ഇസ്‌ലാമിന്റെ ആശയങ്ങളും പ്രമാണങ്ങളും കടമെടുത്തു പുതിയ ഒരു മതം ഉണ്ടാക്കാനുള്ള ശ്രമം പലരും നടത്തിയിട്ടുണ്ട്. ഇതിൽ പലരും മുഹമ്മദ് നബി സ്വ.യോടെ പ്രവാചകപരമ്പര അവസാനിച്ചിട്ടില്ലെന്നും, മനുഷ്യരാശിക്കു പുതിയ കാലഘട്ടത്തിൽ ആവശ്യമായ പുതിയ നിയമങ്ങളുമായി നബിയായി വന്ന ആളാണ് താനെന്നും പറഞ്ഞാണ് രംഗത്ത് വന്നത്.
ശിയാക്കളിലെ ശൈഖി (Shaykhi) ചിന്താധാരയിൽ വളർന്നുവന്ന ബാബ് അലി മുഹമ്മദ് ഷിർബാസി 1844-ൽ ഇത്തരം ഒരു വാദവുമായി രംഗത്ത് വന്നിരുന്നു. താൻ നബിയാണ് എന്നും തനിക്കു ശേഷം ദൈവം അയക്കുന്ന 'മറ്റൊരു വലിയ പ്രവാചകനു' വഴിയൊരുക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്നും വാദിച്ച ഇദ്ദേഹം വിശുദ്ധ ഖുർആനിനു പകരം 'ബയാൻ' എന്ന പേരിൽ ഒരു വേദഗ്രന്ഥവും അവതരിപ്പിച്ചു. 1850-ൽ ഇദ്ദേഹത്തിന്റെ മരണ ശേഷം, അനുയായികളിൽ ഭൂരിഭാഗവും മിർസ ഹുസൈൻ അലി നൂരി (ബഹാഉള്ള) യിൽ വിശ്വസിച്ചു. ബാബ് പ്രവചിച്ച "ദൈവം വെളിപ്പെടുത്തുന്നവൻ" താനാണെന്ന് 1863-ൽ ബഹാഉള്ള പ്രഖ്യാപിച്ചു. ഇതാണ് പിന്നീട് ബഹായി മതം ആയി മാറിയത്.
ഇതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ മിർസ ഗുലാം അഹ്മദ് (1835-1908) ഒരു മതം സ്ഥാപിച്ചു. ഈ മതക്കാർ സാധാരണ ഗതിയിൽ മിർസയുടെ ജന്മ ദേശത്തേക്ക് ചേർത്തു ഖാദിയാനിസം എന്ന പേരിലാണ് അറിയപ്പെടുന്നത്. (പിൽക്കാലത്ത് അഹ്‌മദികൾ, ഖാദിയാനികൾ എന്നിങ്ങനെ രണ്ടായി പിരിഞ്ഞതിനെ കുറിച്ചു വഴിയേ പറയാം). ഇസ്‌ലാമിലേക്കു ജനങ്ങളെ ക്ഷണിക്കുന്ന ഒരു പ്രബോധകനായാണ് അദ്ദേഹം പ്രവർത്തനങ്ങൾ ആരംഭിച്ചത്. അനുയായികൾ ഉണ്ടായിത്തുടങ്ങിയപ്പോൾ, താൻ അല്ലാഹുവിനാൽ പ്രചോദിപ്പിക്കപ്പെട്ട ഒരു മുജദ്ദിദ് (നവോത്ഥാന നായകൻ) ആണെന്ന് അവകാശപ്പെട്ടു. പിന്നീട് ഒരു പടി കൂടി കടന്നു താൻ 'പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയും' 'വാഗ്ദത്ത മിശിഹാ'യുമാണെന്നു പറയാൻ തുടങ്ങി. പിന്നീട് താൻ തന്നെ ഒരു നബിയാണ് എന്നു അവകാശപ്പെട്ടു. അങ്ങനെ, അദ്ദേഹം പതിയെപ്പതിയെ തൻ്റെ അവകാശവാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നു. മുഹമ്മദ് നബി സ്വ.ക്ക് ശേഷവും പുതിയ പ്രവാചകന്മാർ വരാമെന്നു വാദിക്കുകയും അവിടുത്തെ ഖത്മുന്നുബുവ്വ / പ്രവാചകത്വ പരിസമാപ്തിയെ നിഷേധിക്കുകയും ചെയ്തു.
