവരൊരിക്കലും കാഫിറായിരുന്നില്ല എന്നതിനെയാണ് വ്യക്തമാക്കുന്നത്.
അല്ലാമാ ആലൂസി അദ്ദേഹത്തിൻ്റെ കിതാബിൽ പറയുന്നു:
അവർ കാഫിറുകളായിരുന്നുവെന്ന് പറയുന്നവർ കാഫിറായിപോകുന്നതിനെ ഞാൻ ഭയക്കുന്നു. (റൂഹുൽ മആനി 14/278)
നബി തങ്ങൾക്ക് മുമ്പ് ഒറ്റ മുസ്ലിമും ഉണ്ടായിരുന്നില്ല, പിന്നെ എങ്ങനെയാണ് നബി തങ്ങളുടെ മാതാപിതാക്കൾ മുസ്ലിമാവുക എന്ന പരിഹാസ വാദത്തിന് ഇമാം അബ്ദു റസാഖ് ഉദ്ദരിച്ച ഹദീസിൽ മറുപടിയുണ്ട്.
മഹാനായ ഹാഫിള് അബൂബക്കർ അബ്ദു റസാഖ് അദ്ദേഹത്തിൻ്റെ കിതാബിൽ പറയുന്നു: ഭൂലോകത്ത് എക്കാലത്തും കുറഞ്ഞത് 7 മുസ്ലിങ്ങൾ എങ്കിലും ഉണ്ടാകും, അല്ലെങ്കിൽ ഈ ഭൂലോകം നശിച്ച് പോകുമായിരുന്നു എന്ന ഹദീസ് ഉണ്ടല്ലോ, അതിൻ്റെ പരമ്പരയിൽ ഉളളവർ മുഴുവനും ബുഖാരി മുസ്ലിമിൻ്റെ ശർത്ത് ഒത്ത റാവിമാരാണ് ഉള്ളത്. (മുസ്വന്നിഫു അബ്ദു റസാഖ്: 5/95)
മഹാനവറുകൾ മാത്രമല്ല സുയൂത്തി ഇമാമും ഇതേ ആശയം അദ്ദേഹത്തിൻ്റെ ഫത്‌വയിൽ പങ്ക് വെക്കുന്നുണ്ട്. ഇവ രണ്ടും നബി തങ്ങളുടെ മാതാപിതാക്കൾ മുസ്ലിങ്ങൾ ആയിരുന്നു എന്നതിന് ശക്തി പകരും. കൂടാതെ നബി തങ്ങളുടെ പിതാമഹൻമാർ സമകാലികരേക്കാൾ ഉത്തമമാണ് എന്ന് സമർത്ഥിക്കുകയും ചെയ്യുന്നുണ്ട്. (അൽ ഹാവി ലിൽ ഫതാവാ: 2-416)
ഇമാം റാസി അസ്റാറു തൻസീലിൽ പറയുന്നു: അവരിൽ (നബി തങ്ങളുടെ മാതാപിതാക്കളിൽ) ബഹുദൈവ വിശ്വാസവും വിഗ്രഹാരാധനയും സ്ഥിരപ്പെട്ടിട്ടില്ല. മാത്രമല്ല അവർ സൈദുബ്നുഅംറിബ്‌നിനുഫൈൽ, വറഖത്തുബ്‌നുനൗഫൽ, തുടങ്ങിയവരെപ്പോലെ നബി തങ്ങളുടെ പിതൃവ്യൻ ഇബ്‌റാഹീം നബിയുടെ സത്യമാർഗ്ഗം പിൻപ്പറ്റി ജീവിച്ചവർ ആയിരുന്നു.(അസ്റാറു തൻസീൽ)
കുടുംബ പരമ്പര, വിവാഹ ബന്ധം, തറവാട് എന്നിവയിൽ ഞാൻ നിങ്ങളെക്കാൾ ഉത്തമൻ ആണ് എന്ന് നബിതങ്ങൾ(സ) തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ, കാഫിർ ആയ കുടുംബ പരമ്പര പറഞ്ഞ് കൊണ്ടാണോ ഇങ്ങനെ തങ്ങൾ പ്രസ്താവിക്കുക. തൗബയുടെ 128മത് ആയതിൽ അൻഫുസ് എന്ന പദത്തിന് പകരം അൻഫസ് എന്ന് ഓതി, എന്നിട്ടാണ് ഈ പ്രസ്താവന നടത്തുന്നത്. ഇത് ഇബ്ൻ മർദ്ദവൈഹി അനസ് رضي الله عنه നെ തൊട്ട് ഉദ്ധരിക്കുന്നുണ്ട്.
