Site-Logo
POST

കേരള മുജാഹിദുകളുടെ തുടക്കം മഖ്‌ബറ തകർത്ത്

അസ്‌ലം സഖാഫി പയ്യോളി

|

04 Nov 2023

feature image

ഇബ്നു അബ്ദുൽ വഹാബിന്റെ തീവ്ര ചിന്തയും മുഹമ്മദ് അബ്ദുവിന്റെ യുക്തിവാദവും ഇണങ്ങിചേർന്നതാണല്ലോ കേരള വഹാബിസം. മക്ക മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്നു അബ്ദുൽ വഹാബിന്റെ പാത സ്വീകരിച്ചാണ് ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങളുടെയും തുടക്കം.

മുജാഹിദ് മുഖപത്രം ശബാബ് വാരികയിൽ
ഐക്യ സംഘം നേതാവ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ എഴുതുന്നു. “സ്വന്തം കുടുംബത്തിന്റെ പേരിൽ തന്നെ ഉണ്ടായിരുന്ന ജാറം തകർത്തുകൊണ്ടാണ് ഉപ്പ ഖബറാരാധനക്കെതിരായ പോരാട്ടം തുടങ്ങിവച്ചത്. ഈ ജാറം തകർക്കുകയാണ് ഉപ്പ ആദ്യം ചെയ്തത്. അതിന്റെ കെട്ടുകൾ എല്ലാം തകർത്തു തറനിരപ്പിൽ രണ്ട് മീസാൻ കല്ല് നാട്ടി സാധാരണ ഖബറാക്കി മാറ്റി. സ്വന്തം കുടുംബക്കാരുടെ കബർ തകർത്തതു കൊണ്ട് തന്നെ ചോദ്യം ചെയ്യാനോ എതിർക്കാനോ ആരുമുണ്ടായിരുന്നില്ല.”
(ശബാബ് വാരിക, 2009 മാർച്ച് 20, പേജ് 18)

ഖബർ പൊളിക്ക് തുടക്കം കുറിച്ചത് ഇബ്നു തൈമിയ്യയാണത്രെ. ജാറങ്ങളും മഖ്ബറകളും പുണ്യത്തിനുവേണ്ടി സന്ദർശിക്കാൻ പാടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെട്ടിപ്പൊക്കിയ ഖബറുകൾ അദ്ദേഹം പൊളിച്ചുമാറ്റി. ജനം അദ്ദേഹത്തെ ഒരു കോട്ടക്കുള്ളിൽ അടച്ചുപൂട്ടി. പുസ്തകങ്ങളും മഷിയും എഴുതാനുള്ള ഏടുകളും പുറത്തേക്ക് വലിച്ചെറിഞ്ഞു (MSM സുവനീർ 2007, പേജ്: 133).

ഹിജ്റ 661 ( ക്രി: 1263) കാലഘട്ടത്തിൽ ജീവിച്ച ഇബ്നു തൈമിയക്കുശേഷം ഈ പ്രവർത്തനം ഏറ്റുപിടിച്ചത് ഹിജ്റ 1115 ൽ ജനിച്ച ഇബ്നു അബ്ദുൽ വഹാബാണ്. “ഇബ്നു തൈമിയക്കുശേഷം വീണ്ടും ഇരുട്ടിലായ മുസ്‌ലിം ലോകത്തിന് ഒരു രക്ഷകൻ വന്നത് 1115 (ക്രി 1703) ലാണ്. ഇബ്നു തൈമിയ്യയുടെ ഗ്രന്ഥങ്ങൾ പഠിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉദ്ദാരണ പ്രവർത്തനത്തിനിറങ്ങിയ മഹാനത്രേ നജിദിൽ ഭൂജാതനായ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്. മഹാന്മാരുടെ മഖ്ബറകൾക്ക് പ്രത്യേകം പ്രാധാന്യം കൊടുക്കുന്നത് തെറ്റാണെന്ന് അദ്ദേഹം സമർത്തിച്ചു. മഖ്ബറകൾ പൊളിച്ചു നീക്കി” (എം എസ് എം സുവനീർ
2007, പേജ്: 133 ).

ഇബ്നു അബ്ദുൽ വഹാബിന്റെ ചരിത്രത്തിൽ ഒട്ടേറെ മഹാന്മാരുടെ ഖബറുകൾ പൊളിച്ചു തരിപ്പണമാക്കിയത് മുജാഹിദുകൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബിയായ സൈദുബ്നു ഖത്താബിന്റെ മഖ്ബറ പൊളിച്ച ചരിത്രം കെ എൻ എം പ്രസിദ്ധീകരിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“ജബീല പട്ടണത്തിൽ ഒരു ഖബർ ഉണ്ടായിരുന്നു. അബൂബക്കർ സിദ്ദീഖ് (റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കള്ള പ്രവാചകനായി ചമഞ്ഞ് മുസ്‌ലിം സമൂഹത്തെ എതിർത്ത മുസൈലിമതുൽ കദ്ദാബുമായുള്ള സമരത്തിൽ ശഹീദായ സൈദുബിൻ ഖത്താബിന്റേതായിരുന്നു ആ ഖബർ. അമീർ ഉസ്മാനും അറുനൂറ് അശ്വഭടന്മാരും ഇബ്നു അബ്ദുൽ വഹാബും കൂടി ഭക്തജനങ്ങളുടെ മുന്നിൽ വച്ച് ആ ജാറം നിരപ്പാക്കി (പേജ് : 17 ).


(മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം)

Related Posts