ഇസ്‌ലാമിൽ പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതു സംബന്ധിച്ച് അഭിപ്രായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും ഉന്നയിച്ച പല അവാന്തര വിഭാഗങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, തർക്കരഹിതവും വിട്ടുവീഴ്ചയില്ലാത്തതുമായ അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണു മുഹമ്മദ് നബി സ്വ. അല്ലാഹുവിൻ്റെ അന്ത്യപ്രവാചകനാണ് എന്നത്. വിശുദ്ധ ഖുർആനും തിരുഹദീസുകളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണിത്. ദിവ്യവെളിപാട് (വഹ്‌യ്) ശാശ്വതമായി നിലച്ചിരിക്കുന്നു. ഇത് ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാന തത്വമാണ്. ഇത് ഏതെങ്കിലും അർഥത്തിൽ വ്യാഖ്യാനങ്ങൾക്കു വിധേയമല്ലാത്ത വിധം ഖണ്ഡിതമാണ്. മുഹമ്മദ് നബി സ്വ.ക്ക് ശേഷം പ്രവാചകനാണെന്ന് അവകാശപ്പെടുന്ന, അല്ലെങ്കിൽ അവിടുത്തേക്കു ശേഷം മറ്റൊരു പ്രവാചകനിൽ വിശ്വസിക്കുന്ന ഒരാളും ആദ്യകാല മുസ്‌ലിംകൾ മുതൽക്കുള്ള പണ്ഡിതന്മാരുടെ ഏകോപിത അഭിപ്രായപ്രകാരം (ഇജ്‌മാഅ്) മുസ്‌ലിമല്ല.
മുസ്‌ലിം ആകുക എന്നത് വെറുമൊരു സ്വത്വത്തിൻ്റെ (Identity) കാര്യമല്ല. മുസ്‌ലിം ആകുക എന്നതിനർത്ഥം ഇസ്‌ലാമിൻ്റെ എല്ലാ അടിസ്ഥാന തത്വങ്ങളെയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്. വീഗൻ (സസ്യാഹാരി) ആകുക എന്നതിനർത്ഥം സസ്യാഹാര നിയമങ്ങൾ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത് പോലെയാണത്. മാംസം കഴിക്കുന്ന ഒരാൾ സ്വയം വീഗൻ ആണെന്ന് വിളിച്ചാൽ, വീഗൻ സമൂഹം ആ അവകാശവാദം ഒരിക്കലും അംഗീകരിക്കില്ല. കാരണം, വീഗൻ ആയിരിക്കുക എന്നതിൻ്റെ അടിസ്ഥാന ആശയമായ സസ്യാഹാരം മാത്രം കഴിക്കുകയും പാൽ, മുട്ട, തേൻ, മത്സ്യം, മാംസം, തുകൽ, കമ്പിളി തുടങ്ങി മൃഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ജെലാറ്റിൻ, ചിലതരം സോപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ ഉൾപ്പടെ എല്ലാത്തരം അനിമൽ പ്രോഡക്റ്റുകളും പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുക എന്നതിനെ അയാൾ ലംഘിക്കുന്നു. ഇതുപോലെയാണ് തിരുനബി സ്വ.യുടെ അന്ത്യപ്രവാചകത്വത്തെ നിഷേധിക്കുന്നവർ മുസ്‌ലിംകളാണ് എന്നും വാദിക്കുന്നതും. വെറും അവകാശ വാദം കൊണ്ടു മാത്രം ഒരാളും മുസ്‌ലിമാവുന്നില്ല.