ചില ചോദ്യങ്ങളും ഉത്തരങ്ങളും:
1. അറബികൾ വിഗ്രഹാരാധന നടത്തിയിരുന്ന കാലത്ത് മരിച്ചവർ നരകത്തിലാണ് എന്ന് നവവി ഇമാം പറഞ്ഞിട്ടില്ലേ, അത് നിങ്ങൾക്ക് പ്രമാണം അല്ലെ...?
മറുപടി
നവവി ഇമാം ശർഹു മുസ്ലിമിൽ പറഞ്ഞത് നമുക്ക് വായിക്കാം.
إن من مات في الفترة على ما كانت عليه العرب من عبادة الأوثان.. فهو في النار ، وليس في هذا مؤاخذة قبل بلوغ الدعوة ؛ فإن هؤلاء كانت قد بلغتهم دعوة إبراهيم وغيره عليه الصلاة والسلام…
ഇബ്‌നു ഹജർ രണ്ട് രൂപത്തിൽ ഇതിന് മറുപടി പറയുന്നുണ്ട്. ഒന്ന് ഇതിനെ വ്യാഖാനിച്ചും മറ്റൊന്ന് ഇതിനെ റദ്ദ് ചെയ്ത് കൊണ്ടും.
ഇബ്‌നു ഹജർ പറയുന്നു:
فبعيد جداً ؛ للاتفاق على أن إبراهيم ومن بعده لم يرسلوا للعرب ، ورسالة إسماعيل إليهم انتهت بموته ؛ إذ لم يعلم لغير نبينا صلى الله عليه وسلم عموم بعثه بعد الموت ، وقد يؤول كلامه بحمله على عباد الأوثان الذين ورد فيهم أنهم في النار
ഈ അഭിപ്രായം സത്യത്തിൽ നിന്നും അകന്നത് ആണ്. കാരണം ഇബ്റാഹിം നബിയെ അറബികളിലേക്ക് അയച്ചിട്ടില്ല എന്നതിൽ പണ്ഡിതന്മാർ ഐക്യപ്പെട്ടിരിക്കുന്നു. (നവവി ഇമാം പറഞ്ഞത്, പ്രബോധനം എത്തുന്നതിന് മുമ്പ് ശിക്ഷിക്കുക എന്ന ഒന്നില്ല. ഇവർക്ക് ഇബ്രാഹിം നബിയുടെ പ്രബോധനം ലഭിച്ചിട്ടുണ്ട് എന്നാണ്) ഇതിനെ ഇബ്ൻ ഹജർ റദ്ദ് ചെയ്തു. ഇബ്‌നു ഹജർ തുടരുന്നു. ഇസ്മായിൽ നബിയുടെ രിസാലത്ത് അത് അദ്ദേഹത്തിൻ്റെ മരണ ശേഷം അവസാനിക്കുകയും ചെയ്തു. വഫാത്തിന് ശേഷവും രിസാലത്ത് മുറിയാത്തത് നമ്മുടെ നബിയുടെ മാത്രം പ്രത്യേകതയാണ്. മറ്റൊരു മറുപടി ഇങ്ങനെയാണ്: അല്ലെങ്കിൽ നവവി ഇമാമിൻ്റെ വാക്ക് വ്യാഖ്യാനിക്കണം. അക്കാലത്ത് വിഗ്രഹാരാധന നടത്തിയവർ ആണ് നരകത്തിൽ എന്ന് വെക്കണം. അപ്പോള് പ്രശ്നമില്ല, കാരണം നബി തങ്ങളുടെ മാതാപിതാക്കൾ വിഗ്രഹാരാധന നടത്താത്തവരും വെറുത്തവരും ആണ്.(അൽ മിനഹുൽ മക്കിയ)
ചോദ്യം
ഇബ്റാഹിം നബിയുടെ പിതാവ് കാഫിർ ആണ് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ, പിന്നെ നമ്മുടെ നബിയുടെ മാതാപിതാക്കൾ കാഫിർ ആയാൽ എന്താണ് പ്രശ്നം...?