സയ്യിദുനാ മുഹമ്മദ് നബി സ്വ.ക്കു ശേഷം ഇനിയൊരു നബിയും വരില്ല എന്ന ആശയം, ചിലയാളുകൾ പ്രചരിപ്പിക്കുന്നതു പോലെ, മുസ്‌ലിം പണ്ഡിതന്മാർ ചമച്ചുണ്ടാക്കിയതല്ല. പ്രത്യുത, ഇസ്‌ലാമിക നിയമത്തിൻ്റെ പ്രാഥമിക സ്രോതസ്സുകളായ ഖുർആനിലും ഹദീസുകളിലും ഖണ്ഡിതമായി വന്നിട്ടുള്ളതാണ്. ഏതാനും ഉദാഹരണങ്ങൾ പറയാം:
"മുഹമ്മദ് നിങ്ങളിലെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവല്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." (ഖുർആൻ 33:40).
തീർച്ചയായും താൻ അന്ത്യപ്രവാചകനാണെന്നു തെളിയിക്കുന്ന, വ്യാഖ്യാനത്തിന് പഴുതില്ലാത്ത നിരവധി പ്രസ്താവനകൾ അവിടുന്നു നടത്തിയിട്ടുണ്ട്:
"എനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അത് ഉമറു ബ്നുൽ ഖത്താബ് ആകുമായിരുന്നു" (തിർമിദി).
"മുപ്പത്തോളം വ്യാജന്മാർ പ്രത്യക്ഷപ്പെടുകയും അവരെല്ലാം അല്ലാഹുവിൻ്റെ ദൂതന്മാരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല" (ബുഖാരി).
"എനിക്ക് ചില പേരുകളുണ്ട്: ഞാൻ മുഹമ്മദ് ആകുന്നു, ഞാൻ അഹ്മദ് ആകുന്നു, ഞാൻ അൽ-മാഹി (ദൈവനിഷേധത്തെ മായ്ച്ചു കളയുന്നവൻ) ആകുന്നു, ഞാൻ അൽ-ഹാഷിർ (ജനങ്ങളെ സത്യവിശ്വാസത്തിൽ ഒരുമിച്ചുകൂട്ടുന്നവൻ) ആകുന്നു, ഞാൻ അൽ-ആഖിബ് ആകുന്നു (എനിക്ക് ശേഷം മറ്റൊരു പ്രവാചകനില്ലാത്തവൻ)" (തിർമിദി).
"ഇസ്രായേൽ ജനത്തെ ഭരിച്ചിരുന്നതും നയിച്ചിരുന്നതും പ്രവാചകന്മാരായിരുന്നു: ഒരു പ്രവാചകൻ മരിക്കുമ്പോൾ മറ്റൊരു പ്രവാചകൻ ആ സ്ഥാനം ഏറ്റെടുക്കുമായിരുന്നു. എനിക്ക് ശേഷം പ്രവാചകൻ ഉണ്ടാകില്ല, എന്നാൽ ഖലീഫമാർ ഉണ്ടാകും, അവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും" (ബുഖാരി).
അവിടുന്നു തൻ്റെ പിതൃവ്യപുത്രനും മരുമകനുമായ അലി റ.വിനോടു പറഞ്ഞു: "മൂസയ്ക്ക് ഹാറൂൺ എന്നപോലെ നീ എനിക്കായിരിക്കുന്നതിൽ നിനക്ക് തൃപ്തിയില്ലേ? എന്നാൽ എനിക്ക് ശേഷം പ്രവാചകൻ ഉണ്ടായിരിക്കുന്നതല്ല" (ബുഖാരി).
അവിടുത്തെ എല്ലാ അനുചരന്മാരും അവസരോചിതമായി ഈ വസ്തുത ജനങ്ങളെ പഠിപ്പിച്ചിരുന്നു. അവിടുത്തെ മകനായ ഇബ്രാഹിമിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സ്വഹാബി മറുപടി നൽകിയത് ഇപ്രകാരമാണ്: "അദ്ദേഹം ചെറുപ്പത്തിൽ തന്നെ മരിച്ചു. അവിടുത്തേക്കു ശേഷം ഒരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അവിടുത്തെ മകൻ ജീവിച്ചിരിക്കുമായിരുന്നു, എന്നാൽ അവിടുത്തേക്കു ശേഷം ഒരു പ്രവാചകനില്ല" (ബുഖാരി).
തനിക്ക് ശേഷം വരുമെന്ന് തിരുനബി സ്വ. പറഞ്ഞ ഒരേയൊരു പ്രവാചക വ്യക്തിത്വം ഈസാ നബി അ. മാത്രമാണ്: "മറിയമിൻ്റെ മകൻ നിങ്ങളുടെ ഇടയിൽ നീതിമാനായ ഒരു ഭരണാധികാരിയായി ഇറങ്ങിവരുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല" (ബുഖാരി).
"മറിയമിൻ്റെ മകൻ ഈസാ ഡമാസ്കസിന് കിഴക്കുള്ള വെള്ള മിനാരത്തിൽ ഇറങ്ങും" (അബു ദാവൂദ്).
ഖാദിയാനി മതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മിർസ ഗുലാം അഹ്മദ് ഇക്കാര്യം അംഗീകരിച്ച് കൊണ്ടായിരുന്നു രംഗത്ത് വന്നത്:
“میں سنیوں کے تمام عقائد پر ایمان رکھتا ہوں، قرآن و حدیث کے مطابق ہر چیز کو تسلیم کرتا ہوں۔ محمدﷺ تمام انبیاء میں آخری ہیں اور ان کے بعد نبوت کا دعویٰ کرنے والا ہر شخص دجال اور کافر ہے۔ یہ میرا عقیدہ ہے کہ آدم سے محمدﷺ تک نبوت ختم ہو گئی۔”
"സുന്നികളുടെ വിശ്വാസത്തിൻ്റെ എല്ലാ കാര്യങ്ങളിലും ഞാൻ വിശ്വസിക്കുന്നു, ഖുർആനും ഹദീസും അനുസരിച്ചുള്ള എല്ലാം ഞാൻ അംഗീകരിക്കുന്നു. മുഹമ്മദ് എല്ലാ പ്രവാചകന്മാരിലും അവസാനത്തെയാളാണെന്നും അദ്ദേഹത്തിന് ശേഷം പ്രവാചകത്വത്തിന് അവകാശവാദമുന്നയിക്കുന്ന ഏതൊരാളും വഞ്ചകനും കാഫിറും ആണെന്നുമുള്ള സിദ്ധാന്തം ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു. ആദമിൽ തുടങ്ങി മുഹമ്മദ് നബി സ്വ.യോടെ പ്രവാചകത്വത്തിൻ്റെ വെളിപാടുകൾ അവസാനിച്ചു എന്നതാണ് എൻ്റെ വിശ്വാസം." (മജ്‌മുഅ ഇസ്‌തഹാറാത്, പേജ് 230-231; തബ്‌ലീഗേ രിസാലത്ത്, വാല്യം 2, പേജ് 2).
“جس شخص نے ختم نبوت کے عقیدے کو انکار کیا وہ کافر ہے اور اسلام کے دائرے سے باہر ہے۔”
"അന്ത്യപ്രവാചക സിദ്ധാന്തത്തെ നിരാകരിക്കുന്ന മനുഷ്യൻ അവിശ്വാസിയും ഇസ്ലാം മതത്തിന് പുറത്താണെന്നും ഞാൻ കരുതുന്നു." (തബ്‌ലീഗേ രിസാലത്ത്, വാല്യം 2, പേജ് 44).
“محی الدین ابن عربي نے لکھا کہ شریعت والا نبوت محمدﷺ پر ختم ہو گئی، لیکن غیر شریعت والا نبوت ختم نہیں ہوا۔ لیکن میں یہ مانتا ہوں کہ ہر قسم کی نبوت کے دروازے بند ہو چکے ہیں۔”
"മുഹ്യുദ്ദീൻ ഇബ്നുൽ അറബി എഴുതിയത് ‘നിയമദായകമായ പ്രവാചകത്വം’ മുഹമ്മദ് നബി സ്വ.യോടെ അവസാനിച്ചു, എന്നാൽ നിയമദായകമല്ലാത്ത പ്രവാചകത്വം അവസാനിച്ചിട്ടില്ല എന്നാണ്*. എന്നാൽ എല്ലാത്തരം പ്രവാചകത്വങ്ങളിലേക്കുമുള്ള വാതിലുകൾ അടഞ്ഞുകഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു." (മൽഫൂളത്, അൽഹകം, ഏപ്രിൽ 10, 1903).