മറുപടി
ഒരു നബിയുടെയും മാതാപിതാക്കൾ കാഫിർ അല്ല.
അബ് എന്ന പദം അമ്മ് അഥവാ പിത്യസഹോദരൻ എന്ന അർത്ഥത്തിന് ഉപയോഗിക്കാറുണ്ട്. ഇബ്‌നുൽ മുൻദിർ ഇബ്നു ജുറൈജിയിൽ നിന്നും ഉദ്ധരിക്കുന്നു: "ആസർ ഇബ്റാഹീം നബിയുടെ പിതാവല്ല, പിത്യസഹോദരനാണ്.
കാരണം ഇബ്റാഹീം നബി ഫാഖിലിൻ്റെ മകൻ നാഹൂറിന്റെ മകൻ ശാറൂഖിൻ്റെ മകൻ താറഹിൻ്റെ മകൻ ആണ്“ ആസർ ഇബ്റാഹീം നബിയുടെ പിത്യസഹോദരനാണെന്ന് ഇബ്‌നുഅബീ ശൈബ, ഇബ്‌നുൽ മുൻദിർ, ഇബ്നു അബീഹാതിം എന്നിവർ മൂജാഹിദ് (റ)വിനെ ഉദ്ധരിച്ച് വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്‌തിട്ടുണ്ട്. ഇമാം സുയൂത്വി പറയുന്നു: ഇബ്‌നുൽ മുൻദിർ തൻ്റെ തഫ്‌സീറിൽ പ്രബലമായ പരമ്പരയിലൂടെ സുലൈമാന്‌ബ്‌നു സ്വർദിയിൽ നിന്നും ഉദ്ധരിച്ചത് ഈ ആശയത്തിന് ശക്തി പകരുന്നു. (അൽഹാവി ലിൽഫതാവാ:2/203)
സമാന കിതാബിൽ ഇമാം സുയൂതി പറയുന്നു: ഇബ്റാഹീം നബിയെ തീയിൽ ഇട്ടപ്പോൾ, ആസർ ഞാൻ കാരണം ആണ് ഇബ്റാഹീം രക്ഷപ്പെട്ടത് എന്ന് പറഞ്ഞു. അപ്പോൾ തന്നെ ആസർ കരിഞ്ഞ് പോയി. ഈ അസറിൽ അമ്മ് എന്ന പദം ആണ് ആസറിനെ കുറിച്ച് പറഞ്ഞത്. ഇതിൽ നിന്നും തീർത്തും വ്യക്തമായി ആസർ ഇബ്റാഹീം നബിയുടെ പിതാവല്ല എന്ന്. മറിച്ച് പിതാ സഹോദരൻ ആണ് എന്നും.
ചോദ്യം
നബി തങ്ങൾ തന്നെ പറയുന്നു, എൻ്റെ ഉപ്പയും നിൻ്റെ ഉപ്പയും നരകത്തിൽ ആണ് എന്ന്, പിന്നെ എന്താ പ്രശ്നം...?