1914-ൽ അഹ്മദികൾ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു: ലാഹോറി അഹ്മദികൾ, ഖാദിയാനി അഹ്മദികൾ. ലാഹോറികൾ മിർസ ഗുലാം അഹ്മദിനെ ഒരു പ്രവാചകനായി അംഗീകരിക്കുന്നില്ല, മറിച്ച് മുജദ്ദിദും പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയുമാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ, ഖാദിയാനികൾ അദ്ദേഹം മുഹമ്മദ് നബി സ്വ.ക്ക് ശേഷമുള്ള നബിയാണ് എന്നാണ് വിശ്വസിക്കുന്നത്.
*NB: ഇബ്നു അറബി അവർകൾ ഖത്മുന്നുബുവ്വയെ നിഷേധിച്ചിട്ടില്ല. അദ്ദേഹം പതിവായി ഉപയോഗിക്കാറുള്ള രൂപകഭാഷയിൽ വിലായത് എന്ന പദവിയെ സംബന്ധിച്ചാണ് സംസാരിക്കുന്നത്.
തിരുനബി സ്വ.യുടെ അന്ത്യപ്രവാചകത്വത്തെ കുറിച്ച് വന്നിട്ടുള്ള ഖുർആനിലെയും ഹദീസുകളിലെയും സുവ്യക്തമായ വചനങ്ങൾ അക്ഷരാർത്ഥത്തിലല്ല (literal) ആലങ്കാരികമായാണ് (metaphorical) എന്നാണ് അഹ്മദികളുടെ വാദം. അവിടുത്തേക്കു ശേഷം പുതിയ പ്രവാചകന്മാരെ അയക്കാനും അവർക്ക് വെളിപാടുകൾ (വഹ്‌യ്) നൽകാനും അല്ലാഹുവിനു കഴിയുമെന്നും, എന്നാൽ അവർ അവിടുത്തേക്കു കീഴ്പെട്ടവരായിരിക്കണമെന്നും, അതിനാൽ അവിടുത്തേക്കു ഇറക്കപ്പെട്ട ദിവ്യനിയമത്തിൽ മാറ്റം വരുത്താൻ അവർക്ക് കഴിയില്ലെന്നുമൊക്കെയാണ് ഇവർ പറയുന്നത്. ഇതിനു ഉപോത്ബകാലമായി യേശുവിൻ്റെ രണ്ടാം വരവിനെക്കുറിച്ചുള്ള ഹദീസ് ഉദ്ധരിക്കുന്നു. പ്രസ്തുത ഹദീസുകളും പ്രകൃത്യാ അക്ഷരാർത്ഥത്തിലല്ലെന്നും, മിർസ ഗുലാം തൻ്റെ വ്യക്തിത്വത്തിൽ മഹ്ദിയെ കുറിച്ചും യേശുവിൻ്റെ രണ്ടാം വരവിനെ പറ്റിയുമുള്ള എല്ലാ പ്രവചനങ്ങളും പൂർത്തീകരിച്ചു എന്നുമാണ് പ്രചാരണം.
ഒരു കാര്യം പ്രത്യേകം ഓർത്തിരിക്കുക: വിശുദ്ധ ഖുർആനോ ഹദീസോ നിഗൂഢമായ എന്തോ കോഡുകളിൽ എഴുതപ്പെട്ടവയല്ല, അവയിൽ മറഞ്ഞിരിക്കുന്ന അർത്ഥങ്ങൾ കണ്ടെത്താൻ ഡീകോഡ് ചെയ്യേണ്ട ആവശ്യമില്ല. മറിച്ച്, അല്ലാഹുവും അവൻ്റെ ദൂതനും തങ്ങൾ പറയുന്ന കാര്യങ്ങളിൽ സ്പഷ്ടതയും വ്യക്തതയുള്ളവരുമായിരുന്നു. ഖുർആനിലെയും ഹദീസുകളിലെയും സന്ദേശങ്ങൾ സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, അവ സാധാരണ ഗതിയിൽ ആലങ്കാരികമായി സംസാരിക്കുന്നില്ല. അപൂർവമായി ഇല്ലെന്നല്ല, ഉള്ളതു അങ്ങനെയാണെന്ന് സൂചിപ്പിക്കുന്ന ബുദ്ധിപരമോ പ്രാമാണികമോ ആയ വ്യക്തമായ സൂചനകളുള്ള ചില ഇടങ്ങളുണ്ട്. അതേസമയം ഭൂരിഭാഗം കാര്യങ്ങളും അക്ഷരാർത്ഥത്തിൽ തന്നെയാണ്. അതുകൊണ്ടാണ് ഖുർആനിൽ അല്ലാഹു വ്യക്തമായി പറയുന്നത്: "അവനാണ് അങ്ങേക്കു വേദഗ്രന്ഥം അവതരിപ്പിച്ചുതന്നത്. അതില്‍ സുവ്യക്തമായ വചനങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്‍റെ കാതല്‍. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്." (ഖുർആൻ 3:7).
ഖുർആനിലോ ഹദീസിലോ വന്നിട്ടുള്ള ഏതെങ്കിലും പ്രസ്താവന പ്രത്യക്ഷാർഥത്തിനു സാധ്യത ഉണ്ടെങ്കിൽ അതു തന്നെയാണ് പരിഗണിക്കേണ്ടത്. ആലങ്കാരികമായിട്ടു മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു പറയണമെങ്കിൽ പ്രത്യക്ഷാർഥം ഉപയോഗിക്കാതിരിക്കാൻ മൗലികമായി സാധിക്കാതിരിക്കണം. ഉദാഹരണത്തിന് തിരുനബി സ്വ. പഠിപ്പിച്ചു തന്ന വിശ്വാസ രീതി അനുസരിച്ച് യാതൊരു വിധ പ്രാപഞ്ചിക ഗുണങ്ങളും ഇല്ലാത്തവനാണ് അല്ലാഹു. അവനു സൃഷ്ടിസഹജമായ ഗുണങ്ങളുണ്ടെന്നു തോന്നിപ്പിക്കുന്ന വാക്കുകളെ നാം ആലങ്കാരികമായി കാണുന്നു. ഇങ്ങനെയല്ലെങ്കിൽ, മതഗ്രന്ഥങ്ങളിലെ എന്തും ആർക്കും ഏത് അർത്ഥത്തിലും വ്യാഖ്യാനിക്കാമെന്നു വരും.