മറുപടി
സ്വഹീഹുൽ മുസ്ലിമിലെ ഈ ഹദീസ് ابي എന്ന വാക്ക് ആണ് ഉപയോഗിച്ചത്. അബ് എന്ന പദം പിതാസഹോദരൻ എന്ന അർത്ഥത്തിൽ വരും എന്ന് മുമ്പ് പ്രസ്താവിച്ചല്ലോ…
പക്ഷെ അതിൽ ചില കാര്യങ്ങള് കൂടി പറയണം എന്ന് തോന്നുന്നു. ان ابي واباك എന്ന പ്രയോഗം ഹമ്മാദ് ഇബ്ൻ സലമ, സാബിത്ത്, അനസ് رضي الله عنهم എന്ന വഴിയിൽ മാത്രം ആണ്. മഅമർ, സാബിത്ത് ഈ വഴിയിൽ വരുന്ന ഹദീസിൽ ഈ പ്രയോഗം ഇല്ല. മറിച്ച് اذا مررت بقبر كافر فبشره بالنار ഈ പ്രയോഗം ആണ് ഉള്ളത്. ഇതിൽ കൂടുതൽ സ്ഥിരത ഉള്ളതും വിശ്വസനീയമായതും മഅമറിൻ്റെത് ആണ് എന്നും ഹമ്മാദിൻ്റെ ഹിഫിളിൽ വിവിധ സംസാരം ഉണ്ട് എന്നും ഇമാം ഹാക്കിം തൻ്റെ മുസ്തദ്‌റക്ക് എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. മാത്രമല്ല ഇതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്നും ഇതിലെ റാവിമാര് ശൈഖൈനിയുടെ നിബന്ധനയിൽ പെട്ടതാണ് എന്നും ഇമാം ബൈഹഖിയും, ത്വബ്റാനിയും പറയുന്നുണ്ട്. ഇബ്‌റാഹീമുബ്‌നുസഅദ്, സുഹ്‌രീ, സാലിം വഴിയായി ഇബ്ൻ മാജ സാലിമിൻ്റെ പിതാവിൽ നിന്ന് നിവേദനം ചെയ്‌ത ഹദീസിലും ഇതേ ആശയം കാണാം.
ചോദ്യം
5. നബി തങ്ങൾ ഉമ്മക്ക് വേണ്ടി പാപം പൊറുക്കൽ ക്രിയ ചെയ്യാൻ വേണ്ടി സമ്മതം ചോദിച്ചപ്പോൾ അല്ലാഹു സമ്മതം കൊടുത്തില്ലല്ലോ...? മാത്രമല്ല ഇമാം നവവി അതിന് നബി തങ്ങളുടെ ഉമ്മ കാഫിർ ആണ് എന്ന് തോന്നും വിധം വ്യാഖ്യാനവും എഴുതിയിട്ടുണ്ടല്ലോ...?
മറുപടി
استأذنت ربي أن أستغفر لأمي فلم يأذي لي وأستأذنته أن أزور قبرها فأذن لي
ഇതാണ് മുസ്ലിമിലെ പ്രസ്തുത ഹദീസ്. നബി തങ്ങൾക്ക് സമ്മതം കൊടുക്കാത്തതിൻ്റ കാരണം ആയി ഇബ്ൻ ഹജർ അൽ മിനഹുൽ മക്കിയയിൽ പറയുന്നത് കാണാം. നബി തങ്ങളുടെ മാതാപിതാക്കളുടെ പുനർ ജന്മത്തിന് മുമ്പ് ആയിരിക്കും ഈ സംഭവം. അവർ ഫത്രത്തിൻ്റെ കാലത്ത് ഉളളവർ ആയത് കൊണ്ട് അവർക്ക് തെറ്റ് ഇല്ല, പിന്നെ എന്തിനാണ് പാപം പൊറുക്കൽ. ഇതാണ് മറ്റു ചില ഉലമാക്കളുടെ അഭിപ്രായം.
فيه جواز زيارة المشركين في الحياة وقبورهم بعد الوفاة لأنه إذا جازت زيارتهم بعد الوفاة، ففى الحياة أولى، وقد قال الله تعالى وصاحبهما في الدنيا معروفاً، وفيه النهي عن الاستغفار للكفار
ഇതാണ് നവവി ഇമാമിൻ്റെ പ്രസ്തുത വ്യാഖ്യാനം. ഇതിൻ്റെ ബാഹ്യം നോക്കുമ്പോൾ ഇത് നബി തങ്ങളുടെ ഉമ്മ കാഫിർ ആണ് എന്ന് തെറ്റിദ്ധരിക്കാം, അതുകൊണ്ടാണ് പറയുന്നത് മഹാന്മാരുടെ വാക്കുകൾ നമുക്ക് എപ്പോഴും മനസ്സിലാകില്ല എന്ന്. ഈ ബാഹ്യ വശം നോക്കീട്ട് ആളുകൾ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി മുസ്ലിമിന് വ്യാഖ്യാനം എഴുതിയ അല്ലാമാ ഉബ്ബി ഇതിനെ ശക്തമായി വിമർശിക്കുന്നുണ്ട്.