രസകരമെന്നു പറയട്ടെ, പ്രവാചകനാണെന്നും വഹ്‌യ് ലഭിക്കുന്നുണ്ടെന്നും മിർസ ഗുലാം നടത്തിയ എല്ലാ വ്യക്തമായ പ്രസ്താവനകളും കേവലം ആലങ്കാരികമാണെന്നും അക്ഷരാർത്ഥത്തിലല്ലെന്നും ലാഹോറി വിഭാഗം വിശ്വസിക്കുന്നു. തീർച്ചയായും, ഖാദിയാനി വിഭാഗം അവരുടെ ഈ ‘വ്യാഖ്യാനം’ അംഗീകരിക്കുന്നില്ല, അവർ മിർസ ഗുലാമിന്റെ പ്രസ്താവനകളെ അക്ഷരാർത്ഥത്തിൽ തന്നെ മനസ്സിലാക്കുകായും അദ്ദേഹം നബിയാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഹദീസിലെ ദീർഘവീക്ഷണം നോക്കൂ, ഈസാനബിയുടെ രണ്ടാം വരവിനെ കുറിച്ച് തിരുനബി സ്വ. മറിയമിൻ്റെ മകൻ എന്നു പേരെടുത്താണു പരാമർശിച്ചത്. അതു ഒരിക്കലും ചിരാഗ് ബീബിയുടെ പുത്രനായ മിർസ ഗുലാം അല്ല. മുഹമ്മദ് നബി സ്വ.യോടെ പ്രവാചകത്വത്തിൻ്റെ വാതിൽ അടയുന്നു എന്ന വ്യക്തമായ പ്രമാണങ്ങൾക്ക് ഈസാനബിയുടെ രണ്ടാം വരവ് വിരുദ്ധമല്ല. ഹദീസുകളിൽ തന്നെ വ്യക്തമായി പരാമർശിക്കപ്പെട്ടിട്ടുള്ള പോലെ, മുഹമ്മദ് നബി സ്വ.യുടെ അനുയായിയായി, നീതിമാനായ ഭരണാധികാരിയായിട്ടാണ്, പ്രവാചകനായിട്ടല്ല അദ്ദേഹത്തിന്റെ രണ്ടാം നിയോഗം. എന്നാൽ അവിടുത്തേക്കു ശേഷം ഒരു പുതിയ പ്രവാചകൻ ഉണ്ടാകുന്നതു പ്രമാണ വിരുദ്ധമാണ്. അതുകൊണ്ടാണ് തനിക്ക് ശേഷം ഒരു പ്രവാചകൻ ഉണ്ടായിരുന്നെങ്കിൽ അത് ഉമർ ആകുമായിരുന്നു എന്ന് അവിടുന്ന് തന്നെ അരുളിയത്.
ഇസ്‌ലാമിക ചരിത്രത്തിലുടനീളം സ്വയം പ്രഖ്യാപിത മഹ്ദിമാർ പലരും ഉണ്ടായിട്ടുണ്ട്. അവർ മതവിരുദ്ധമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നിടത്തോളം മുസ്‌ലിംകൾ അവരെ മതത്തിൽ നിന്ന് പുറത്താക്കിയില്ല (excommunicate), മറിച്ച് അവർ വഴിപിഴച്ചവരാണെന്ന് (deviant) മാത്രമേ പറഞ്ഞുള്ളൂ. എന്നാൽ മുഹമ്മദ് നബി സ്വ.യുടെ വിയോഗത്തിന് ശേഷം പ്രവാചകത്വം അവകാശപ്പെട്ട ഓരോ വ്യക്തിയെയും – അവിടുത്തെ ജീവിതാവസാന കാലത്ത് മുസൈലിമയെപ്പോലുള്ള പലരും രംഗത്തു വന്നിരുന്നല്ലോ - മുസ്‌ലിംകൾ അവരെ എല്ലാവരെയും മതഭ്രഷ്ടരായിട്ടാണ് മനസ്സിലാക്കിയത്. മിർസ ഗുലാമും ഇതിൽ നിന്ന് വ്യത്യസ്തനല്ല.
ഞങ്ങൾ ശഹാദത്ത് ചൊല്ലുന്നവരാണ് എന്നു പറയുന്ന അഹ്മദികൾ തങ്ങളുടെ പ്രവൃത്തിപഥത്തിൽ ഈ വിശ്വാസ സാക്ഷ്യത്തിനു വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. മുഹമ്മദ് നബി സ്വ. അല്ലാഹുവിൻ്റെ അവസാനത്തെ പ്രവാചകനായിരുന്നു. പുതിയ നിയമത്തോടു കൂടിയോ അല്ലെങ്കിൽ അവിടുത്തേക്കു കീഴിലോ ആരും ഇനി നബിയായി വരാനില്ല. ഇതിന് വിരുദ്ധമായി വിശ്വസിക്കുന്നവർ മുസ്‌ലിംകളല്ല. "അല്ലാഹുവല്ലാതെ ആരാധനയ്‌ക്ക് അർഹനായ മറ്റൊരു ദൈവവുമില്ലെന്നു ഞാൻ വിശ്വസിക്കുന്നു, എന്നാൽ അല്ലാഹുവിനു കീഴിലുള്ള ഉപദൈവങ്ങളിൽ ഞാൻ വിശ്വസിക്കുന്നു" എന്നു പറയുന്നതിന് തുല്യമാണിത്.