ഏതായാലും ഇതിൻ്റെ ബാഹ്യമായ വശം മാത്രമാണിത്. പക്ഷെ യാഥാർത്ഥ്യം മറ്റൊന്ന് ആയിരിക്കാം. ശർഹുൽ കബീറിൽ പറഞ്ഞ പോലെ “നബി തങ്ങളിൽ വിശ്വസിക്കാത്ത മുവഹിദത്തായ ഉമ്മക്ക് വേണ്ടി ഇസ്‌തിഗ്‌ഫാർ ചൊല്ലരുത് എന്ന് പറഞ്ഞത് കൊണ്ട് കാഫിരീങ്ങൾക്ക് വേണ്ടി ഒരിക്കലും ഇസ്‌തിഗ്‌ഫാർ ചൊല്ലരുത് എന്ന ഖിയാസ് ആണ് നവവി ഇമാം ലക്ഷ്യമാക്കിയത്. അല്ലാതെ നബി തങ്ങളുടെ ഉമ്മ കാഫിർ ആണ് എന്നല്ല”
قياس الأعلى على الأدنى فإنه إن لم يأذن له في الاستغفار الأمه الموحدة الخالية حينئذ عن الإيمان به فالكفار والمشركون أولى بعدم الإذن بل بالمنع فتأمل : (شرح الكبير (۲۲۳)
ഇതാണ് ശർഹുൽ കബീറിൽ പ്രസ്തുത ഇബാറത്.
ചോദ്യം
നബി തങ്ങളുടെ മാതാപിതാക്കളെ പുനർ ജീവിപ്പിച്ചിട്ടുണ്ടോ...? എന്താണ് വസ്തുത...?
മറുപടി
അതെ. ഉണ്ട്. ഈ സംഭവം വിവിധ കിതാബുകളിൽ ആഇഷാ ബീവിയിൽ നിന്നും ഉദ്ധരിച്ചത് കാണാം.
ഖത്വീബുൽ ബഗ്ദാദീ, ഇമാം ഖുത്വ്‌നി, ഇബ്‌നു അസാകിർ, ഇബ്‌നുൽ മുനീർ, ഇമാം സുഹൈലീ തുടങ്ങിയ പൗര പ്രമുഖർ ഈ സംഭവം അവരുടെ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. കൂടാതെ ഇമാം ഖുർത്വൂബി, ഇമാം ത്വബ്‌രീ തുടങ്ങിയവരും ഇക്കാര്യം രേഖപ്പെടുത്തി.
ചോദ്യം
മുല്ലാ അലിയുൽ ഖാരി, ഈ മഹാൻ്റെ അഭിപ്രായം എന്തായിരുന്നു...? പിന്നീട് ഈ ആശയത്തിൽ നിന്നും മാറിയോ...?
മറുപടി
അതെ, മുല്ല അലിയുൽ ഖാരി ഈ വാദക്കാരൻ ആയിരുന്നു.