മിർസ ഗുലാമിനെ നബിയായി വിശ്വസിക്കാത്തവരെ ഇവരുടെ പല രചനകളും മതഭ്രഷ്ടരാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മിർസ ഗുലാം തന്നെയും അഹ്മദി മതത്തിൻ്റെ പല നേതാക്കന്മാരും അവരുടെ സ്വന്തം എഴുത്തുകളിൽ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തരം, തങ്ങളെ സഹമുസ്‌ലിംകളായി അംഗീകരിക്കാത്തതിനും മതഭ്രഷ്ടരാക്കുന്നതിനും എതിരെ മുസ്‌ലിം ലോകത്തിനെതിരെ പരാതിപ്പെടുന്നത് വിരോധാഭാസമാണ്.
മിർസ ഗുലാമിൻ്റെ ജീവിതകാലത്ത് തന്നെ അദ്ദേഹത്തെ എതിർത്തവരിൽ പ്രമുഖനായിരുന്നു ശയ്ഖ് അബുൽ വഫ സനാഉല്ല അമൃത്സർ. അദ്ദേഹം മിർസയുമായി സംവാദം നടത്തുകയും അദ്ദേഹത്തിൻ്റെ വാദങ്ങളെ ഖണ്ഡിക്കുകയും അദ്ദേഹത്തിൻ്റെ ഗൂഢലക്ഷ്യങ്ങളെയും വിശ്വാസ ത്യാഗത്തെയും വഴിപിഴച്ച മാർഗത്തെയും തുറന്നുകാട്ടുകയും ചെയ്തു. മിർസ ഗുലാം തൻ്റെ നിലപാടുകളിൽ നിന്ന് മാറാതിരുന്നപ്പോൾ, ശയ്ഖ് അബുൽ വഫ അദ്ദേഹത്തെ ഒരു മുബാഹലയ്ക്ക് (പരസ്പരം ശാപപ്രാർത്ഥന നടത്താൻ) വെല്ലുവിളിച്ചു. കള്ളം പറയുന്നവൻ സത്യം പറയുന്നവന്റെ ജീവിതകാലത്ത് മരിക്കണം എന്നതായിരുന്നു വെല്ലുവിളി. ഏകദേശം ഒരു മാസത്തിനുള്ളിൽ, 1908 മെയ് മാസത്തിൽ മിർസ ഗുലാം അഹ്മദ് മരിച്ചു. ശൈഖ് അബുൽ വഫ ഏകദേശം നാൽപ്പത് വർഷത്തോളം ജീവിച്ചിരിക്കുകയും അക്കാലമത്രയും അഹ്മദികളെ ഖണ്ഡിക്കുന്നത് തുടരുകയും ചെയ്തു.
മിർസ ഗുലാമിന്റെ നുബുവ്വത്ത് വാദം പുറമേ നിരാകരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളിൽ ലാഹോറികൾ ഖാദിയാനികളെപ്പോലെ തന്നെയാണ്. ലാഹോറി വിഭാഗത്തിൻ്റെ സ്ഥാപകനായ മുഹമ്മദ് അലി നടത്തിയ പ്രസ്താവനകൾ ഇതിന് തെളിവാണ്. ഇസ്‌ലാമുമായി യോജിക്കാത്ത വിചിത്രമായ പല വിശ്വാസങ്ങളും ഈ പ്രസ്ഥാനത്തിനുണ്ട്. ആവശ്യമെങ്കിൽ വഴിയെ വിശദീകരിക്കാം. ഇപ്പോൾ അവരെ ഉയർത്തിക്കൊണ്ടു വരാനുള്ള ചിലരുടെ ശ്രമങ്ങൾ മുസ്‌ലിം സമൂഹം വില മതിക്കരുത് എന്നതിനു മതിയായ വിശദീകരണം ആയിട്ടുണ്ടാകുമെന്നു കരുതുന്നു.