كتاب أدلة معتقد أبي حنيفة في أبوي الرسول عليه الصلاة والسلام എന്ന കിതാബിലൂടെ ആണ് ഈ ആശയം വളർത്തിയത്. ഈ കിത്താബിൽ സുയൂത്തി ഇമാമിനെയും ഇബ്ൻ ഹജ്റിനെയും റദ്ദ് ചെയ്യാൻ പ്രത്യേക ബാബുകൾ ഉണ്ട് عبارة الإمام أبي حنيفة والتعليق عليها. ഇതാണ് ഈ കിതാബിലെ ആദ്യ ബാബ്. നബിയുടെ മാതാപിതാക്കൾ അവിശ്വാസികളായാണ് മരണപ്പെട്ടത് എന്ന് ഇമാം അബൂ ഹനീഫ പറഞ്ഞിട്ടുണ്ട് എന്ന് സമർത്ഥിക്കുകയാണ് ഈ ബാബിലൂടെ. എന്നാൽ അല്ലാമാ ബാജൂരി ഹാഷിയത്തു അൽ ബാജൂരിയിൽ പറയുന്നു: അങ്ങനെ ഒരു വാദം അബൂ ഹനീഫ ഇമാമിന് ഉണ്ടായിരുന്നില്ല അത് അദ്ദേഹത്തിൻ്റെ പേരിൽ ആരോ കടത്തി കൂട്ടിയതാണ്. (ഹാഷിയത്ത് അൽ ബാജൂരി 20)
ശേഷം, അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ എന്നും ബാജുരി ഇമാം ദുആ ചെയ്യുന്നു. അല്ലാമാ സിന്ദീ ത്വവാലിഉൽ അൻവാർ എന്നാ ഗ്രന്ഥത്തിൽ പറയുന്നു ഖാരിയുടെ മയ്യത്ത് കുളിപ്പിച്ചപ്പോൾ നാവ് മുറിക്കപ്പെട്ടതായി കണ്ടു. അത് നബി തങ്ങളുടെ മാതാപിതാക്കൾ നരകത്തിലാണ് എന്ന ആശയം സമർത്ഥിക്കാൻ വേണ്ടി ഗ്രന്ഥരചന നടത്തിയതിന് ശിക്ഷയായി ലഭിച്ചതാണ് എന്ന് മയ്യത്ത് കുളിപ്പിച്ച ആളെ സ്വപ്‌നത്തിലൂടെ അറിയിച്ചു. ഇങ്ങനെ ഒരു ഗ്രന്ഥം എഴുതീട്ടുണ്ടങ്കിലും അദ്ദേഹം അവസാനം എഴുതിയ കിത്താബ് ആണ് കിത്താബ് അഷിഫയുടെ വ്യാഖ്യാനം. ഈ കിതാബിലൂടെ അദ്ദേഹം അദ്ദേഹത്തിൻ്റെ ആശയം മാറ്റി. സുയൂത്തി ഇമാമിനോട് യോജിച്ചു. എന്നാല് റഫീഖ് സലഫി പറയുന്നു, അങ്ങനെ ഒരു ആശയമാറ്റം സംഭവിച്ചിട്ടില്ല എന്ന്. അദ്ദേഹം അതിനു വേണ്ടി കിതാബിൻ്റെ കയ്യെഴുത്ത് പ്രതി കൊണ്ട് വന്നു. ഇത് കയ്യോടെ പിടികൂടി. യഥാർഥത്തിൽ ഖാരി ഈ ആശയത്തിൽ നിന്നും മാറിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കിത്താബ് തഹ്ഖീഖ് ചെയ്ത പണ്ഡിതൻ സത്യത്തിലേക്ക് ഉള്ള മടക്കം എന്ന തലക്കെട്ടിൽ അല്പം ഖാരിയുടെ ആശയ മാറ്റത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇതിൽ നിന്നും മനസ്സിലാക്കാം ഖാരി തീർച്ചയായും മാറിയിട്ടുണ്ട് എന്ന്. ഖാരി വഫാത് ആയപ്പോൾ അദ്ദേഹത്തിൻ്റെ നാവ് മുറിഞ്ഞു എന്നത് ശരി തന്നെ, എന്നിരുന്നാൽ പോലും ഖാരിയെ വിലകുറച്ച് കാണാൻ പാടില്ല. പരലോകത്ത് വെച്ച് ശിക്ഷിക്കാതിരിക്കാൻ വേണ്ടിയായിരിക്കും അല്ലാഹു അങ്ങനെ ചെയ്‌തത്. ഒരുപക്ഷേ ഖാരിക്ക് ശിക്ഷ ഉണ്ടായിരിക്കില്ല, വരാനിരിക്കുന്ന വഹാബി സമൂഹത്തിന് ഒരു പാഠമായിക്കോട്ടെ എന്ന നിലക്ക് ആയിരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടാവുക. ഈ വിഷയം ( ഖാരിയുടെ നാവ് മുറിക്കപ്പെട്ട വിഷയം) നാം കൈകാര്യം ചെയ്യേണ്ടതല്ല.